ബിരിയാണിയാണ് സോഷ്യല്‍ മീഡിയയിലെ വാര്‍ത്താവിഭവമെങ്കിലും കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ സമീപകാലത്തിറങ്ങിയ ഓര്‍മ്മപ്പുസ്തകവും ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നു. മലബാര്‍ വിസിലിങ് ത്രഷ്. കബനി, കൊമാല = കേരളം; കേരളം = കൊമാല, നീലേശ്വരത്തിനും മെക്‌സിക്കോയ്ക്കുമിടയില്‍ ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപിരിയുകയാണ് തുടങ്ങി പതിനാറോളം ഓമ്മക്കുറിപ്പുകളാണിതില്‍.
മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങളും ക്ലേശങ്ങളും നിറഞ്ഞ സമകാലികാവസ്ഥകളെ പച്ചയായി അവതരിപ്പിക്കുമ്പോള്‍ത്തന്നെ അതില്‍നിന്നുരുത്തിരിയുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ നമ്മുടേതന്നെ അനുഭവങ്ങളാക്കിമാറ്റുകയാണ് സന്തോഷ് ഏച്ചിക്കാനം. ഓരോന്നും സന്തോഷിന്റെ കഥപോലെ ആസ്വദിച്ചു വായിച്ചുപോകാം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.
ഏറെ അനുവാചകശ്രദ്ധനേടിയെടുത്ത കൊമാല എന്ന കഥയുടെ രചനനാനുഭവത്തേക്കുറിച്ചെഴുതിയ കുറിപ്പില്‍ കഥയിലെ കുണ്ടൂര്‍ വിശ്വനെക്കൊണ്ട് പറയിപ്പിക്കുന്നതിങ്ങനെയാണ്- ഒന്നാലോചിച്ചാല്‍ എല്ലാ മനുഷ്യരും കടക്കാരാണ്…രണ്ടു തുള്ളി വെള്ളമായിരുന്നു എന്റെ കടം. അത് ഞാന്‍ കുറച്ചുമുമ്പേ വീട്ടിക്കഴിഞ്ഞു.
താന്‍ സഞ്ചരിച്ച വഴികളില്‍ കണ്ടുമുട്ടിയ ആളുകളേയും കാഴ്ചയില്‍പ്പതിഞ്ഞ പലതരം പ്രശ്‌നങ്ങളേയും ഇതിലെ ഓരോ കുറിപ്പുകളും അവലംബിച്ചിട്ടുണ്ടെന്ന് കഥാകാരന്‍ പറയുന്നു. കബനി എന്ന പാരലല്‍കോളജിന്റെ സ്വാധീനം തന്റെ വായനയേയും എഴുത്തിനെയും എങ്ങിനെയെല്ലാം സ്വാധീനിച്ചുവെന്നും എടുത്തെഴുതുന്നുണ്ട്.
കാന്തല്ലൂരിലെ ഇരുളും തണുപ്പും ഇടകലര്‍ന്ന വനത്തില്‍ മലബാര്‍ വിസിലിങ്ത്രഷിനെ കാണാന്‍ കൂട്ടുകാരനോടൊപ്പം പോയതും അതിന്റെ പാട്ടുകേട്ടതും വല്ലാത്തൊരനുഭവമായി ഓര്‍ത്തുവെയ്ക്കുന്നു. പക്ഷികള്‍ക്കിടയിലെ യേശുദാസാണ് മലബാര്‍ വിസിലിങ് ത്രഷ്. നാടന്‍ഭാഷയില്‍ സായിപ്പിതിനെ വിസിലിങ് സ്‌കൂള്‍ ബോയ് എന്നും വിളിക്കും. ചുമ്മാ ചൂളം വിളിച്ചു നടക്കുന്നവനല്ല. അസാമാന്യനായ കമ്പോസറാണ്. കറുത്ത നിറം. നെറ്റിയിലും മുതുകിലും നീലനിറം. സംഗീതത്തിനുവേണ്ടിമാത്രം ഉഴിഞ്ഞുവെച്ച ജീവിതം. ഓരോതവണ പാടുമ്പോഴും വ്യത്യസ്ത രാഗത്തില്‍ തന്റെ സ്വരം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ശബ്ദവും മാറും. യേശുദാസും ജാനകിയും ചിത്രയും വാണിജയറാമുമൊക്കെയാവും…..
നരനായും പറവയായും, ശ്വാസം, ബിരിയാണി തുടങ്ങിയ കഥാസമാഹാരങ്ങളോടൊപ്പം ചേര്‍ത്തുവായിക്കേണ്ട പുസ്തകമാണ് മലബാര്‍ വിസിലിങ് ത്രഷ്. വായനക്കാര്‍ക്ക് എന്നുമോര്‍ത്തുവെയ്ക്കാവുന്ന വായനാവിരുന്നൊരുക്കുന്ന കൃതി എന്ന നിലയില്‍ തീര്‍ച്ചയായും ഇതിന് പ്രസക്തിയുണ്ട്.