“ഇന്നലെ ചെയ്തോരബദ്ധം മൂഡര്‍ക്ക് –
ഇന്നത്തെ ആചാരമാവം –
നാളത്തെ ശാസ്ത്രമതാവാം –
അതില്‍ മൂളായ്ക സമ്മതം രാജ” — ആശാന്‍
ലോകാരംഭം മുതല്‍ക്കിങ്ങോട്ട് ശാശ്വതമായി കോണ്‍ക്രീറ്റിട്ടുറപ്പിച്ചതുപോലെ മാറ്റമില്ലാതെ നിന്നിട്ടുള്ള ഒരു സദാചാര വ്യവസ്ഥയും ഇല്ല. ഓരോ കാലത്തിനും അതിന്‍റേതായ സദാചാര വ്യവസ്ഥയുണ്ട്. അടുത്തു വരുന്ന കാലഘട്ടം അതില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകുന്നു. ഏതാണ് ശരി, ഏതാണ് തെറ്റ്, അത് തീരുമാനിക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യങ്ങളാണ്. ഒരു വ്യക്തിയുടെ സദാചാരബോധ്യം മറ്റൊരു വ്യക്തിയുടെ സദാചാരബോധ്യവുമായി വൈരുദ്ധ്യം പുലര്‍ത്തിക്കൊണ്ടാണ് വര്‍ത്തമാനകാലത്തില്‍ നിലനില്‍ക്കുന്നതുപോലും. അതാണ് ആശാന്‍ ചൂണ്ടിക്കാട്ടിയത്. പുതുതലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി സംഗീത ശ്രീനിവാസൻ സദാചാരത്തെ കുറിച്ചുള്ള തന്റെ നിലപാട് മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയോട് തുറന്നു പറഞ്ഞു.
സെക്‌സ് ചെയ്യേണ്ട സമയത്ത് ചെയ്യുക. അത് കഴിഞ്ഞാല്‍ അത് വിടുക. സെക്‌സ് മാത്രമായി മനസ്സില്‍ നില്‍ക്കുമ്പോഴാണ് അല്ലെങ്കില്‍ അതിനു കഴിയാതെ വരുമ്പോഴാണ് ആവശ്യമില്ലാത്ത കുനുഷ്ടും കുശുമ്പും മനസ്സില്‍ വന്ന് നിറയുന്നതും മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ കണ്ണിട്ട്, കൈ കടത്തി, തല കടത്തി സ്വന്തം ആസനം ചൊറിഞ്ഞ് എരിച്ചല്‍ തീര്‍ക്കേണ്ടിയും വരുന്നത്. എന്നിട്ടും നില്‍ക്കാത്ത എരിച്ചലാണ് മറ്റുള്ളവന്‍റെ സ്വാതന്ത്ര്യത്തില്‍ കൈ വയ്ക്കാനും അക്രമങ്ങളിലേയ്ക്കും നീളുന്നത്.
തലയ്ക്കകത്തു മുഴുവന്‍ രതിയാണ്, ഊതി വീര്‍പ്പിച്ച ജെനിറ്റല്‍ ബിംബങ്ങളുടെ മേളമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒന്നും താഴേയ്ക്കിറങ്ങി വരുന്നില്ല – ബ്രെയിന്‍ സെല്ലുകളില്‍ ഫെറ്റിഷിസം, ഫ്രോട്ട്യൌറിസം, മസോകിസം, പീഡൊഫീലിയ, സദാചാരം, സാഡിസം… (പട്ടിക എളുപ്പം തീരുന്നതല്ല). നല്ല ആചാരങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചു വന്നിരുന്ന സദാചാരം എന്ന പദം കാലങ്ങളിലൂടെ സ്വന്തം വൈകൃതങ്ങളുടെ മറക്കുടയായി മനുഷ്യന്‍ മാറ്റിയെടുത്തു. അതുകൊണ്ടായിരിക്കണം ഇന്ന് ആ പദം കുറഞ്ഞ പക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ലൈംഗിക വൈകൃതങ്ങളുടെ പട്ടികയിലായത്.
ഒരു വ്യക്തി മോറലാണോ, ഇമ്മോറലാണോ എന്ന് തീരുമാനിക്കുന്നത് അയാളുടെ, അവളുടെ വ്യക്തിപരമായ ഇടത്തില്‍, സമയത്തില്‍ അവരെന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും. കൊട്ടിഘോഷിക്കപ്പെടുന്ന ഓരോ സദാചാരവാദികളും അവരുടെ സ്വന്തം ഇടത്തില്‍ എത്ര നികൃഷ്ടമായാണ് ചിന്തിക്കുന്നതെന്ന് ആലോചിച്ചാല്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയും. (മനസ്സ് നൈർമല്യമായിരിക്കുന്നിടത്തോളം ഒരു വിധത്തിലുള്ള കൊട്ടിഘോഷണങ്ങളുടേയും ആവശ്യം ഇല്ല എന്നത് വസ്തുത). ബന്ധങ്ങളിലും, സമൂഹത്തിലും കോംപ്രമൈസ് ഇല്ലാതെ മുന്നേറാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് മാനസിക സ്വാതന്ത്ര്യവും, പ്രവൃത്തി സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. അവര്‍ ചെയ്യുന്നത് അവരുടെ ബുദ്ധിയ്ക്ക് നിരക്കുന്ന കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്ന അബോധപൂര്‍വ്വമോ, ബോധപൂര്‍വ്വമോ ആയ പ്രക്രിയ ആണ്. എന്നാല്‍ സമൂഹത്തിന് സംഭവിക്കുന്നത് സമൂഹം പല ബന്ധങ്ങളിലും ലിമിറ്റഡ് ആയി പോകുന്നു/കുരുങ്ങിക്കിടക്കുന്നു എന്നതാണ്. നിയന്ത്രണങ്ങള്‍ കൂടുംതോറും വൈകൃതങ്ങള്‍ കടന്നു കൂടും. നിയന്ത്രണങ്ങള്‍ ഇല്ലാത്ത സൈബര്‍ സ്‌പേസും നിയന്ത്രണങ്ങള്‍ മാത്രമുള്ള, ട്രാഫിക് പൊലീസ് കണക്കെയുള്ള സമൂഹവും പൊരുത്തക്കേടുകളുടെ മണ്ടരിയാണ് പരത്തിവിടുന്നത്.