ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യ പൂർണ്ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കൾ , സഹപ്രവർത്തകർ , അധ്യാപകർ , മുൻഭർത്താവ് , തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ ,ബെയ്‌റൂട്ടിലെ ബാല്യകാലം , ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളിൽ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവൾ എത്തിച്ചേരുന്നു. ആത്മീയത, സ്വാതന്ത്ര്യം , വിധി , ധ്യാനനിദ്ര , ദേവീപൂജ , നാരീശക്തി , ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്കാര രീതി. വിശ്വസാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി എന്ന പുസ്തകത്തിൽ വളരെ ദുരൂഹത നിറഞ്ഞ അഥീനയുടെ (ഷെറിന്‍ ഖലീല്‍) മരണത്തോടെ കഥ ആരംഭിക്കുന്നു.
സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ പൗലോ കൊയ്‌ലോയുടെ 2007ല്‍ പ്രസിദ്ധീകരിച്ച ‘ദി വിച്ച് ഓഫ് പോര്‍ട്ട്‌ബെല്ലോ’ എന്ന കൃതിയുടെ മലയാള പരിഭാഷയാണ് പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി. ട്രാന്‍സില്‍വാനിയയില്‍ ഗിപ്‌സി ഗോത്രത്തില്‍ ജനിച്ച ഒരു സ്ത്രീയുടെ കഥയാണ് ഈ കൃതി ആസ്പദമാക്കിയിരിക്കുന്നത്. മലയാളിയുടെ സാഹിത്യ വൈജ്ഞാനിക മണ്ഡലങ്ങളിൽ എന്നെന്നും വിവർത്തന കൃതികൾക്ക് സവിശേഷ സ്ഥാനമുണ്ട്. ഇത്തിരിവട്ടത്തിന്റെ ചെറു വെട്ടത്തിൽ നിന്ന് വിവർത്തനത്തിന്റെ പ്രകാശ വർഷത്തിലേക്ക് മലയാളികളെ സ്വാഗതം ചെയ്യുകയാണ് ഡി സി ബുക്ക്സ്.
വായനക്കാരന്റെ മേൽ തന്റെ താല്പര്യങ്ങൾ അടിച്ചേൽപിക്കാതെ മുഖ്യകഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് പോർട്ടോബെല്ലോയിലെ മന്ത്രവാദിനിയുടെ കഥ പൗലോ കൊയ്‌ലോ വെളിപ്പെടുത്തുന്നത്. താനാരാണ് എന്ന ആത്മാന്വേഷണമാണ് അഥീനയെ പിന്നീട് നയിക്കുന്നത്. അത് ചെന്നവസാനിക്കുന്നത് അവളെ താന്ത്രിക ശക്തിയുള്ള ഒരു മന്ത്രവാദിനിയാക്കുന്നതിലും. അഥീനയുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളുടെ ചിന്തകളിലൂടെയും അവളെയെപ്പറ്റിയുള്ള ഓര്‍മ്മകളിലൂടെയുമാണ് അഥീനയുടെ ജീവിതത്തിലെ നിഗൂഢതകള്‍ ചുരുളഴിയുന്നത്. പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ജോളി വര്‍ഗീസ് ആണ്. കൃതിയുടെ അഞ്ചാം പതിപ്പ് പുറത്തിറങ്ങി. ആല്‍കെമിസ്റ്റ്, അക്രയില്‍ നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍, അലെഫ്, തീര്‍ത്ഥാടനം, വിജയി ഏകനാണ്, ഇലവന്‍ മിനിറ്റ്‌സ്, അഡല്‍റ്റ്‌റി തുടങ്ങി പൗലോ കൊയ്‌ലോയുടെ പതിനേഴ് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.