സഖാവ് എന്‍.സി.ആര് നാരായണനെ പാര്‍ട്ടി പുറത്താക്കിയതിന്റെ പിറ്റേന്ന്, അരിയങ്കോട്ട് നൂറുദീന്‍ മുസല്യാര്‍ പുറപ്പെട്ടുപോയ ദിവസം, ചിദംബരം ചെട്ടിയാരുടെ കൈയില്‍ നിന്ന് ഒരു ആയുര്‍വേദഗ്രന്ഥം വാങ്ങാന്‍ അഞ്ചാം പീടികയില്‍ വണ്ടിയിറങ്ങിയ രണ്ടുപേരില്‍ ഒരാളുടെ ശവം ഇന്നുവരെ കണ്ടെത്തിയിട്ടില്ല.
തൊണ്ണൂറ്റി രണ്ടില്‍ കാണാതായ അച്ഛനെത്തേടി ഒരു മകന് നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വിഷയമാക്കിയാണ് യുവകഥാകൃത്ത് അബിന്‍ ജോസഫ് എഴുതിയ കല്യാശ്ശേരി തീസിസ് എന്ന കഥ. അദ്ദേഹത്തിന്റെ എട്ട് കഥകള്‍ സമാഹരിച്ച് കല്യാശ്ശേരി തീസിസ് എന്നപേരില്‍ ഇപ്പോള്‍ ഡി സി ബുക്സ് പുറത്തിറക്കി. പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
ജീവിതത്തിന്റെ ഉപ്പും മുളകും പുരട്ടി, അലങ്കാരങ്ങളില്ലാത്ത ഭാഷയിലാണ് ഈ കഥകള്‍ അവതരിപ്പിക്കുന്നത്. കല്യാശ്ശേരി തീസിസ്, 100 മില്ലി കാവ്യജീവിതം, ഹിരോഷിമയുടെ പ്യൂപ്പ, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍, ഒ.വി.വിജയന്റെ കാമുകി, സഹയാത്രിക, പ്രതിനായകന് തുടങ്ങി പ്രമേയപരമായി വ്യത്യസ്തത പുലര്‍ത്തുന്ന കഥകളാണ് കല്യാശ്ശേരി തീസിസ് എന്ന സമാഹാരത്തില്‍ ഉള്ളത്.
പത്രപ്രവര്‍ത്തകനായ അബിന്‍ ജോസഫിന് കല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്മെന്റ്, കലാകൗമുദി കഥാപുരസ്കാരം, അങ്കണം അവാര്‍ഡ്, രാജലക്ഷ്മി കഥാപുരസ്കാരം, അകം മാസിക കഥാ അവാര്‍ഡ്, ഉറൂബ് അവാര്‍ഡ്, കണ്ണൂര്‍ യൂൂണിവേഴ്സിറ്റി കഥാപുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
The post പുതിയ കാലത്തിന്റെ കഥാവഴി appeared first on DC Books.