ജനം, വെള്ളരിപ്പാടം, കിടപ്പറ സമരം, ഉള്ളാള്‍ എന്നീ കഥാസമാഹാരങ്ങളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച, പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളായ ഷാജികുമാറിന്റെ ഏറ്റവും പുതിയ ഓര്‍മ്മ പുസ്തകമാണ് ‘ഇതാ ഇന്ന് മുതല്‍ ഇതാ ഇന്നലെ വരെ‘. അനുഭവിച്ചതും കണ്ടറിഞ്ഞതുമായ ജീവിതം , കഥ പോലെ ചില ഓര്‍മ്മകള്‍ , കഥാപാത്രങ്ങള്‍ പോലെ ചില മനുഷ്യര്‍. സങ്കല്പമെന്നു തോന്നിപ്പിക്കുന്ന അപരിചിത ദേശങ്ങള്‍ , തന്റെ എഴുത്തുമുറിയില്‍ നിന്നും പിടിതരാതെ ഒഴിഞ്ഞു മാറിയ കഥയേക്കാള്‍ വളര്‍ന്നുപോയ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകമാണ് ഇതാ ഇന്ന് മുതല്‍ ഇതാ ഇന്നലെ വരെ.
മലയാളത്തിലെ ഉത്തരാധുനികചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പി.വി. ഷാജികുമാര്‍. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കൂസലില്ലായ്മയും അനുഭവങ്ങളുടെ യഥാര്‍ഥമായ ആഖ്യാനവും ഷാജി കുമാറിന്റെ കഥകളെ കൂടുതല്‍ ആര്‍ജ്ജവമുള്ളതാക്കി തീര്‍ക്കുന്നത്. പച്ചയായ ആ ജീവിതങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രാദേശിക ഭാഷകള്‍ ഷാജി കുമാറിന്റെ കഥകളിലുടനീളം നമുക്ക് കാണാം. പ്രാദേശിക ഭാഷകള്‍ എഴുത്തില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിഫലിക്കുന്ന പ്രതിരോധമാണ് ഷാജികുമാര്‍ എന്ന എഴുത്തുകാരന്റെ ലക്ഷ്യവും. പുസ്തകത്തിന്റെ റീഡബിലിറ്റിയെ കുറിച്ചുപോലും ചിന്തിക്കാതെ ഗ്രാമീണവും വന്യവുമായ അനുഭവങ്ങളേറെയുള്ള കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതി എന്ന സ്വന്തം നാടിന്റെ സംഭവങ്ങളിലൂടെയാണ് ഷാജിയുടെ കഥാനായകന്മാര്‍ ജീവിച്ചത്.
ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മലയാള മനോരമശ്രീ കഥാമല്‍സരത്തില്‍ ‘കണ്ണ് കീറല്‍’ എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം കിട്ടുന്നതോടെയാണ് ഷാജികുമാര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഇരുപത്തിമൂന്നാം വയസ്സില്‍ ആദ്യ കഥാസമാഹാരം ‘ജനം’ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. എഴുത്തിനേക്കാള്‍ വലുത് ലോകത്തൊന്നുമില്ല എന്ന ആവേശം മനസില്‍ ഉണ്ടായ കാലത്താണ് ഷാജികുമാര്‍ കഥയുടെ മാന്ത്രികതയിലേക്ക് പൂര്‍ണമായും എടുത്തെറിയപ്പെട്ടത്. മാതൃഭൂമിയില്‍ വെബ് അസിസ്റ്റന്റായി ജോലി നോക്കുന്ന ഷാജികുമാറിന്റെ വെള്ളരിപ്പാടം , ഉള്ളാള്‍ എന്നീ കഥകളും ഡി സി ബുക്‌സ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.