മലയാളിമനസുകളെ ഓര്‍മ്മകളുടെ കുളിരണിയിച്ച കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകത്തിനു ശേഷം കോളജ് അധ്യാപികയായ ദീപാനിശാന്ത് എഴുതിയ ഓര്‍മ്മ പുസ്തകമാണ് നനഞ്ഞുതീര്‍ത്ത മഴകള്‍. നവമാധ്യമമായ ഫെയ്ബുക്ക് പേജിലൂടെ പങ്കുവെച്ച തന്റെ ഓര്‍മ്മകളാണ് ദീപ നനഞ്ഞുതീര്‍ത്ത മഴകള്‍ എന്ന പേരില്‍ പുസ്തകമാക്കിയത്. 2016 ജൂലൈ മാസത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം തൊട്ടടുത്ത നാളുകളില്‍ തന്നെ രണ്ടാം പതിപ്പിലെത്തിയിരിക്കുകയാണ്. മാത്രമല്ല ഇറങ്ങിയ അന്നുമുതല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് ഈ പുസ്തകം.
ഫെയ്‌സ്ബുക്കിലൂടെ അനുഭവക്കുറിപ്പുകള്‍ എഴുതി പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതും അത് പിന്നീട് പുസ്തകമായി പരണമിക്കാനും ഇടയായസാഹചര്യങ്ങള്‍ മുതല്‍ ദീപ നനഞ്ഞുതീര്‍ത്ത മഴകളില്‍ പങ്കുവയ്ക്കുന്നു. ആലങ്കാരികതയൊട്ടുമില്ലാത്ത സരസവും ലളിതവുമായ വാമൊഴി ശൈലിയിലൂടെയാണ് ദീപ തന്റെ അനുഭവത്തിന്റെയും ഓര്‍മ്മയുടെയും ചെപ്പ്തുറക്കുന്നത്.
ബി എഡിന് പഠിക്കുന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന സിലബസിലില്ലാത്ത പാഠങ്ങളില്‍ തുടങ്ങി ഭാഗ്യാന്വേഷണങ്ങള്‍, വയറുകാണല്‍, വറീതാപ്ല, ഒറ്റപ്പുത്രി, എ പ്ലസ്,പ്രണയത്തിന്റെ സൂയിസൈഡ്‌പോയിന്റുകള്‍ വരെ ദീപനിശാന്ത് നനഞ്ഞുതീര്‍ത്ത ഇരുപത്തിമൂന്ന് ഓര്‍മ്മക്കുറിപ്പുകളാണ് നനഞ്ഞുതീര്‍ത്ത മഴകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നര്‍മ്മരസത്തോടെ വായിച്ചുപോകാവുന്ന ചെറിയ ഓര്‍മ്മത്തുണ്ടുകളാണിവയെല്ലാം. ഓര്‍മ്മ പുസ്തകമായതുകൊണ്ടുതന്നെ ഓര്‍മ്മക്കുറിപ്പുകളിലൂടെ പ്രശസ്തയായ എഴുത്തുകാരി പ്രിയ എ എസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
തൃശൂര്‍ ഭാഷയുടെ സ്വതസിദ്ധമായ ഹാസസൗന്ദര്യവും ചാട്ടുളിപോലെ സമൂഹമനസ്സിലേക്ക് ചെന്നുതറച്ച തീക്ഷണമായ ചില വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും കൊണ്ട് പുതുതലമുറയുടെ പ്രിയങ്കരിയായി തീരുകയാണ് ദീപാനിശാന്ത്. സ്വകാര്യജീവിതത്തിലെയും തൊഴിലിടത്തിലെയും അനുഭവങ്ങള്‍ കോര്‍ത്തിണക്കി നര്‍മ്മത്തിന്റെ വര്‍ണ്ണത്തില്‍ കോര്‍ത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ വൈറലായതോടെയാണ് ദീപാനിശാന്ത് എന്ന എഴുത്തുകാരിയെ ലോകമറിയുന്നത്. അവയില്‍ ചിലത് ചിലപാരമ്പര്യവാദികളുടെ ഉറക്കംകെടുത്തി. അപ്പോഴെല്ലാം തന്റെ തീരുമാനങ്ങളില്‍ ഉറച്ചു നിന്നുപൊരുതുകയായിരുന്നു കേരളവര്‍മ്മ കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ദീപാനിശാന്ത്. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, രാധയും രാജാവിന്റെ പ്രേമഭാജനങ്ങളും, പ്രണയവ്യഥയുടെ മാനിഫസ്‌റ്റോ എന്നിവയാണ് മറ്റ് കൃതികള്‍.
പുസ്തകത്തിന്റെ ഇ ബുക്കിനായി ഇവിടെ ക്ലിക് ചെയ്യുക
The post ദീപാനിശാന്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ appeared first on DC Books.