”എഴുത്ത് അട്ടിമറിയുടെ ആയുധമായിരിക്കുക എന്നതാണ് പ്രധാനം. നാം ജീവിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയ മത ജാതീയ ചീഞ്ഞഴുകലിന്റെ കാലത്തില്‍, എഴുതാന്‍ പേനയെടുക്കുന്നതിന്റെ ഉദ്ദേശ്യം അട്ടിമറിക്കുക എന്നത് മാത്രമായിരിക്കണം എന്നതില്‍ സംശയമെന്ത്? നന്ദകുമാറിന്റെ കഥകള്‍ കണിശമായും അതാണ് ചെയ്യുന്നത്. വി.കെ.എന്നിനെപ്പോലെ, വി.പി.ശിവകുമാറിനെ പോലെ, പൊന്‍കുന്നം വര്‍ക്കിയെ പോലെ, ജോണ്‍ ഏബ്രഹാമിനെ പോലെ…”
സക്കറിയ എം നന്ദകുമാറിന്റെ കഥകളെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായം ശരിവെയ്ക്കുന്ന സമാഹാരമാണ് കഥകള്‍: എം.നന്ദകുമാര്‍. അമ്പരിപ്പിക്കുന്നതും അസാധാരണവും ശക്തിമത്തുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 15 കഥകളും. നിരവധി ലോകങ്ങളും സാധ്യതകളും ഒത്തുചേരുന്ന കഥാലോകമാണിത്.
സൈബര്‍ സ്‌പേസ് എന്ന പുതിയ ലോകം തീവ്രമായി ആവിഷ്‌കരിക്കുന്ന കഥയാണ് ‘വാര്‍ത്താളി: സൈബര്‍ സ്‌പേസില്‍ ഒരു പ്രണയനാടകം’. യാഥാര്‍ത്ഥ്യവും പ്രതീതിയും ഇടകലര്‍ന്ന് വരുന്ന ഈ കഥയെ ആധാരമാക്കി വിപിന്‍ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം എന്ന സിനിമ നിരവധി ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു..
പറയിപെറ്റ പന്തിരുകുല കഥയുടെ തനിയാവര്‍ത്തനം ആധുനിക കാലഘട്ടത്തില്‍ കടമ്പഴിപ്പുറം പഞ്ചായത്തിലെ വായില്യാംകുന്ന് വാര്‍ഡില്‍ സംഭവിക്കുന്നതിന്റെ ആഖ്യാനമാണ് ‘വായില്യാക്കുന്നിലപ്പന്‍’. യുദ്ധഭൂമിയിലുള്ള ഭര്‍ത്താവിനെക്കുറിച്ചുള്ള ഗര്‍ഭിണിയായ അമീറുന്നീസയുടെ ഓര്‍മ്മകളിലൂടെയും സംഭവിക്കുന്ന ദുരന്തത്തിലൂടെയും കടന്നുപോകുന്ന കഥയാണ് ‘ലക്ഷ്മണരേഖ’. യാഥാര്‍ത്ഥ്യത്തെപ്പറ്റിയുള്ള സാമ്പ്രദായിക ധാരണകളെ പ്രശ്‌നവത്കരിക്കുകയാണ് ചൊവ്വ, ‘അ’ എന്ന ശ്മശാനത്തിലെ നാരകം എന്നിവ.
ശൂന്യാസനം, സര്‍ഗാത്മക രോഗസിദ്ധാന്തം, ബുഭുക്ഷുമതം: ഉല്പത്തിയും വളര്‍ച്ചയും, എസ്‌കിമോ തുടങ്ങി കലാപം സൃഷ്ടിക്കുന്ന കഥകളാണ് കഥകള്‍: എം.നന്ദകുമാര്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവ ഓരോന്നും. സക്കറിയ, പി.കെ.രാജശേഖരന്‍ എന്നിവരുടെ അവതാരികകള്‍ എം.നന്ദകുമാറിന്റെ കഥാലോകത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായകമാണ്.
പ്രശസ്തമായ നിരവധി ഐടി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള നന്ദകുമാര്‍ ഇപ്പോള്‍ ടെക്‌നിക്കല്‍ ഡോക്യുമെന്റേഷന്‍ കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചുവരുന്നു. വായില്യാക്കുന്നിലപ്പന്‍, നിലവിളിക്കുന്നിലേക്കുള്ള കയറ്റം, കാളിദാസന്റെ മരണം തുടങ്ങിയ കൃതികളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം ജി.എസ്.ശുഭയോടൊപ്പം എഴുതിയ പുസ്തകമാണ് ‘പ്രണയം 1024 കുറുക്കുവഴികള്‍’.