ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്‌കൂളുകള്‍ തുടങ്ങിയത് നാടിന് ഉപകാരം ചെയ്തുവെങ്കിലും അനാവശ്യപാപബോധം എല്ലാവരിലും അങ്കുരിപ്പിക്കുന്നതിന് അവര്‍ ഇടവരുത്തി. അതു സ്വാഭാവിക ലൈംഗിക ചോദനകള്‍ അടിച്ചമര്‍ത്തുന്നതിലേക്കു വഴിതെളിച്ചു. വിവാഹനാള്‍ വരെ പാപമാണെന്നു പഠിപ്പിച്ചത് ഒരു സുപ്രഭാതത്തില്‍ അനുവദനീയമാകുമ്പോള്‍ കുറ്റബോധമാണ് എല്ലാമനുഷ്യരിലും വേട്ടയാടുന്നത്. ശിവലംഗത്തെ പ്രതിഷ്ഠിക്കുന്ന ഈ നാട്ടില്‍ സെക്‌സ് പാപമാണെന്നു തറപ്പിച്ചുപറഞ്ഞ് മനുഷ്യരില്‍ മിഷണറിമാര്‍ ആശങ്കയുളവാക്കി. ഈ അമിതനിയന്ത്രണം ഇന്നെത്തിച്ചതു കടിഞ്ഞാണില്ലാത്ത സെക്‌സിലാണ്. മറവില്‍ ലൈംഗികത ആസ്വദിക്കുന്നവര്‍ ഇന്നുമറയില്ലാതെ അതുചെയ്യുന്നവരായി എന്ന വ്യത്യാസം മാത്രം. ചെറുപ്പം മുതലെ യഥാര്‍ത്ഥസെക്‌സ് എഡ്യുക്കേഷന്‍ നല്കി വഴിതെറ്റിപ്പോയ തലമുറയെ ദിശാബോധമുള്ളവരാക്കാന്‍ ഇനിയെങ്കിലും കത്തോലിക്കാ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. കേരളത്തില്‍ നടമാടുന്ന ലൈംഗികാതിക്രമങ്ങല്‍ക്കു കാരണം മലയാളികളുടെ കപടസദാചാരമാണോ എന്ന ചോദ്യത്തോട് സിസ്റ്റര്‍ ജസ്മി പ്രതികരിച്ചതിങ്ങനെയാണ്.
വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള, കന്യാസ്ത്രീമഠത്തിലെ കാണാക്കാഴ്ചകളെ പുറംലോകത്തോട് വിളിച്ചുപറഞ്ഞ ആമേന്‍ എന്ന ആത്മകഥയെഴുതിയതിലൂടെ വിമര്‍ശിക്കപ്പെട്ട കന്യാസ്ത്രീയാണ് സിസ്റ്റ് ജസ്മി. കേരളത്തിലെ കത്തോലിക്കാ സഭയില്‍ വിശേഷിച്ച് സന്ന്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നതായി ആരോപിക്കുന്ന അതിക്രമങ്ങള്‍ക്കും അഴിമതിയ്ക്കും എതിരെ കലാപക്കൊടി ഉയര്‍ത്തിയ സന്ന്യാസിനിയാണ് സിസ്റ്റര്‍ ജസ്മി. മുപ്പതുവര്‍ഷം നീണ്ട സന്ന്യാസ ജീവിതം അവസാനിപ്പിച്ച് മഠം വിട്ടുപോന്ന സിസ്റ്റര്‍ ജെസ്മിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഞാനും ഒരു സ്ത്രീ. ഒരു സ്ത്രീ എന്ന നിലയില്‍ അനുഭവിക്കേണ്ടിവന്ന കാര്യങ്ങളും തന്റെ നിലപാടുകളും പുസ്തകത്തില്‍ സിസ്റ്റര്‍ ജസ്മി അവതരിപ്പിക്കുന്നു.
സന്ന്യാസ ജീവിതത്തെക്കുറിച്ച് ആമേനില്‍ ചേര്‍ക്കാതെപോയ പലതും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ഒരു അധ്യാപിക എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുമൊന്നിച്ചുള്ള ജസ്മിയുടെ അനുഭവങ്ങളും പ്രമുഖ വ്യക്തികളുമായുള്ള സംവാദങ്ങളും കാലിക പ്രശസ്തിയുള്ള പ്രതികരണങ്ങളും ഞാനും ഒരു സ്ത്രീ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിസ്റ്റര്‍ ജസ്മിയും ജൂലി കെ.യും തമ്മിലുള്ള അഭിമുഖവും ആമേന്‍ രംഗരൂപമാക്കിയതിന്റെ സ്‌ക്രിപ്റ്റും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 2011ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആറാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
1956 നവംബര്‍ 6നാണ് സിസ്റ്റര്‍ ജസ്മി ജനിച്ചത്. 1981ല്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ അവര്‍ 2008 ആഗസ്റ്റില്‍ 31ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍ നിന്നും വിടുതല്‍ ലഭിക്കുവാനുള്ള അപേക്ഷ നല്‍കി മഠം വിട്ടു പോന്നു. ഇപ്പോഴും സന്യാസ ജീവിതം തുടരുന്നു. പ്രണയ സ്മരണ, മഴവില്‍മാനം എന്നിവയാണ് മറ്റ് പ്രധാന പുസ്തകങ്ങള്‍ . ഇംഗ്ലീഷില്‍ മൂന്ന് കവിതാ സമാഹാരങ്ങളും പഠന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.