ആഗോള സാഹിത്യപ്രേമികളുടെ ഏറ്റവും പ്രയപ്പെട്ട കഥകൾ ഏത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ. മാൽഗുഡി ഡേയ്സ്. വായനാശീലമുള്ളവർക്കായാലും ഇല്ലാത്തവർക്കായാലും ഉറക്കത്തിൽ പോലും മറക്കാത്ത പേരുകളാണ് മാൽഗുഡി ഡേയ്സും , ആർ . കെ നാരായണനും. ഒരുപക്ഷെ ആ പേരിലുള്ള ആകർഷകത്വമായിരിക്കാം മാൽഗുഡി ഡെയ്‌സിന് ഇത്രയധികം ആരാധകരുണ്ടാവാൻ കാരണം. സത്യമെന്നു തോന്നിപ്പിക്കുന്ന ഒരു ഭൂമിശാസ്ത്ര പദവി മാത്രമാണ് മാൽഗുഡി എന്ന് കഥാകാരൻ തന്നെ പറയുന്നു. മാൽഗുഡി എവിടെയാണെന്നോ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പ്രസ്സ് പ്രസിദ്ധീകരിച്ച ഇന്ത്യയുടെ സാഹിത്യ ഭൂപടത്തിൽ മാൽഗുഡിയെ സ്ഥാന നിർണ്ണയം നടത്തിയിട്ടുണ്ടെങ്കിലും മാൽഗുഡി എന്നത് കണ്ടെത്താൻ കഴിയാത്തതാണെന്ന് ആർ കെ നാരായൺ പറയുന്നു.
തെക്കേ ഇന്ത്യയിലെ ഒരു ചെറിയ പട്ടണമാണ് മാൽഗുഡി എന്ന അർദ്ധസത്യത്തിനു മുന്നിൽ മാൽഗുഡിയിലെ കഥാപാത്രങ്ങൾ ലോകമെങ്ങുമുള്ളവരായി തലയുയർത്തി നിൽക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളെ കേന്ദ്രമാക്കി ജീവിതത്തിന്റെ അനിശ്ചിതത്വവും വിധിവൈപരീത്യവുമൊക്കെ മാൽഗുഡി ഡേയ്‌സിൽ വളരെ ലളിതമായി ആവിഷ്കരിക്കപ്പെടുന്നു. മനുഷ്യജീവിതത്തിലെ പ്രതിസന്ധികളും വിഷമവൃത്തങ്ങളുമെല്ലാം നർമ്മത്തിൽ ചാലിച്ച ഭാഷയിൽ ആവിഷ്കരിക്കുന്ന മാൽഗുഡി കഥകളുടെ സമാഹാരമാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മാൽഗുഡി ദിനങ്ങൾ.
വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 32 കഥകളാണ് മാൽഗുഡി ദിനങ്ങൾ. ആൻ ആസ്‌ട്രോളജേർസ് ഡേ , ലാവ്‌ലി റോഡ് എന്നീ കഥാസമാഹാരത്തിൽ നിന്നുമുള്ള കഥകളും , പുതിയ കഥകളുമാണ് മാൽഗുഡി ദിനങ്ങളിൽ ഉൾപെടുത്തിയിട്ടുള്ളത്. കർണ്ണാടകയിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആർ . കെ നാരായൺ ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ പ്രശസ്തനാണ്. മനുഷ്യത്വത്തിൽ അധിഷ്ടിതമായി നോവലുകൾ രചിച്ച വില്യം ഫോക്നറുമായി ആർ.കെ. നാരായണനെ ഉപമിക്കാറുണ്ട്. മാൽഗുഡി ദിനങ്ങളുടെ പന്ത്രണ്ടാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2009 ജൂണിലാണ് മാൽഗുഡി ദിനങ്ങൾ ആദ്യമായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്. 1935 ലാണ് ആർ കെ നാരായണന്റെ ആദ്യ നോവൽ സ്വാമി ആൻഡ് ഹിസ് ഫ്രണ്ട്സ് പ്രസിദ്ധീകരിച്ചത്. സാങ്കൽപികമായ മാൽഗുഡിയെയും അവിടുത്തെ ജനങ്ങളെയും പശ്ചാത്തലമാക്കി ആർ കെ നാരായൺ പതിനാല് നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.
മാൽഗുഡി ദിനങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് റോയ് കുരുവിള ആണ്.കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഉദ്യോഗസ്ഥനാണ് റോയ്. ശകുന്തളാദേവിയുടെ More Puzzles to Puzzle You ഉൾപ്പെടെ അനേകം കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് റോയ്.