കഥയുടെ ആനുകാലികവിധിയെ മറികടക്കുന്ന എഴുത്ത്, ജീവസ്സുറ്റതും തീക്ഷ്ണവുമായ അനുഭവമണ്ഡലങ്ങള്‍ക്കുനേരേ പിടിച്ച നേരിന്റെ ആള്‍ക്കണ്ണാടി..,ലിംഗപരമായ സ്വത്വാന്വേഷണം..എന്നിങ്ങനെ സമീപകാലത്ത് മലയാളകഥയിലുണ്ടായ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ എന്ന് വിലയിരുത്താവുന്ന കഥകളാണ് മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമന്റേത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ കഥാസമാഹാരമായ ദൃഷ്ടിച്ചാവേര്‍ എന്ന പുസ്തകത്തിലും ഇത്തരം വിസ്‌ഫോടനത്തിന്റെ അടയാളങ്ങളാണ് കാണാന്‍ സാധിക്കുന്നത്.
കഠിനമായ അവനവന്‍ വേട്ട കൊണ്ടുമാത്രം ലക്ഷ്യം കണ്ട പറഞ്ഞുവെയ്ക്കലുകളാണ് ദൃഷ്ടിച്ചാവേറിലെ കഥകളെന്ന് പ്രമോദ് രാമന്‍ പറയുന്നു. അപ്രതീക്ഷിതമായ സമയങ്ങളില്‍ ഉള്ളിലേക്ക് കടന്നുവരുന്ന തന്റെ തന്നെ മറ്റൊരാള്‍ അകമേ സൃഷ്ടിക്കുന്ന തകിടം മറിച്ചിലുകളാണിവയെന്നും അദ്ദേഹം ആമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
തന്തത്താഴ്, ബീജഗണിതം, മരിപ്പുകള്‍, ദൃഷ്ടിച്ചാവേര്‍, അപസ്മാരകം, കാരിസ്മാറ്റിക് ശവം, പ്രതിശീര്‍ഷഭോഗം, തിക്കുറിശ്ശി ഒരു കൊറിയന്‍ പദമാണ് എന്നീ എട്ട് കഥകളാണ് ദൃഷ്ടിച്ചാവേര്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഥ പറയുന്ന രീതിയാണ് ഈ കഥകളിലും പ്രമോദ് പ്രയോഗിച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെയും ഫാന്റസിയുടെയും ഇടയ്ക്കുള്ള ഒരു നൂലിഴയിലൂടെയാണ് പല കഥകളുടെയും സഞ്ചാരം. സമകാലികപ്രസക്തിയുള്ള വിഷയങ്ങളാണ് ഇതിലെ എട്ട് കഥകളും. 2014 ല്‍ ഡി സി ബു്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമനാണ് മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിച്ചത്. പിന്നീട് ഇന്ത്യാവിഷനില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മനോരമ ന്യൂസില്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. ‘രതിമാതാവിന്റെ പുത്രന്‍’ ആണ് പ്രമോദിന്റെ ആദ്യ കഥാസമാഹാരം. വി പി ശിവകുമാര്‍ സ്മാരക കഥാപുരസ്‌കാരം, അയനം സി വി ശ്രീരാമന്‍ കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
The post ‘ദൃഷ്ടിച്ചാവേര്‍’- മലയാളകഥയിലുണ്ടായ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ appeared first on DC Books.