യുക്തിപൂർണ്ണമായ ചിന്തകളിലൂടെ ജീവിതം ആഘോഷിക്കാനുള്ള പുതിയൊരു പാത തുറന്നു തരികയാണ് സദ്‌ഗുരു ജഗ്ഗി വാസുദേവ് ജ്ഞാനിയുടെ സവിധത്തിൽ എന്ന പുസ്തകത്തിലൂടെ. ജീവിതം ഏറെ സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമായിരിക്കുന്ന ഇന്നത്തെ കാലത്തിന് സദ്‌ഗുരു ജഗ്ഗി വാസുദേവിന്റെ പുതിയ തത്ത്വശാസ്‌ത്രം സത്യത്തെ അറിഞ്ഞ് ജീവിതം ആസ്വദിക്കാൻ ഉണർവ്വേകുന്നു.
‘കൊച്ചു കുറുമ്പനായ ഞാന , പരിമിതമായ ഞാൻ ,
എന്തോരു വൈരുദ്ധ്യ , മാളുകളോർക്കുന്നു
കേവലമതു പക്ഷെ പരസ്പര പൂരകം.
എന്റെ സ്നേഹ , മെന്റെയാനന്ദ, മെന്റെ ലീലകളൊക്കെ
ഞാനെന്ന കേവല പ്രശാന്തി മറയ്ക്കും മുഖപ്പ്.
എന്റെ വാക്കുകളെന്റെ , പാട്ടുകളെന്റെ പുഞ്ചിരി ,യെന്റെ യാഹ്‌ളാദ ,
മെല്ലാമൊരു തന്ത്രം ; നിന്നെയെന്നനന്ത ശൂന്യതയിലകപ്പെടുത്തുവാൻ
മനുഷ്യരെ , ദൈവങ്ങളെയൊക്കെ സൃഷ്ടിച്ച , ശൂന്യത
ഭയമില്ലെങ്കിലിവിടെയലിയാം പ്രിയരേ ,വരിക …..‘
സദ്ഗുരു ജഗ്ഗി വാസുദേവ് പല സന്ദർഭങ്ങളിലായി ശ്രോതാക്കളോടു നടത്തിയ സംഭാഷണങ്ങളുടെ അതേ രൂപമാണ് ജ്ഞാനിയുടെ സവിധത്തിൽ എന്ന പുസ്തകം. സദ്ഗുരുവിന്റെ പ്രബോധനങ്ങൾ ഉള്ളിലെ സത്തയിൽ നിന്ന് ,ഉണർവ്വിൽ നിന്ന് , പ്രവഹിക്കുന്നവയാണ്. പരമമായ സത്യത്തോട് ചേർന്നാണ് അദ്ദേഹം നിലനിൽക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിൽ മഹ്‌റം പരിമിതപ്പെട്ടിരിക്കുന്നവർക്ക് മനസിലാക്കാൻ പ്രയാസമാണ് സദ്ഗുരുവിന്റെ ലളിതമായ പ്രബോധനങ്ങൾ.
സമൂഹത്തിന്റെയും , മതത്തിന്റെയും കരങ്ങളിൽ കിടന്ന് വളർന്ന പുതുതലമുറയുടെ പ്രാപ്തിയില്ലായ്മയ്ക്കു കാരണം അവന്റെ ഭയമാണ്. വളർന്നു വന്ന ആചാരക്രമങ്ങളെ എതിർത്താൽ സമൂഹം തന്നെ നിഷ്‌കാസനം ചെയ്യുമെന്ന ഭയം. നാമെല്ലാം ആ ഭയത്തിനടിമകളാണെന്ന കാര്യത്തിൽ സംശയമില്ല. അതാണ് നമ്മുടെ ജീവിതത്തിന്റെ പൂർത്തിയെന്ന മിഥ്യാ ബോധത്തിൽ നാം അഭിരമിക്കുകയാണ്. നാം എവിടെ നിന്ന് വന്നു , എവിടേക്കാണ് നാം തിരിച്ചു പോകുന്നത് ….? തുടങ്ങിയ ലളിതമായ ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ മനസിലാകും നമ്മിലെ പൂർണ്ണതയുടെ മികവ്.
സദ്ഗുരുവിന്റെ സത്സംഗ് ജീവിതത്തിന്റെ മറ്റൊരു തലത്തെ പറ്റിയുള്ള അവബോധമാണ് നമുക്ക് പകർന്നു തരുന്നത്. ഒരിക്കലെങ്കിലും ആ സത്സംഗിന്റെ ഭാഗമായവർക്ക് ഉറക്കത്തിൽ നിന്നുള്ള ഉണർവ്വായി അതനുഭവപ്പെടും.സദ്ഗുരുവിന്റെ ഉള്ളിലുള്ള ബൃഹത്തായ ക്ഷമയും , സീമാതീതമായ സഹാനുഭൂതിയും നമ്മുടെ സ്വകാര്യമായ വികാരങ്ങളെയും പൊട്ടിത്തെറികളെയും ഔചിത്യത്തോടെ എപ്പോഴും കാത്ത് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നു.
ജ്ഞാനത്തിന്റെ വാക്കുകളിലൂടെ നമ്മെ ഉണർത്തുന്ന അനുഗ്രഹം , അനാവരണം , ആന്തരിക സ്വാതന്ത്ര്യം , മതവും ഐക്യവും ,മാർഗ്ഗം , ഗുരുപാദത്തിൽ ഇഷാ ഫൌണ്ടേഷൻ എന്നീ ഭാഗങ്ങളിലായാണ് സദ്ഗുരുവിന്റെ പ്രബോധനങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുച്ചിരിക്കുന്നത്. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കെ ആർ ശ്രീകുമാറാണ്.
നാമാകുന്ന ദൈവീകതയിലേക്ക് ഉണരൂ …. സത്യത്തെയറിഞ്ഞു ജീവിതം ആസ്വദിക്കൂ.