നമ്മുടെ സാഹിത്യത്തില്‍ ഉണ്ടായിരുന്ന എല്ലാ വ്യവസ്ഥകളേയും തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടിനുമുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിലേക്ക് കടന്നു വന്നു: വൈക്കം മുഹമ്മദ് ബഷീര്‍. വ്യാകരണത്തിന്റെ വേലിക്കെട്ടിനപ്പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ബഷീറിന്റെ പിന്നാലെ കൂടിയ വാക്കുകളെ അദ്ദേഹം സ്‌നേഹത്തോടെ കൈയ്യിലെടുത്ത് പുണര്‍ന്നപ്പോള്‍ അവയ്ക്ക് രൂപപരിണാമം സംഭവിക്കുകയും പൂര്‍ണ്ണത കൈവരുകയും ചെയ്തു. അതിലൂടെ മലയാളസാഹിത്യത്തിനും സഹൃദയര്‍ക്കും ലഭിച്ചത് അനശ്വരമായ കഥാലോകമാണ്.
തന്റേതുമാത്രമായ വാക്കുകള്‍ കൊണ്ടും പ്രയോഗം കൊണ്ടും ശൈലി കൊണ്ടും മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന ബഷീര്‍ മലയാളസാഹിത്യത്തിലെ മൗലികപ്രതിഭയായിത്തീര്‍ന്നു. പണ്ഡിതര്‍ക്കുപോലും അപ്രാപ്യമായിരുന്നു ബഷീറിന്റെ വാക്കുകള്‍. യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ഭാരതത്തിലുടനീളം അലഞ്ഞുനടന്ന ബഷീറിന് പല വേഷങ്ങള്‍ കെട്ടേണ്ടിവന്നു. പല സംസ്‌കാരങ്ങളുമായി കണ്ടുമുട്ടേണ്ടി വന്നു. ഈ വര്‍ഷങ്ങളത്രയും താന്‍ കണ്ടുമുട്ടിയ സംസ്‌കാരങ്ങളേയും അനുഭവങ്ങളെയുമാണ് ബഷീര്‍ തന്റെ തൂലികത്തുമ്പിലൂടെ മലയാളത്തിന് സമര്‍പ്പിച്ചത്.
പാത്തുമ്മയുടെ ആട്, പ്രേമലേഖനം, ബാല്യകാല സഖി, മതിലുകള്‍, ശബ്ദങ്ങള്‍, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകള്‍ തുടങ്ങി നിരവധി നോവലുകളും വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വര്‍ഗം തുടങ്ങി അനവധി കഥകളും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. സകലചരാചരങ്ങളും ബഷീറിന്റെ കഥാപാത്രങ്ങളായി രംഗപ്രവേശം ചെയ്തു. വാരിവലിച്ചെഴുതാതെ അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാല്‍ എഴുതിയ എല്ലാ നോവലുകളും ദൈര്‍ഘ്യം കുറഞ്ഞവയാണ്.
1944ല്‍ പുറത്തുവന്ന ബാല്യകാലസഖിയ്ക്ക് കേവലം 75 പേജുകളാണുള്ളത്. എന്നും എപ്പോഴും വായനക്കാര്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഒരു ദുരന്തപ്രണയകഥയാണ് ബാല്യകാലസഖി. എം.പി പോളിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. അതുപോലെ തന്നെ അസാധാരണമായ മറ്റൊരു പ്രണയകഥയാണ് പ്രേമലേഖനം. ഏതാനും മാനുഷിക വികാരങ്ങളെ സരളമായും സമര്‍ത്ഥമായും പ്രേമലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ പാത്തുമ്മയുടെ ആടാകട്ടെ ബഷീറിന്റെ സ്വന്തം കഥയാണ്. പെണ്ണുങ്ങളുടെ ബുദ്ധി എന്നുകൂടി പേരുള്ള ഈ കൃതി നര്‍മ്മരസത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വൈയക്തികവും സാമൂഹികവുനായ സന്മാര്‍ഗചിന്തകളെ കുറിച്ചുള്ള മൂര്‍ച്ചയേറിയ മറ്റൊരന്വേഷണമാണ് ശബ്ദങ്ങള്‍ എന്ന നോവല്‍. ബഷീര്‍ എഴുതിയ പ്രേമകഥകളില്‍ നിന്നും ഏറ്റവും അസാധാരണമായ കൃതിയാണ് മതിലുകള്‍. വര്‍ഷങ്ങള്‍ക്കുശേഷം നുണഞ്ഞാസ്വദിക്കുന്ന ഒരു പ്രണയകഥയാണിത്.
നര്‍മ്മരസപ്രധാനങ്ങളായ, ആവര്‍ത്തന വിരസതയില്ലാത്ത, മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായ രചനകളാണ് ബഷീറിനെ മറ്റ് എഴുത്തുകാരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിച്ചുണ്ട്. നീലവെളിച്ചം (ഭാര്‍ഗവീ നിലയം) എന്ന കഥയും മതിലുകള്‍, ബാല്യകാല സഖി തുടങ്ങിയ നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.
1908ല്‍ വൈക്കം തലയോലപ്പറമ്പില്‍ ജനിച്ച മുഹമ്മദ് ബഷീര്‍ ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കുകൊണ്ടു. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പ്രഭ എന്ന പേരില്‍ ഉജ്ജീവനം, പ്രകാശം മുതലായ വാരികകളില്‍ തീപ്പൊരി ലേഖനങ്ങള്‍ എഴുതിയിരുന്നു. പത്തുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. കൂടാതെ ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ചുറ്റിനടന്നു. ഹിമാലയ സാനുക്കളിലും ഗംഗാതീരത്തും ഹിന്ദു സന്യായിയായും സൂഫിയായും കഴിച്ചുകൂട്ടി.
കേന്ദ്രസാഹിത്യ അക്കാദമിയുടേയും കേരളസാഹിത്യ അക്കാദമിയുടേയും ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി. 1987ല്‍ സംസ്‌കാര ദീപം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം (1993), 1994ല്‍ ജിദ്ദ അരങ്ങ് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇവകൂടാതെ പൊന്നാടകളും പ്രശംസാപത്രങ്ങളും ലഭിച്ചിട്ടുണ്ട് 1994 ജൂലൈ 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു.
ബഷീറിന്റെ കൃതികള്‍ എല്ലാ കാലഘട്ടങ്ങളിലും മലയാളത്തില്‍ ബെസ്റ്റ്‌സെല്ലറുകളാകുന്നതിന്റെ മുഖ്യകാരണം മലയാളി പുസ്തകവായന ആരംഭിക്കുന്നത് ബഷീറില്‍ നിന്നായതാണ്. അദ്ദേഹത്തിന്റെ എല്ലാ രചനകളും സമാഹരിച്ച് പുറത്തിറക്കിയ ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ 1992ലാണ് ഡി സി ബുക്‌സ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇക്കാലയളവില്‍ പതിനേഴ് പതിപ്പുകള്‍ ഈ പ്രൗഢകൃതിയ്ക്കുണ്ടായി. പുതിയ കാലത്തിന്റെ ആസ്വാദനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ബഷീര്‍ ആപ്ലിക്കേഷനും ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. ബഷീര്‍ കൃതികളുടെ ഇ ബുക്കുകളും ലഭ്യമാണ്. ഇവയ്ക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് വായനക്കാര്‍ നല്‍കുന്നത്.
ബഷീര്‍ എന്ന മഹാപ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും എന്നും എപ്പോഴും അദ്ദേഹത്തിന്റെ കൃതികള്‍ മലയാളസാഹിത്യത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. സാഹിത്യത്തിന്റെ സൗന്ദര്യത്തേയും പ്രയോജനത്തേയും കുറിച്ച് ബഷീറിന് എന്നും തന്റേതായ ഉറച്ച വിശ്വാസങ്ങളും അഭിപ്രായങ്ങളുമുണ്ടായിരുന്നു. സ്വജീവിതാനുഭവങ്ങളുടെ പുതിയ ദിക്കുകള്‍ കാണിച്ചുതന്ന ബഷീര്‍ നമ്മുടെ സാഹിത്യത്തിന്റെ അന്നോളമുള്ള ലാവണ്യനിയമങ്ങളെ ധിക്കരിച്ചു. അങ്ങനെ ഭാഷയുടെ ഭാഷയാണ് താനെന്ന് ബഷീര്‍ നമ്മെ ബോധ്യപ്പെടുത്തി. പിന്നീട് ഇന്നേവരെ സൗന്ദര്യത്തിന്റെ മറുലോകം സൃഷ്ടിക്കാന്‍ മറ്റൊരു എഴുത്തുകാരനും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബഷീര്‍ മലയാള കഥാലോകത്തില്‍ പകരം വെയ്ക്കാനില്ലാത്ത ഒറ്റയാനായി, അതികായനായി, സുല്‍ത്താനായി, പ്രഭുവായി ഇന്നും വാഴുന്നു.