മലയാളത്തിലെ ഉത്തരാധുനികചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പി.വി. ഷാജികുമാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം ലഭിച്ച ഇദ്ദേഹത്തിന്റെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകമാണ് ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ. രക്തത്തിൽ അലിഞ്ഞു ചേർന്ന കൂസലില്ലായ്മയും അനുഭവങ്ങളുടെ യഥാർഥമായ ആഖ്യാനവും ഷാജി കുമാറിന്റെ കഥകളെ കൂടുതൽ ആർജ്ജവമുള്ളതാക്കി തീർക്കുന്നു. ജനം, വെള്ളരിപ്പാടം, കിടപ്പറ സമരം, ഉള്ളാൾ എന്നീ കഥാസമാഹാരങ്ങളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ച, പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളായ ഷാജികുമാറിന്റെ ഏറ്റവും പുതിയ നോവലാണ് ‘ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ’
പുസ്തകത്തിന്റെ റീഡബിലിറ്റിയെ കുറിച്ചുപോലും ചിന്തിക്കാതെ ഗ്രാമീണവും വന്യവുമായ അനുഭവങ്ങളേറെയുള്ള കാസർഗോഡ് ജില്ലയിലെ കാലിച്ചാംപൊതി എന്ന സ്വന്തം നാടിൻറെ സംഭവങ്ങളിലൂടെയാണ് ഷാജിയുടെ കഥാനായകന്മാർ ജീവിച്ചത്. പച്ചയായ ആ ജീവിതങ്ങൾക്കൊപ്പം നിൽക്കുന്ന പ്രാദേശിക ഭാഷകൾ ഷാജി കുമാറിന്റെ കഥകളിലുടനീളം നമുക്ക് കാണാം. പ്രാദേശിക ഭാഷകൾ എഴുത്തിൽ അവതരിപ്പിക്കുമ്പോൾ പ്രതിഫലിക്കുന്ന പ്രതിരോധമാണ് ഷാജി എന്ന എഴുത്തുകാരന്റെ ലക്ഷ്യവും.
അനുഭവിച്ചതും കണ്ടറിഞ്ഞതുമായ ജീവിതം , കഥ പോലെ ചില ഓർമ്മകൾ , കഥാപാത്രങ്ങൾ പോലെ ചില മനുഷ്യർ. സങ്കല്പമെന്നു തോന്നിപ്പിക്കുന്ന അപരിചിത ദേശങ്ങൾ , തന്റെ എഴുത്തുമുറിയിൽ നിന്നും പിടിതരാതെ ഒഴിഞ്ഞു മാറിയ കഥയേക്കാൾ വളർന്നുപോയ ഓർമ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകമാണ് ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ. ഡി സി ബുക്‌സിന്റെ എല്ലാ സ്റ്റാളുകളിലും പുസ്തകം ലഭ്യമാണ്.
ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മലയാള മനോരമ-ശ്രീ കഥാമൽസരത്തിൽ ‘കണ്ണ് കീറൽ’ എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം കിട്ടുന്നതോടെയാണ് ഷാജികുമാർ ശ്രദ്ദിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഇരുപത്തിമൂന്നാം വയസ്സിൽ ആദ്യ കഥാസമാഹാരം ‘ജനം’ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. എഴുത്തിനേക്കാൾ വലുത് ലോകത്തൊന്നുമില്ല എന്ന ആവേശം മനസിൽ ഉണ്ടായ കാലത്താണ് ഷാജികുമാർ കഥയുടെ മാന്ത്രികതയിലേക്ക് പൂർണമായും എടുത്തെറിയപ്പെട്ടത്. മാതൃഭൂമിയിൽ വെബ് അസിസ്റ്റന്റായി ജോലി നോക്കുന്ന ഷാജികുമാറിന്റെ വെള്ളരിപ്പാടം , ഉള്ളാൾ എന്നീ കഥകളും ഡിസി ബുക്സ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
” കഥയും വയസും തമ്മിൽ ബന്ധമൊന്നുമില്ല. നമ്മുടെ എഴുത്തിന്റെ സത്തയാണ് പ്രായം നിർവചിക്കുന്നത്. വലിയ ആളായാലും ചെറിയ പ്രായക്കാരനായാലും എഴുതിയത് തന്നെയാണ് എഴുതിക്കൊണ്ടേയിരിക്കുന്നതെങ്കിൽ എഴുത്തിന് ജരാനരകൾ വന്നു എന്നർഥം. മനസ്സിൽ ചെറുപ്പം പുലർത്തുകയും എഴുത്തിൽ അതുണ്ടായിരിക്കുകയുമാണ് വേണ്ടത്. കഥ നല്ലതാണെങ്കിൽ വായിച്ചാൽ പ്രായം അനുഭവിപ്പിക്കരുത്. ഫെയ്സ്ബുക്കിൽ പറയുന്നത് പോലെ ഫീലിങ് ഫ്രഷ് ആകണം. അത്തരം രചനകൾ വായിക്കപ്പെടുക തന്നെ ചെയ്യും.” ഷാജി കുമാർ പറയുന്നു.
മാറ്റിനിർത്തപ്പെട്ട മനുഷ്യരടങ്ങുന്ന ജീവജാലങ്ങളുടെ, പ്രകൃതിയുടെ വാക്കായിരിക്കണം എഴുത്ത്. മന:പൂർവം മറന്നുകളയുന്നതിനെ ഓർമപ്പെടുത്തുക എന്ന വലിയ ദൗത്യം എഴുത്തിനുണ്ട്. മറവിയുടെ കാലമാണിത്, അപ്പോൾ മിണ്ടിക്കൊണ്ടിരിക്കേണ്ടത് ഓർമകളെ കുറിച്ചായിരിക്കണം.