Image may be NSFW.
Clik here to view.പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന ഡിസി ബുക്സിന്റെ കഥാഫെസ്റ് പരമ്പരയിൽ സമകാലിക മലയാള കഥയുടെ ദീപ്തവും വൈവിധ്യ പൂർണ്ണവുമായ എട്ടു കഥാസമാഹാരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പരമ്പരയിലെ ഷീബ ഇ കെ യുടെ കനലെഴുത്ത് അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീയുടെ പൊള്ളിപ്പിടഞ്ഞ പരാജയപ്പെടാത്ത പ്രതിഷേധങ്ങളായി വായിച്ചെടുക്കാവുന്ന ഒരുകൂട്ടം കഥകളാണ്. കനലെഴുത്ത് , കീഴാളൻ , ആന്ധി , ഗോഡ്സ് ഓൺ കൺട്രി , കാളിയമർദ്ധനം , ഗ്രീഷ്മ ശാഖികൾ , ഇവന്റ് മാനേജ്‌മന്റ് , ഒരു പോസിറ്റീവ് പ്രണയകഥ തുടങ്ങി ഇരുപത്തിരണ്ട് കഥകളാണ് കനലെഴുത്തിൽ ഉള്ളത്.
യഥാര്‍ത്ഥവും അതുകൊണ്ടുതന്നെ അപൂര്‍ണവുമായ ലോകത്തിന്റെ പരാധീനതകള്‍ക്കിടയില്‍ എഴുത്ത് ഒളിച്ചിരിക്കലോ ഓടിമറയലോ ആവുന്ന സ്ത്രീയുടെ ചിരന്തനപ്രതിരൂപമാണ് കനലെഴുത്തിലെ മാലിനി നാരായണന്‍. ആന്തരികവും സാമൂഹികവുമായ പരുവപ്പെടലുകള്‍ക്ക് വിധേയയാവുന്ന മാലിനി നാരായണനെ ചിരകാലമായി നമ്മളറിയും, പല പേരുകളില്‍ ഓരോ കാലത്തിലും അവളുണ്ട്. എഴുതാന്‍ പ്രേരണ തരുന്ന ഒന്നുമില്ലാത്ത ജീവിത സാഹചര്യങ്ങളില്‍, കൂട്ടുകാരി താനാഗ്രഹിച്ച ജീവിതം ജീവിക്കുന്നത് കണ്ടസൂയ തോന്നുമ്പോള്‍, അന്തമില്ലാത്ത വീട്ടുജോലികളില്‍ കുരുങ്ങി ശ്വാസം മുട്ടുമ്പോള്‍ ജീവിച്ചിരിക്കുന്നു എന്ന സ്വയം ബോധ്യപ്പെടുത്താനുള്ള എഴുത്ത്. എഴുത്തും വായനയുമൊക്കെ മനുഷ്യരെ കേടുവരുത്തുന്നുവെന്നു വിശ്വസിക്കുന്നവരുടെ ഇടയില്‍ ജീവിച്ചു കൊണ്ട് എഴുതുന്നത് അവള്‍ക്ക് വേദന നിറഞ്ഞ ലഹരിയാവുന്നു. ‘നല്ലൊരു സഹയാത്രികയാവണോ Image may be NSFW.
Clik here to view.നല്ലൊരു കവയിത്രിയാകണമോ ‘ എന്ന ചോദ്യം പലതരത്തില്‍ എഴുതുന്ന സ്ത്രീകളുടെ ആന്തരിക ലോകം ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പ്രതിസന്ധികളെ, വിലക്കുകളെ മറികടക്കാനുള്ള ആത്മയജ്ഞം തന്നെയാവുന്നു മാലിനിക്ക് അവളുടെ എഴുത്ത്. വാക്കുകള്‍ പീലി വിടര്‍ത്തി നൃത്തം ചെയ്യാനെത്തുമ്പോള്‍ പക്ഷേ ,ആ അയഥാര്‍ത്ഥ ലോകത്തിന്റെ വശ്യതകളില്‍ നിന്ന് യഥാര്‍ത്ഥ ലോകത്തിലെ പരുക്കന്‍ നിലങ്ങളിലേക്ക് എപ്പോഴും തന്നെത്തന്നെ മാറ്റി പ്രതിഷ്ഠിച്ചേ മതിയാവൂ അവളിലെ കുടുംബിനിക്ക്. സ്ത്രീയെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എഴുത്ത് കനലു കൊണ്ടുള്ളതാണ്. സ്വയം പൊള്ളിപ്പിടഞ്ഞു കൊണ്ടേ അവര്‍ക്ക് എഴുതാനാവുകയുള്ളു.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയായ ഷീബ ഇ കെ ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്‌കാരം , വനിത കഥാ പുരസ്കാരം , മലയാള മനോരമ കഥാപുരസ്കാരം , പത്മരാജൻ പുരസ്കാരം , പൊൻകുന്നം വർക്കി നവലോകം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് അർഹയാണ്. പാകിസ്ഥാൻ എഴുത്തുകാരി ഖൈസ്ര ഷഹറാസിന്റെ നോവൽ ടൈഫൂൺ , അഞ്ജലി ജോസഫിന്റെ നോവൽ സരസ്വതി പാർക്ക് , വിയറ്റനാം ബുദ്ധ സന്യാസി തിച് നാത് ഹാനിന്റെ നോവൽ ബ്രഹ്മചാരിണി ഫാഥ്വിമ മെർനീസിയുടെ മുഖപടത്തിനപ്പുറത്തെ നേരുകൾ എന്നീ നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കനലെഴുത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.