സഖാക്കളെ പ്രതിഷേധത്തെ നേരിടാന്‍ അവര്‍ വെടിയുണ്ടയുപയോഗിക്കും.
നിങ്ങള്‍ക്കുനേരെ രാജ്യദ്രോഹക്കുറ്റം ചുമത്തും.
പക്ഷേ,അതിനെ തപ്പുകൊട്ടി പാട്ടുപാടി നമ്മള്‍ നേരിടും.
സമാധാനത്തിന്റെ പാതയിലുള്ള നമ്മുടെ പോരാട്ടം തുടരുകതന്നെചെയ്യും.
” ജയി ഭീം..ലാല്‍സലാം”
വര്‍ത്തമാനകാല ഇന്ത്യയിലെ അസിഹ്ഷ്ണുതാ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ സൂചകങ്ങളിലൊന്നായിരുന്നു ഡല്‍ഹി ജവഹര്‍ലാല്‍നെഹ്‌റുസര്‍വ്വകലാശാലയില്‍ നടന്ന രാജ്യദ്രോഹികള്‍ക്കായുള്ള ഭരണകൂടവേട്ട. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യസൃഷ്ടിച്ച ജാതി വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെയും സംഘപരിവാറിന്റെ ദലിത് വിരുദ്ധ നിലപാടുകള്‍ക്കെതിരായ പൗരമുന്നേറ്റത്തെയും തടയാന്‍ കേന്ദ്രസര്‍ക്കറിന് ലഭിച്ച തന്ത്രപരമായ ആയുധമാണ് ജെ എന്‍ യുവിനുമേല്‍ ആരോപിക്കപ്പെട്ട രാജ്യവിരുദ്ധ. അതില്‍ ഇരയാക്കപ്പെട്ടതാകട്ടെ കനയ്യകുമാര്‍ എന്ന ഗവേഷകവിദ്യാര്‍ത്ഥിയും.
രജ്യഗ്രോഹിയെന്നും ദേശവിരുദ്ധനെന്നും പേരുചാര്‍ത്തപ്പെട്ട് തിഹാര്‍ ജയിലിന്റെ ഇരുണ്ട തടവറയ്ക്കുള്ളിലേക്ക് തള്ളപ്പെടുകയും അവിടുന്ന് ഊര്‍ജ്ജവാനായി പുറത്തുവന്ന, ഇരുപത്തിയൊന്നാം നുറ്റാണ്ടിലെ ഇന്ത്യകണ്ട ഉജ്ജ്വല നേതാവായ കനയ്യ കുമാറിന്റെ ജീവിതവും വീക്ഷണങ്ങളും നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും വായനക്കാരുമായി പങ്കുവയ്ക്കുന്ന പുസ്തകമാണ് കനയ്യ കുമാര്‍ ജീവിതവും കാലവും- ജയ് ഭീം ലാല്‍ സലാം. 2016 ഫെബ്രുവരി 9ന് ജെ.എന്‍.യു കാമ്പസില്‍ നടന്ന സംഭവങ്ങള്‍ക്കും അറസ്റ്റിനും തിഹാര്‍ ജയില്‍വാസത്തിനും വിവാദങ്ങള്‍ക്കും ശേഷം എന്തുമാറ്റമാണ് കനയ്യയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു:
ആളുകള്‍ ഒരിക്കലെങ്കിലും ജയില്‍ ആശുപത്രി, ശ്മശാനം എന്നിവിടങ്ങളില്‍ പോകണം എന്നാണ് എനിക്ക് പറയാനുള്ളത്. എങ്കിലേ ഇപ്പോഴുള്ള ജീവിതത്തെ കുറേക്കൂടി നല്ലരീതിയില്‍ സ്വീകരിക്കാന്‍ നമുക്ക് കഴിയുകയുള്ളു. സ്വാതന്ത്ര്യയത്തിന്റെ വില മനസ്സിലാക്കണമെങ്കില്‍ ജയിലില്‍ പോകണം. നമ്മള്‍ സ്വതന്ത്രരായാണ് ജനിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തടവറകള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരും. അധികാര കേന്ദ്രങ്ങളും സാമൂഹ്യവ്യവസ്ഥിതിയും അടിച്ചേല്‍പ്പിക്കുന്ന ചങ്ങലകള്‍തകര്‍ത്ത് മുന്നേറുന്ന ത്വര ഇരുമ്പഴിക്കുള്ളില്‍ കൂടുതലാണ്. നിരാശയും ഭയവുമാണ് ജയിലറയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്നത്. പ്രതീക്ഷകളുടെ നാമ്പുകരിഞ്ഞാണ് ജയില്‍വാസികള്‍ കഴിയുന്നത്. പക്ഷേ, പുതിയ അന്തേവാസികള്‍ വരുമ്പോള്‍ നേരത്തെയുള്ളവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മുളപൊട്ടും. സാധാരണ ജയിലിലെ ആധ്യരാത്രി ഉറക്കം നഷ്ടപ്പെടുത്തുന്ന ഭ്രാന്തന്‍ മുറിവുകള്‍ നിറഞ്ഞതായിരിക്കും, എന്നാല്‍ എനിക്ക് അങ്ങനെയായിരുന്നില്ല. തിഹാറിലെ ആദ്യത്തെ രാത്രി ഞാന്‍ നന്നായി ഉറങ്ങി. പിറ്റേന്ന് ഉച്ചവരെ നീണ്ട ഉറക്കം..
തന്റെ ജയില്‍വാസത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ വീറ് അല്പവും ചോര്‍ന്നുപോകാതെയാണ് കനയ്യ കുറിച്ചിരിക്കുന്നത്.
ഞാന്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ല. കാമ്പസില്‍ അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുമില്ല ഇന്ത്യയ്‌ക്കെതിരായ എല്ലാ മുദ്രാവാക്യങ്ങളെയും ഞാന്‍ എതിര്‍ക്കുന്നു എന്നും കനയ്യ ഇപ്പോഴും വിളിച്ചുപറയുന്നു. എന്തായാലും ഭീതിനിറച്ച സംഭവങ്ങള്‍ക്കുശേഷം ആളുകള്‍ തന്നെ വില്ലനായും ഹീറോയായും കാണുന്നുവെന്നും കനയ്യ തുറന്നുപറയുന്നു. അച്ഛനില്‍നിന്നും കിട്ടിയ ചുവപ്പിന്റെ വീര്യമാണ് തന്നെ തളര്‍ത്താതെ പിടിച്ചുനിര്‍ത്തുന്നതെന്നും മധ്യമപ്രവര്‍ത്തകനായ പി ബി അനൂപ് തയ്യാറാക്കിയ ജയ് ഭീം ലാല്‍ സലാം എന്ന പുസ്തകത്തില്‍ തുറന്നുകാട്ടുന്നു.
വിചാരണക്കൂട്ടിലെ രാജ്യദ്രോഹി, തിഹാറിലെ ഏകാന്ത ദിനങ്ങള്‍, പറയാനും പോരാടാനും ബാക്കിയുള്ളത് തുടങ്ങി 14 ഭാഗങ്ങളിലായാണ് പി ബി അനൂപ് കനയ്യകുമാറിന്റെ ജീവിതവും ജീവിത വീക്ഷണങ്ങളും നിരീക്ഷണങ്ങളും പറഞ്ഞുവയ്ക്കുന്നത്. ഒപ്പം കനയ്യ നടത്തിയ പ്രസംഗം, കനയ്യയുമായുള്ള അഭിമുഖം, ആഗാ ഷാഹിദ് അലിയുടെ കവിതയുടെ മൊഴിമാറ്റം, സീതാറാം യച്ചരി രാജ്യസഭയില്‍ നടത്തിയ പ്രസംഗം എന്നിവ അനുബന്ധമായും ചേര്‍ത്തിരിക്കുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം വിപണിയില്‍ ലഭ്യമാണ്.