നൂറ്റാണ്ടുകളോളം ഒരു വലിയ രാജ്യത്തെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തമയമായിരുന്നു 1947 ആഗസ്ത് 14 അര്‍ദ്ധരാത്രിയില്‍ നടന്നത്. ഇന്ത്യാ മഹാരാജ്യത്തെ ജനതയെ അടിച്ചമര്‍ത്തിയും, മഹത്തായ ഒരു സംസ്‌കാരത്തെ തച്ചുടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് ശക്തിയുടെ മേല്‍ക്കോയ്മക്കെതിരെ നേടിയ വിജയമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്രം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ദേശിയ പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച അപൂര്‍വ്വ സുന്ദരമായ രചനയാണ് അമൃതം തേടി.
1857ലെ ‘ശിപായിലഹള’ എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വാതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. 1857 മാര്ച്ച് 29’ന് മംഗല്‍ പാണ്ഡെ എന്ന പട്ടാളക്കാരന്‍ തുടങ്ങി വച്ച കലാപത്തിന്റെ വിവിധവശങ്ങള്‍ മലയാറ്റൂര്‍ ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയര്‍ എല്ലാ ഭിന്നതയും വിസ്മരിച്ച് ഒറ്റക്കെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂര്‍ അവതരിപ്പിക്കുന്നു. ചരിത്രത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ വസ്തുതകളും സങ്കല്പങ്ങളും ഹൃദ്യമായി സമന്വയിക്കുന്നത് ഈ കൃതിയില്‍ നാം കാണുന്നു. സാഹസികരായ വ്യക്തികളും അസംഘടിതമായ ജനശക്തിയും സമരഭൂമിയില്‍ ഒന്നായിച്ചേര്‍ന്ന് അമൃതത്വം നേടുന്ന അര്‍ത്ഥവത്തായ കഥ ഈ നോവലില്‍ അഭിവ്യക്തമാകുന്നു.
കാലങ്ങളായി പിന്തുടരുന്ന ബ്രിട്ടീഷ് സേച്ഛ്വാധിപത്വത്തിനെതിരായി പടപൊരുതുന്ന ഇന്ത്യന്‍ സ്വാതന്ത്രസമരപ്പോരാളികളുടെ കഥ എല്ലാ ദേശാഭിമാനികളെയും ആവേശം കൊള്ളിക്കുന്നതാണ്. ഭിന്നിപ്പില്‍ കഴിയുന്ന നാട്ടുരാജാക്കന്‍മാര്‍ക്കിടയിലെ കിടമത്സരവും സമ്പന്നമായ ഭൂതകാലം സ്വപ്നംകണ്ട് ജീവിക്കുന്ന രാജാക്കന്‍മാരുടെ ദയനീയ ചിത്രവും നോവലില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്രസമരചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഝാന്‍സി റാണി, താന്തിയ തോപ്പെ, നാനാസാഹിബ്, ബഹദൂര്‍ഷാ രണ്ടാമന്‍, കന്‍വര്‍ സിങ് തുടങ്ങിയവര്‍ നിര്‍ വഹിച്ച പങ്കും ചരിത്രപശ്ചാത്തലത്തില്‍ പറയുന്ന നോവലിലൂടെ മലയാറ്റൂര്‍ വായന ക്കാരിലേക്കെത്തിക്കുന്നു.
മുക്തിചക്രം’ എന്നപേരില്‍ മലയാളത്തിലെ ഒരു വാരികയിലാണ് അമൃതംതേടി ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത് 1985 ലാണ്. എന്നാല്‍ 1997ലാണ് ഈ കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ ഏഴാമത് ഡി സി ബി പതിപ്പ് പുറത്തിറങ്ങി.
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ മലയാറ്റൂര്‍ രാമകൃഷ് ണന്‍ പാലക്കാട് ജില്ലയിലെ പുതിയ കല്പ്പാത്തിയില്‍ 1927 മേയ് 30നാണ് ജനിച്ചത്. അധ്യാപകന്‍, അഭിഭാഷകന്‍, രണ്ടാം ക്ലാസ് മജിസ്‌ട്രേട്ട് എന്നീനിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് 1958ല്‍ ഐഎഎസ് ലഭിച്ചു. സര്‍വീസ് സ്‌റ്റോറി – എന്റെ ഐ എ എസ് ദിനങ്ങള്‍, പൊന്നി, വേരുകള്‍, യക്ഷി, ആറാംവിരല്‍, നെട്ടൂര്‍മഠം, യന്ത്രം, ബ്രിഗേഡി യര്‍ കഥകള്‍ എന്നിവയാണ് മലയാറ്റൂറിന്റെ ശ്രദ്ധേയമായ രചനകള്‍.