“ഒരിടത്തൊരിടത്ത് നല്ല ചന്തമുള്ള , ഓമനത്തമുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവളൊരു മടിച്ചിയായിരുന്നു. എല്ലാം വിധസൗഭാഗ്യങ്ങളും ഉണ്ടായിരുന്നെങ്കിലും അവളെങ്ങനെ മടിച്ചിയായി…? വലിയ പണക്കാരായിരുന്നു അവളുടെ മാതാപിതാക്കള്‍. ഒരു പാടു വേലക്കാരുണ്ടായിരുന്നു അവരുടെ വീട്ടില്‍. ഈ പെണ്‍കുട്ടിയുടെ എല്ലാക്കാര്യങ്ങളും വളരെ ശ്രദ്ധയോടെ വേലക്കാര്‍ ചെയ്തുകൊടുക്കുമായിരുന്നു. തന്നത്താന്‍ ചെയ്യേണ്ട കൊച്ചുകൊച്ചുകാര്യങ്ങള്‍ പോലും അവളെക്കൊണ്ടുചെയ്യിപ്പിച്ചു ശീലിപ്പിച്ചിരുന്നില്ല അവര്‍. അങ്ങനെയാണ് അവളൊരു ഉഴപ്പിയായത്.
കാലങ്ങള്‍ കടന്നുപോയി. അവള്‍ വളര്‍ന്ന് ഒരു സുന്ദരിയായ യുവതിയായി. പക്ഷേ, ഇപ്പോഴും ചെറുപ്പത്തിലെന്നപോലെതന്നെ അവള്‍ ഉഴപ്പിയായിരുന്നു. അവളെ ഒരുക്കുന്നതും വസ്ത്രങ്ങള്‍ ഉടുപ്പിക്കുന്നതും ആഭരണങ്ങള്‍ അണിയിക്കുന്നതും മുടി ചീകിക്കെട്ടുന്നതും ഇന്നും വേലക്കാരാണ്. അങ്ങനെ സുന്ദരിയായി ചമഞ്ഞൊരുങ്ങി നടക്കുന്ന ആ പെണ്‍ക്കുട്ടിയുടെ പോരായ്മകള്‍ ആരുംതന്നെ ശ്രദ്ധിച്ചില്ല.
കാലം മനുന്നോട്ടുപോകവേ, ഒരു ധീരനായ യോദ്ധാവുമായി അവളുടെ വിവാഹം കഴിഞ്ഞു…….എന്നിട്ടോ…?????”
ജിജ്ഞാസയുണര്‍ത്തുന്നവയാണ് ഇത്തരത്തിലുള്ള നാടോടിക്കഥകള്‍. എല്ലാദേശത്തും എല്ലാ ഭാഷയിലും വാങ്മയരൂപങ്ങളായ ഇത്തരം നൂറായിരം നാടോടിക്കഥകള്‍ ഉണ്ടാകും. ആധുനിക കഥാസൃഷ്ടികളെ വെല്ലുന്ന ഇവയില്‍ വിചിത്രസ്വഭാവികളായ സമുറായികളും സന്ന്യാസിമാരും രാജാക്കന്മാരും കാമുകീകാമുകന്മാരും ഇടംപിടിക്കുന്നു. പ്രത്യേകിച്ച് ജപ്പാന്‍ നാടോടിക്കഥകളില്‍. അതുകൊണ്ടുതന്നെ ജന്തുകഥകളെക്കാള്‍ ജാപ്പനീസ് കഥാപുസ്തകങ്ങളില്‍ പ്രാധാന്യം മനുഷ്യകഥകള്‍ക്കുതന്നെയാണ്. ഇവയില്‍ വൈയക്തികതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മാത്രമല്ല സ്ത്രീകഥാപാത്രങ്ങളാണ് ജാപ്പനീസ് നാടോടിക്കഥകളില്‍ കൂടുതലായും കടന്നുവരുക. അങ്ങനെയുള്ള ജാപ്പനീസ് നാടോടിക്കഥകളുടെ വലിയൊരു സമാഹാരമാണ് ഒരു മടിച്ചിപെണ്ണും പല്ലുകുത്തിയും.
ഒരോനാട്ടിലും ആ നാടിന്റെ സംസ്‌കാരവും ജീവിതവും തുടിക്കുന്ന വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണാഭവുമായലോകത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഡി സി ബുക്‌സിന്റെ മാമ്പഴം ഇംപ്രിന്റിലാണ് ഒരു മടിച്ചിപെണ്ണും പല്ലുകുത്തിയും എന്ന നാടോടിക്കഥാസമാഹാരം പുനരാഖ്യാനംചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സന്തോഷ്ബാബു, സതീഷ്‌കുമാര്‍, ശ്രീജ എസ്, സരിത ആര്‍ തുടങ്ങിയവര്‍ചേര്‍ത്ത് പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്ന പുസ്തകത്തില്‍ കെ ആര്‍ രാജി വരച്ച മനോഹരചിത്രങ്ങളുമുണ്ട്. കഥകള്‍ കേള്‍ക്കാനിഷ്ടമുള്ള കുട്ടികള്‍ക്കായി തുര്‍ക്കി, ഈജിപ്ത്, ടിബറ്റ്, ശ്രീലങ്ക തുടങ്ങിയ വിവിധരാജ്യങ്ങളിലെ നാടോടിക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളും കളികളും കവിതകളും കൊച്ചുകുറുമ്പുകളുമൊക്കെയായി ഈ വധിക്കാലം ആഘോഷമാക്കാന്‍ കൂട്ടുകാര്‍ക്കുള്ള സമ്മാനമാണ് മാംമ്പഴം ഒരുക്കുന്നത്.