പുന്നയൂർകുളത്തെ നാലപ്പാട്ടും കൽക്കത്തയിൽ ലാൻസ്‌ഡൗൺ റോഡിലെ വസതിയും വരും കാലത്തെ അപൂർവ്വ പ്രതിഭയുടെ തുടുത്ത കാൽപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകം കൊണ്ടിരുന്നു. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിന്റെയും നൈർമല്യത്തിന്റെതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കൽ കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓർമ്മയിൽ എന്നും ഹരിതഭംഗിയോടെ പീലി വിടർത്തി നിൽക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക ! ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ വിടർത്തി നിൽക്കുന്ന ഒരു പൂങ്കുലയാണ് മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകൾ.
മാധവിക്കുട്ടി സഹിക്കാൻ കഴിയാത്ത , പറയാന്‍ പാടില്ലാത്തതൊക്കെ വളിച്ചുപറയുന്നുവെന്നായിരുന്നു സദാ സദാചാരബോധം കൊണ്ടുനടക്കുന്ന നമ്മള്‍ മലയാളികള്‍ അവരെ കുറ്റപ്പെടുത്തിയത്. ഒരു പെണ്ണ് പറയാന്‍ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച് കണ്ണുരുട്ടിയവര്‍ പോലും ആ അക്ഷരങ്ങളെ മനസ്സില്‍ പകര്‍ത്തിവച്ചു എന്നതാണ് മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ വിജയവും. എതിർത്തവർക്കു മുന്നിൽ എഴുത്തിലൂടെ സ്വന്തം ലോകം സൃഷ്ടിച്ച് അതില്‍ ജീവിച്ചു.
മലയാളത്തിന്റെ സർവ്വ സൗന്ദര്യമായമാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ അനുവാചകന്റെ മനസിനെ വിശുദ്ധിയിലെക്ക് നയിക്കുന്നു. സ്നേഹം ചുരത്തുന്ന ശൈശവത്തിലൂടെ ഒഴുകി നടക്കുന്ന ഒഴുകി നടക്കുന്ന ഒരു മനസിന്റെ ഉടമയാണവർ.ബാല്യത്തിന്റെ കളങ്കമൊഴിയാത്ത ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ. ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ ഇവിടെ വിടർന്നു നിൽക്കുന്നു. രസമൂറുന്ന ബാല്യത്തിന്റെ വികൃതിയുടേയും കുസൃതിയുടെയും കഥകളാണ് ബാല്യകാലസ്മരണകൾ. മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകളുടെ 21 മത്തെ പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.