‘ജെയിംസ് ജോയ്‌സ്, ഫ്രാന്‍സ് കഫ്ക, തോമസ്മന്‍, അല്‍ബേര്‍ കമ്മ്യൂ, സോള്‍ഷനിറ്റ്‌സിന്‍ തുടങ്ങിയ മഹാരഥന്മാരുടെ കൂട്ടത്തില്‍ ഉയര്‍ന്ന സ്ഥാനം തന്നെ ജോസഫ് കോണ്‍റാഡിനും നല്‍കുന്ന കൃതിയാണ് ഹാര്‍ട്ട് ഓഫ് ഡാര്‍ക്കനസ്സ്. ഈ കൃതിയുടെ മലയാള പരിഭാഷയാണ് ഇരുട്ടിന്റെ ഹൃദയം. വിശ്വസാഹിത്യമാലയിലില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്തിരിക്കുന്നത് ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീനിവാസനാണ്.
ബല്‍ജിയന്‍ വ്യാപാരകമ്പനി ഏജന്റായ കേര്‍ട്ടസ് എന്ന കഥാപാത്രത്തിലൂടെയാണ് ഇരുട്ടിന്റെ ഹൃദയം വികസിക്കുന്നത്. ആഫ്രിക്കയുടെ ഹൃദയഭാഗമായ കോംഗോയുടെ വനാന്തര്‍ഭാഗത്തേക്ക് ബല്‍ജിയന്‍ വ്യാപാരകമ്പനി ഏജന്റായ കേര്‍ട്ടസ് കടന്നുചെല്ലുന്നു. ആനക്കൊമ്പിനും അധികാരത്തിനും വേണ്ടിയുള്ള അത്യാര്‍ത്തി നിഷ്ഠൂരവും ഹീനവുമായി പെരുമാറാന്‍ അയാളെ പ്രേരിപ്പിക്കുന്നു. അയാളുടെ ജീവിതം ഒടുവിലെത്തപ്പെടുന്നത് ദുരന്തപൂര്‍ണ്ണമായ ജീവിതത്തിലാണ്. അതിനു സാക്ഷ്യം വഹിക്കുന്ന ചാള്‍സ് മാര്‍ലോയിലൂടെ യൂറോപ്യന്‍ കോളോണിയലിസത്തിന്റെ ഇരുണ്ട ഏടുകള്‍ തുറന്നു കാട്ടുകയാണ് കോണ്‍റാഡ്.
ജോസഫ് കോണ്‍റാഡ് 1857ല്‍ പോളണ്ടില്‍ ജനിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ അനാഥനായ കോണ്‍റാഡ് ഏകാകിയും അന്തര്‍മുഖനുമായിരുന്നു. പതിനേഴാം വയസില്‍ കപ്പലുകളില്‍ ജോലി നോക്കാനാരംഭിച്ചു. സാഹസികമായ ഒരു ദീര്‍ഘകാല സമുദ്രജീവിതത്തില്‍ നിന്ന് അഗാധമായ അനുഭവങ്ങള്‍ ലഭിച്ചു. മനുഷ്യന്റെ ആന്തരജീവിതത്തിലെ അനുഭവങ്ങളെ തീക്ഷ്ണമായി ആവിഷ്‌കരിക്കുന്ന സാഹിത്യകൃതികള്‍ രചിച്ചു തുടങ്ങി. ഇംഗ്ലീഷുകാരനല്ലാത്ത കോണ്‍റാഡ് ഇംഗ്ലീഷുകാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തില്‍ ആംഗലസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടി. 1924ല്‍ അന്തരിച്ചു.
മുപ്പതിലേറെ വര്‍ഷം വിവിധ ശ്രീനാരായണ കോളേജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. 1988 മുതല്‍ 1996വരെ കൊല്ലം ശ്രീനാരായണ കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ഗവേഷണ വിഭാഗത്തിന്റെ അധിപനായിരുന്നു. എഫ്.ആര്‍.ലീവിസിന്റെ സാഹിത്യ വിമര്‍ശനത്തെക്കുറിച്ചുളള ഗവേഷണപഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു.