ഒരോ കവിതയും ഓരോ കണ്ടെത്തലുകളാണ്. നമ്മുടെ ചുറ്റുവട്ടത്തുനടക്കുന്ന ഒരോ സംഭവവികാസങ്ങളുടെയും നേര്‍ക്കുള്ള കണ്ണാടി എന്നും പറയാം. അനുഭവങ്ങളുടെ അനന്തമായ പ്രയാണങ്ങളില്‍ കണ്ടുമുട്ടുന്നവയാണ് അവ ഒരോന്നും. അത്തരത്തിലുള്ള കണ്ടുമട്ടലുകളെ അക്ഷരങ്ങളില്‍ ആവാഹിച്ച് അക്ഷരങ്ങള്‍ക്കൊണ്ട് വിപ്ലവം സൃഷ്ടിക്കുകയാണ് ഡോ പി എന്‍ രാഘവന്‍ അധിനിവേശം അതിജീവനം എന്ന കവിതാസമാഹാരത്തിലൂടെ.
തിരക്കുപിടിച്ച ജീവിതത്തിന്റെ ഇടവഴികളില്‍ ഒറ്റപ്പെട്ടുപോയവരുടെ നിലവിളിയും ആക്രോശവും ചിന്തകളും എല്ലാം മുഴങ്ങിക്കേള്‍ക്കുന്ന കവിതകളാണ് അധിനിവേശം അതിജീവനം എന്ന സമഹാരത്തിലുള്ളത്. വിശപ്പ്, ശ്വാനസംവാദം, അറിവിന്റെ ചിരി, അതിജീവനം, പാവങ്ങളുടെ ക്രിസ്തു, സദാചാരഭീകരത, ദശാന്തരത തുടങ്ങിയ ഇരുപത്തിയഞ്ച് കവിതകളാണിതിലുള്ളത്.
വളരെ ലളിതമായ ഭാഷയില്‍ എഴുതിയിട്ടുള്ള ഒരോകവിതയും നമ്മുടെ മനസില്‍ ഒരു ചിത്രംപോലെ കടന്നുവരുകയും കഥാപാത്രങ്ങളുടെ ദയനീയത നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയും ചെയ്യും എന്നുള്ളതാണ് ഈ കവിതകളുടെ പ്രത്യേകത. ആഗോളവത്ക്കരണവും അധിനിവേശവും അതിജീവനത്തിനുവേണ്ടിയുള്ള ഓട്ടവും എല്ലാം ഈ കവിതകളില്‍ കടന്നുവരുന്നുണ്ട്.
എറണാകുളം കോതമംഗലം സ്വദേശിയായ ഡോ പി എന്‍ രാഘവന്‍ പാലക്കാട് വിക്ടോറിയ കോളജ്, കോട്ടയം ഗവ.മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജനറല്‍സര്‍ജറി, സൈക്കോളജി എന്നിവയില്‍ മാസ്റ്റര്‍ ബിദുദം. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ജോലിക്കുശേഷം ആരോഗ്യവകുപ്പില്‍ നിന്ന് സിവില്‍ സര്‍ജനായി വിരമിച്ചു. ഇന്റ മെഡിക്കോസ് യുവജന കവിതാ പുരസ്‌കാരം, മെഡിക്കല്‍ ആസോസിയേഷന്‍ കേരള ഘടകത്തിന്റെ കവിതാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.