ചരിത്രത്തിൽ ഇടം നേടിയ പ്രസംഗങ്ങളുടെ സമാഹരണമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോകത്തെ മാറ്റി മറിച്ച പ്രസംഗങ്ങൾ എന്ന പുസ്തകം. ദുഖം രോഷം ക്രോധം സഹതാപം സാന്ത്വനം വിപ്ലവം സമാധാനം പ്രതിഷേധം പ്രതികരണം എന്നീ വികാരങ്ങളുടെ സ്ഫുരണങ്ങളാണ് ഓരോ പ്രസംഗങ്ങളും. ഒരു മനുഷ്യജീവിതത്തിന്റെ വ്യഗ്രതയ്ക്ക് ഹേതുവാകുന്ന പ്രസംഗങ്ങൾ കണ്ടുപിടിച്ച് സ്വരൂപിച്ച് ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകരൂപമാണ് ലോകത്തെ മാറ്റി മറിച്ച പ്രസംഗങ്ങൾ
ജീവിതത്തിന്റെ സമസ്തമേഖലകളെ സമഗ്രമായി സ്വാധീനിച്ച ഞരമ്പുകളിൽ ചോര തിളപ്പിച്ച ഒരു കൂട്ടം പ്രസംഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സാഹിത്യമുൾപ്പെടെയുള്ള സാംസ്കാരിക വിശകലനങ്ങൾ മുതൽ ഭാഷയെന്ന വ്യവഹാര മാതൃകകൾ വരെ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നവയാണ്. ഒരുയുഗത്തിന്റെ മുഴുവൻ വീറും വാക്കുകളിലൂടെ ലോകത്തോട് തുറന്നടിച്ച 48 പ്രസംഗങ്ങളുടെ സമാഹാരമാണ് ലോകത്തെ മാറ്റി മറിച്ച പ്രസംഗങ്ങൾ എന്ന ഈ പുസ്തകം. പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഏകോപിപ്പിച്ചത് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും കോളേജ് അധ്യാപകനുമായ ഡോ. രാജു വള്ളിക്കുന്നവും വിവര്‍ത്തകയായ വി.ഗീതയും ചേര്‍ന്നാണ്.
രാഷ്ട്രീയമംഗീകരിച്ച ദൈവങ്ങളിൽ വിശ്വസിക്കാതിരിക്കുകയും യുവജനങ്ങളോട് അവയിൽ വിശ്വസിക്കരുതെന്നാവശ്യപ്പെട്ട് അവരെ വഴിതെറ്റിക്കുന്നു എന്നാരോപിക്കപ്പെട്ട് ബിസി 299 ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സോക്രട്ടീസിന്റെ , തനിക്ക് ശിക്ഷ വിധിച്ച ന്യായാധിപന്മാരോട് നടത്തിയ പ്രസംഗമാണ് പുസ്തകത്തിലെ തുടക്കം. സോക്രട്ടീസ് , പെരിക്കിൾസ് , അലക്സാണ്ടർ ദി ഗ്രേറ്റ് , മാർക്ക് ആന്റണി എന്നിവരിൽ തുടങ്ങി മൂന്ന് ഭാഗങ്ങളിലായി അവസാനിക്കുന്ന പ്രസംഗങ്ങളിൽ ഏറ്റവും ഒടുവിലത്തേത് 1979 ഡിസംബർ 11 ന് നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ട് പ്രാർഥന പോലെ നമുക്കനുഭവപ്പെടുന്ന മദർ തെരേസയുടെ പ്രസംഗമാണ്.
”ദൈവം സൃഷ്ടിച്ച ആദ്യത്തെ സ്ത്രീ , ഒറ്റയ്ക്ക് ലോകം തലതിരിച്ചിടാൻ മാത്രം ശക്തയായിരുന്നെങ്കിൽ ഈ സ്ത്രീകളെല്ലാം ഒത്തുചേരുമ്പോൾ അതിനെ തിരിച്ച് ശരിയായ വിധത്തിലാക്കുവാൻ മാത്രം ശക്തിയുള്ളവരായിരിക്കണം” 1851 ൽ ആഫ്രിക്കൻ വനിത സോജോണർ ട്രൂത്ത് നടത്തിയ പ്രസംഗം സ്ത്രീകൾക്കുണ്ടാകുന്ന ഉത്കണ്ഠകളുടെ പ്രതിഷേധമാണ്.രാജ്യതന്ത്രജ്ഞതയും , സാമൂഹ്യ സുരക്ഷയും , ഭാവിയെ കുറിച്ചുള്ള പ്രതീക്ഷാ നിർഭരതയും ഇടകലരുന്ന ലോക പ്രശസ്ത പ്രസംഗങ്ങളുടെ രണ്ടാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.