” ഒരിക്കൽ ഒരു കുറുക്കൻ ഒരു പരുന്തിനെ കാണാനിടയായി. പരുന്തിനെ കണ്ടയുടനെ കുറുക്കന് അതിനെ ഒന്ന് കളിയാക്കണമെന്നു തോന്നി. കുറുക്കൻ പരുന്തിനോട് ചോദിച്ചു .. നീ ഇതുവരെ പറന്നിട്ടുള്ളതിൽ വച്ചേറ്റവും ഉയരത്തിൽ നിന്ന് നോക്കിയാൽ ഭൂമി എങ്ങിനെ ഇരിക്കും ? പരുന്തു പറഞ്ഞു ”അത് തീരെ ചെറുതാണ്, കാണാൻ തന്നെയില്ല.
കുറുക്കന്റെ കളിയാക്കൽ മനസിലാക്കിയ പരുന്ത് വിശ്വാസമില്ലെങ്കിൽ എന്റെ കഴുത്തിൽ കേറി ഇരുന്നു നോക്കെന്നു പറഞ്ഞു. അങ്ങനെ കുറെ ഉയരത്തിലെത്തിയപ്പോൾ കുറുക്കൻ പറഞ്ഞു ” ഇപ്പോൾ ഇസ്രായേലിലെ ഒരു തീരദേശ നഗരത്തിലുണ്ടാക്കുന്ന ഒരു കുട്ടയുടെ വലിപ്പമുണ്ടെന്ന്. അവർ പിന്നെയും മുകളിലേക്കു പോയി , പരുന്ത് വീണ്ടും ചോദിച്ചു .. ഇപ്പോഴെങ്ങിനെയുണ്ട് ? ” ഒരു ഉള്ളിയുടെ വലിപ്പം ” കുറുക്കൻ പറഞ്ഞു. വീണ്ടും ഉയരത്തിലേക്ക് പറന്നപ്പോൾ പരുന്ത് വീണ്ടും ചോദ്യം ആവർത്തിച്ചു ,അപ്പോൾ കുറുക്കന് ഭൂമിയെ കാണുന്നില്ലെന്ന് സമ്മതിക്കേണ്ടി വന്നു.
അപ്പോൾ പരുന്ത് ചോദിച്ചു … നമ്മളിപ്പോൾ എത്ര ഉയരത്തിലാണെന്നാണ് നിന്റെ വിചാരം ? അപ്പോഴേക്കും പേടിച്ചു വിറച്ചു തുടങ്ങിയ കുറുക്കൻ അറിയില്ലെന്ന് പറഞ്ഞു.‘‘ എന്നാൽ പോയി കണ്ടുപിടിക്ക് ‘‘ എന്ന് പറഞ്ഞു പരുന്ത് കുറുക്കനെ കുടഞ്ഞെറിഞ്ഞു….. താഴേക്ക് വീണുകൊണ്ടിരുന്നു കുറുക്കൻ മരണം ഉറപ്പിച്ചു.
എന്നാൽ ……
കൊച്ചു കൂട്ടുകാർക്കു വേണ്ടിയുള്ള ഡി സി ബുക്സ് മാമ്പഴം പ്രസിദ്ധീകരിച്ച പുതിയ പുസ്തകമാണ് ഖലീഫയും അത്തിപ്പഴങ്ങളും. ജൂത കൃസ്ത്യൻ ഇസ്ലാം മതങ്ങളുടെ പ്രഭവ സ്ഥാനമായ പാലസ്തീനിലെ നാടോടിക്കഥകളാണ് ഖലീഫയും അത്തിപ്പഴങ്ങളും എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച നാടോടിക്കഥകൾ ശേഖരിച്ച് കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് ഡിസി ബുക്സ് മാമ്പഴം. പാലസ്തീൻ ദേശത്തിന്റേതായുള്ള സവിശേഷാസ്തിത്വമുള്ള സാഹിത്യം കിട്ടാനില്ല. അവിടുത്തെതെന്നു നിസ്സംശയം കരുതുന്ന മെസൊപ്പൊട്ടേമിയൻ രചനകളും ജൂത രചനകളുമാണ് പാലസ്തീനിന്റെ പഴയ സാഹിത്യം. ചുരുക്കത്തിൽ ഇന്നത്തെ പലസ്തീൻ വാമൊഴിക്കഥാ ലോകം ആ ഭൂമി പുണ്യ ഭൂമിയായി കരുതുന്ന മൂന്നു മതങ്ങളുടെ വ്യത്യസ്ത ചരിത്ര പഥങ്ങളിൽ രൂപപ്പെട്ട സങ്കര സന്തതിയാണ്.
പലസ്തീനിലെ ജൂതരും കൃസ്ത്യാനികളും മുസ്ലീങ്ങളും വാമൊഴിയായി സൂക്ഷിച്ചു വച്ച കഥകളാണ് ഖലീഫയും അത്തിപ്പഴങ്ങളും എന്ന പുസ്തകത്തിൽ. ഈ മൂന്ന് മത സമൂഹങ്ങളും ഒന്നിച്ചുള്ള ജീവിതം അന്ന് ആ ഭൂമിയിൽ ഏറെ കലുഷിതമായിരുന്നു.ഇങ്ങനെയൊരു കാലം വരുന്നതിനു മുൻപ് വലിയ ദൈനംദിന പോരുകളില്ലാതെ അവർ ഒന്നിച്ചു കഴിഞ്ഞ കാലത്ത് അവർക്കിടയിൽ നിന്ന് സമാഹരിക്കപ്പെട്ട കഥകളാണ് ഖലീഫയും അത്തിപ്പഴങ്ങളിലും ഉള്ളത്. ഈ കഥകളുടെ ചരിത്രപരമായ പ്രത്യേകതകളും ഇത് തന്നെയാണ്. പുസ്തകം പുനരാഖ്യാനം ചെയ്തത് എച്ച് . ഈശ്വരൻ നമ്പൂതിരിയാണ്. ചിത്രങ്ങൾ കെ ആർ രാജി.