വായനാസമൂഹത്തെ സാഹിത്യലോകത്തുനിന്നും അകന്നുപോകാതിരിക്കാന്‍ സഹായിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ചെറുകഥകളാണ്. ലോകസാഹിത്യത്തിലെ കഥകള്‍ക്കൊപ്പംനില്‍ക്കാന്‍ കെല്പുള്ള ചെറുകഥകള്‍ നമ്മുടെ സാഹിത്യത്തിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചെറുകഥാകൃത്തുക്കളുടെ പെരുപ്പത്തിനനുസരിച്ച് കാമ്പുള്ള കഥകള്‍ ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് ചെറുകഥാരംഗത്തെ പുതുചുവടുവെപ്പായ വി എച്ച് നിഷാദിന്റെ ആതിരാ സൈക്കിള്‍ എന്ന കഥാസാഹാരത്തിന് പ്രസക്തിയേറുന്നത്. സാഹിത്യത്തില്‍ എഴുത്തുകാര്‍ക്ക് പെണ്ണ് ഒരു കൗതുകമാണ്. കല്‍പ്പ നാരായണന്റെ അത്രമാത്രം പെണ്‍നോട്ടങ്ങളും പെണ്‍കാഴ്ചകളും കൊണ്ട് സമൃദ്ധമാണ്. മലയാള സാഹിത്യത്തിലെ അത്തരം ശ്രമത്തിന്റെ ഒരു ഇത്തിള്‍ക്കണ്ണിയാണ് വി എച്ച് നിഷാദ് എന്ന കഥാകൃത്തും.
ഡി സി ബുക്‌സിന്റെ കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആതിര സൈക്കിളില്‍ ഇന്നത്തെ സമൂഹം നേരിടുന്ന ചിലപ്രശ്‌നങ്ങള്‍ സൗന്ദര്യപരമായ അംശത്തിന് കോട്ടംതട്ടാത്തവിധം അവതരിപ്പിച്ചിരിക്കുന്നു. ദല്‍ഹി 2013, രണ്ട് ഏകാന്തതകള്‍, ജീവിതം ദേ ഇതുവഴി, ഞാന്‍ ഒരു സ്ത്രീയായി മാറിയ ദിവസം, ഷൈലജയും ശൈലജയും, ആതിര സൈക്കിള്‍, കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ തുടങ്ങി പന്ത്രണ്ട് കഥളുടെ സമാഹാരമാണ് ആതിര സൈക്കിള്‍.
ആതിര സൈക്കിലെ എല്ലാകഥകളും പെണ്ണിന്റെ പലഭാവങ്ങളെ ഒപ്പിയെടുക്കുന്നതാണ്. ആതിര സൈക്കിള്‍ എന്ന കഥാസമാഹാരം പേരിന്റെ പുതുമകൊണ്ട് ആകാംഷയുണര്‍ത്തുക മാത്രമല്ല കഥാകൃത്തിന്റെ സ്ത്രീപക്ഷമമത വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വ്രണിത ജീവിതങ്ങളുടെ ദുരവസ്ഥയും, ഒരു പെണ്ണിന്റെ കഠിനമായ ഏകാന്തതയുമാണ് നിഷാദ് വ്യത്യസ്തമാനങ്ങളിലൂടെ ഈ കഥകളിലൂടെ തുറന്നടിക്കുന്നത്.
പര്‍ദ ധരിച്ച് ഇറാനില്‍ ഒട്ടേറെപെണ്ണുങ്ങള്‍ക്ക് സിനിമ എടുക്കാമെങ്കില്‍ എന്തുകൊണ്ട് പര്‍ദയിട്ടുകൊണ്ട് ആബിദാ പര്‍വീണ്‍ എന്ന കോഴിക്കോട്ടുകാരിക്ക് ഒരു കൊച്ചു സിനിമയെടുത്തുകൂടാ എന്ന് ചോദ്യമുന്നയിക്കുന്നകഥാകാരനെ ഞാന്‍ ഒരു സ്ത്രീയായി മാറിയ ദിവസം എന്ന കഥയില്‍ കണ്ടെത്താം. പെണ്ണ് എന്ന സങ്കല്‍പ്പത്തിനുള്ള ചില വിശദീകരണങ്ങളാണ് ഈ കഥ. എന്നാല്‍ മലയാളത്തിലെ ചെറുകഥകളുടെ മുന്‍നിരയിലേക്ക് കടന്നിരിക്കാന്‍ വരെ അര്‍ഹതയുള്ള ഈ കഥ പ്രണയത്തിന്റെ നൈതികതയെക്കുറിച്ചും ഫലശ്രുതിയെക്കുറിച്ചും ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കുന്നതാണ് കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ. എം മുകുന്ദന്റെ ദല്‍ഹി കഥയ്ക്കു ശേഷം മലയാളവായനക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന..മനസ്സിനെ അലട്ടുന്ന മറ്റൊരു ദല്‍ഹിക്കഥയാണ് ദല്‍ഹി 2013.
ഇങ്ങനെ നിഷാദിന്റെ എല്ലാ കഥകളും യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ്. വിഷാദാരവങ്ങള്‍ നിറയ്ക്കുന്ന പ്രമേയങ്ങള്‍ക്കൊണ്ട് നമ്മുടെ ചിന്തയെ വളര്‍ത്താന്‍ നിഷാദ് തീര്‍ക്കുന്ന ഇതിലെ പെണ്‍കഥകള്‍ എല്ലാം ഒരേ സ്ത്രീയുടെ വിവിധ ഭാവങ്ങളുടെ ആഖ്യാനമാണ് എന്നും തോന്നിയേക്കാം.
പത്രപ്രവര്‍ത്തകനായ വി എച്ച് നിഷാദ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. ചെറുകഥയ്ക്ക് മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, എം പി നാരായണപിള്ള ചെറുകഥാ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷോക്ക്, മൂന്ന്, പേരയ്ക്ക, വാന്‍ഗോഗിന്റെ ചെവി, മിസ്ഡ് കോള്‍, മരമാണ് മറുപടി തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.
ഈ കഥസമാഹാരത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.