വിവർത്തനത്തിന്റെ ചവർപ്പ് രുചിക്കാതെ അന്നും ഇന്നും മാധവൻ പിള്ളയുടെ യയാതി ഭാഷയിൽ വ്യതിരിക്തമായി നിൽക്കുന്നു. 1980 ലാണ് ജ്ഞാനപീഠം അവാർഡ് നേടിയ യയാതി എന്ന മറാത്തി നോവൽ മലയാളത്തിൽ പുറത്തു വന്നത്.ഏറ്റവും ഉത്കൃഷ്ടമായ സാഹിത്യ കൃതികൾ തർജ്ജമ ചെയ്യുമ്പോൾ സംസ്കാരത്തിന്റെ വിനിമയം പ്രകടമാക്കുക എന്നതാണ് വിവർത്തകൻ നേരിടുന്ന വെല്ലുവിളി. എന്നാൽ വെല്ലുവിളികളെ മനസും ഭാവനയും കൊണ്ട് നേരിട്ട മാധവൻപിള്ള പദങ്ങളിലെ സംസ്കാരത്തിന്റെ ഈടുവയ്പുകളെയും സാർവ്വകാലിക സമസ്യകളെയും ഒന്നിനൊന്ന് ദീപ്തമാക്കിയ നോവലാണ് വി.എസ്. ഖാണ്ഡേക്കര്‍ രചിച്ച യയാതി.
പ്രൊഫസ്സർ പി മാധവൻ പിള്ളയുടെ കാവ്യാത്മകമായ വിവർത്തനം കൊണ്ട് യയാതി ഒരു മലയാള നോവലിന് സമമായോ അതിനുപരിയായായോ അനുവാചക ഹൃദയങ്ങളിൽ അംഗീകാരം നേടി. യയാതി ഒരു പൗരാണിക കഥയുടെ ഹൃദയാവർജ്ജകമായ പുനരാഖ്യാനമാണ്. എട്ടു വർഷം കൊണ്ടാണ് വി.എസ്. ഖാണ്ഡേക്കര്‍ യയാതി പൂർത്തിയാക്കിയത്. ഒരുതരം നിസ്സംഗതയോടു കൂടി അവതരിപ്പിക്കുന്ന കഥയിൽ ദേവയാനിയുടെയും , ശർമ്മിഷ്‌ഠയുടെയും , യയാതിയുടെയും ഓർമ്മകളിലൂടെ കഥയുടെ ചുരുൾ നിവർത്തുകയാണ്. പരാക്രമിയും വിലാസലോലനും ലമ്പടനുമായ യയാതി , ഭർത്താവിനും , കാമുകനും മദ്ധ്യേ ചാഞ്ചാടുന്ന മനസിനെ ഞെരുക്കിക്കഴിയുന്ന അഹങ്കാരിയും പ്രതികാരമൂർത്തിയുമായ ദേവയാനി, നിസ്വാർത്ഥതയുടേയും നിസ്തുല ത്യാഗത്തിന്റെയും പ്രതിരൂപമായ ശർമിഷ്ഠ എന്നിവരുടെ ചിത്രങ്ങൾ മിഴിവുറ്റതാണ്. ഈ കാലഘട്ടത്തിലെ സുഖാന്വേഷിയായ മനുഷ്യന് യയാതിയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് കഥാകാരൻ കരുതുന്നു. ഈ ബന്ധമാണ് പൗരാണിക കഥാപാത്രമായ യയാതിയെ കേന്ദ്രകഥാപാത്രമാക്കി ഒരു മഹത്തായ സൃഷ്ടി നടത്താൻ ഖാണ്ഡേക്കര്‍ തയ്യാറായത്.
”യയാതി കൂടാതെ തമസ്സ്, പ്രഥമപ്രതിശ്രുതി, സുവര്‍ണലത, ബകുളിന്റെ കഥ തുടങ്ങിയ മാധവൻ പിള്ളയുടെ പുസ്തകങ്ങളെല്ലാം ഹിന്ദിയില്‍നിന്നുള്ള തര്‍ജമകളാണ്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദി ഒരു ഫില്‍റ്റര്‍ ലാംഗ്വേജാണ്. ഇന്ത്യന്‍ സാഹിത്യത്തിലെ മികച്ച കൃതികളെല്ലാം ഇന്നും ആദ്യമെത്തുക ഹിന്ദിയില്‍ തന്നെയാണ്”, മാധവന്‍ പിള്ള പറയുന്നു. യയാതി എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ബി.എ. മലയാളത്തിനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ എം.എ. മലയാളത്തിനും പാഠപുസ്തകമായിരുന്നു. ബംഗാളിയില്‍നിന്ന് ആശാപൂര്‍ണാദേവിയുടെ പ്രഥമപ്രതിശ്രുതി, സുവര്‍ണലത, ബകുളിന്റെ കഥ, അസമിയയില്‍നിന്ന് വീരന്ദ്രകുമാര്‍ ഭട്ടാചാര്യയുടെ മൃത്യുഞ്ജയ, ഇന്ദിരാ ഗോസ്വാമിയുടെ ദക്ഷിണകാമരൂപിന്റെ ഗാഥ, ഒറിയയില്‍ നിന്ന് പ്രതിഭാ റായിയുടെ ദ്രൗപദി (ജ്ഞാനപീഠം), ശിലാപത്മം, മറാത്തിയില്‍ നിന്ന് യയാതി കൂടാതെ മഹാനായകന്‍, ഹിന്ദിയില്‍ നിന്ന് ജൈനേന്ദ്രകുമാറിന്റെ രാജിക്കത്ത്, ഭീഷ്മസാഹ്‌നിയുടെ തമസ്സ്, മയ്യാദാസിന്റെ മാളിക, മനോഹര്‍ ശ്യാം ജോഷിയുടെ കുരുകുരു സ്വാഹ, കന്നഡയില്‍ നിന്ന് യു.ആര്‍. അന്തമൂര്‍ത്തിയുടെ മൗനി ഇങ്ങനെപോകുന്നു മാധവൻ പിള്ളയുടെ വിവർത്തനങ്ങൾ. പ്രേംചന്ദിന്റെ കഥകള്‍, യശ്പാലിന്റെ തിരഞ്ഞെടുത്ത കഥകള്‍, ജൈനേന്ദ്രകുമാറിന്റെ തിരഞ്ഞെടുത്ത കഥകള്‍ എന്നിവയും വിവര്‍ത്തനസാഹിത്യത്തിന് മാധവന്‍പിള്ള നല്‍കിയ മികച്ച സംഭാവനകളില്‍പ്പെടുന്നു. മയ്യാദാസിന്റെ മാളികയുടെ പരിഭാഷയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ശിലാപത്മം തര്‍ജമയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
”സ്പര്‍ശം ചിലപ്പോള്‍ വാക്കുകളേക്കാള്‍ വാചാലമാണ്. എങ്കിലും മനസ്സിനെ ഇളക്കാനുള്ള കഴിവ് അതിനില്ല. കണ്ണുനീരിനുമാത്രമേ ആ കഴിവുള്ളൂ.
എന്റെ കവിളുകളില്‍ ചുടുകണ്ണീര്‍ ഇറ്റുവീഴാന്‍ തുടങ്ങി.
പെട്ടെന്ന് ഞാന്‍ കണ്ണുതുറന്നു. അമ്മ കരയുന്നതായി ഞാന്‍
മുമ്പെങ്ങും കണ്ടിട്ടില്ല. എന്റെ ബാലമനസ്സ് പരിഭ്രമിച്ചു. അമ്മയുടെ കഴുത്തില്‍ കൈയിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു:
‘അമ്മേ, എന്താണമ്മേ കരയുന്നത് ? അമ്മയ്‌ക്കെന്തുപറ്റി?”
എന്നിട്ടും അമ്മ ഒന്നും പറഞ്ഞില്ല. എന്നെ മാറോടണച്ച്
തലമുടിയില്‍ തടവിക്കൊണ്ടും കണ്ണുനീര്‍ വാര്‍ത്തുകൊണ്ടും അമ്മ കട്ടിലില്‍ മൗനം പൂണ്ടിരുന്നു. ഒടുവില്‍ തോറ്റിട്ട് ഞാന്‍ പറഞ്ഞു: ”സത്യം പറയൂ
അമ്മേ”.
വിറയ്ക്കുന്ന കൈകള്‍കൊണ്ട് അമ്മ എന്റെ മുഖം പിടിച്ചുയര്‍ത്തി. നനഞ്ഞ കണ്ണുകളോടെ നിര്‍ന്നിമേഷയായി എന്നെ നോക്കികൊണ്ട് ഗദ്ഗദത്തോടെ അമ്മ പറഞ്ഞു: ”എന്റെ ദുഃഖം നിന്നോടെങ്ങനെ പറയും?”
”അച്ഛന്‍ ദേഷ്യപ്പെട്ടോ?” ഇല്ല
”അച്ഛന് അസുഖം വല്ലതുമാണോ?” അല്ല
”അമ്മയുടെ വളര്‍ത്തുമയില്‍ എവിടെയെങ്കിലും പോയോ?”
”ആ മയിലിനെപറ്റി ഇത്രയും ഉത്കണ്ഠയില്ല”
”പിന്നെ?”
”എന്റെ രണ്ടാമത്തെ മയില്‍ എപ്പോള്‍ പറന്നുപോകുമെന്ന് എനിക്കറിഞ്ഞുകൂടാ”
”രണ്ടാമത്തെ മയിലോ? എവിടെയാണത്?”
‘ഇതാ ഇതുതന്നെ’ എന്നു പറഞ്ഞുകൊണ്ട് അമ്മ എന്നെ ഒന്നുകൂടി മാറോടമര്‍ത്തി…”
വ്യക്തികൾ അവർക്കു വേണ്ടി മാത്രം ജീവിച്ചാൽ പോരാ . രാഷ്ട്രത്തിനും മനുഷ്യരാശിക്കും വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യാൻ തയ്യാറാകണം. യയാതിയുടെ സന്ദേശം ഇതാണ്. യാതിയുടെ 15 മത്തെ പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.