ഗുഹ പറഞ്ഞു; “അഭയം വേണമെങ്കില്‍ നിങ്ങള്‍ക്ക് അകത്തേക്കു വാരാം. പക്ഷേ അരയില്‍ ചുറ്റിയ ആ ജീര്‍ണ്ണതയുണ്ടല്ലോ അത് വലിച്ചെറിയണം.”
കേട്ടമാത്രയില്‍ ഇരുവരും ഉടുതുണി ഉരിഞ്ഞ് ചാലിലേക്ക് വലിച്ചെറിഞ്ഞു. പൂര്‍ണനഗ്നരായി. ഗുഹ അരുമയോടെ ശബ്ദിച്ചു; “വരൂ”..
നീണ്ട സമരങ്ങളിലൂടെയും ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഇടപെടലുകളിലൂടെയും ഏറെനാള്‍ കേരളത്തില്‍ സജീവമായിരുന്നു കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമി. അത് ടിവി ചാനലുകളിലും പത്രങ്ങളിലും ഫീച്ചറുകളിലും കണ്ട് മനഃസാക്ഷിയുള്ളവരെയൊക്കെ അസ്വസ്ഥരാക്കിയതാണ്. ഈ യാഥാര്‍ത്ഥ്യത്തെ ഒരു നോവലാക്കി അവതരിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് എന്‍മകജെ എന്ന കൃതിയിലൂടെ അംബികാസുതന്‍ മാങ്ങാട് വിജയകരമായി പൂര്‍ത്തിയാക്കിയത്.
മനുഷ്യന്റെ അന്ധമായ ഇടപെടല്‍ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥയാണ് അംബികാസുതന്‍ മാങ്ങാട് എന്‍മകജെയിലൂടെ പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ വിഷത്തിന് ഇരയായിത്തീര്‍ന്ന കാസര്‍കോട്ടെ എന്‍മകജെ എന്ന ഗ്രാമവാസികളുടെ ദുരന്തത്തിലേക്ക് വിരല്‍ചൂണ്ടുന്നതോടൊപ്പം സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തോട് ഭരണ കൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നതാണ് ഈ നോവല്‍. 25 വര്‍ഷം നീണ്ടു നിന്ന വിഷ പ്രയോഗം ഒരു നാടിനെ എല്ലാ രീതിയിലും നിശ്ശബ്ദമാക്കി എന്ന് നോവല്‍ വിലപിക്കുന്നു. കൂടാതെ നാട്ടു വിശ്വാസത്തെ പറ്റിയും ആചാര അനുഷ്ടാനത്തെ പറ്റിയും നോവല്‍ വിശദീകരിക്കുന്നു. ഗുഹാവാസികളായ പഴയകാലത്തേക്ക് എന്തുകൊണ്ട് മനുഷ്യര്‍ക്ക് തിരിച്ചുപൊയ്ക്കൂടാ എന്നും നോവലിസ്റ്റ് ചോദിക്കുന്നു.
കാഴ്ച്ചകളുടെ നേരിട്ടുള്ള വിവരണത്തേക്കാളേറെ അവയെ ഭാവനാപരമായാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്.എന്നാല്‍ ജീവനുള്ളതും അല്ലാതതുമായ നൊമ്പരങ്ങളെ അതേപടി പകര്‍ത്താനും അംബികാസുതന്‍ മാങ്ങാട് ശ്രമിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിഷയം പുറം ലോകമറിയുന്നതിനു മുമ്പു തന്നെ നോവലിനാവശ്യമായ വിവര ശേഖരണം പൂര്‍ത്തിയായതിനാല്‍ 2000- 2001 കാലങ്ങളിലെ ഗ്രാമാവസ്ഥയാണ് നോവലില്‍ പ്രതിപാദിക്കുന്നത്.
നീലകണ്ഠന്‍ ദേവയാനി എന്നീ കേന്ദ്രകഥാപാത്രങ്ങളിലൂടെയാണ് എന്‍മകജെയിലെ കഥവളരുന്നത്. എന്‍ഡോസള്‍ഫാന്‍ വിതച്ച വിഷവിത്തില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങളെയും സദാചാരത്തിന്റെ കാവലാളാകാന്‍ ശ്രമിക്കുന്ന ജനങ്ങളെയും നമുക്ക് ഈ നോവലില്‍ കാണാം. ഒടുവില്‍ സ്ത്രീയും പുരുഷനുമായി മനുഷ്യന്റെ കപടതകളില്‍ നിന്നും വിട്ട് കാട്ടുമൃഗ്ഗങ്ങളെ സഹവായികളാക്കി കാടിന്റെ വന്യതയിലേക്ക് അവര്‍മറയുന്നിടത്ത് നേവല്‍ അവസാനിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൂടിയാണ് എന്‍മകജെ.
എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ നേരിട്ട്‌പോവുകയും അവിടുത്തെ ദയനീയാവസ്ഥ നേരില്‍ കാണുകയും പഠിക്കുകയും ചെയ്തതിനുശേഷാണ് അധ്യാപകനായ അംബികാസുതന്‍ മാങ്ങാട് അവിടുത്ത ഗ്രാമത്തിന്റെ പേരില്‍തന്നെ നോവല്‍ രചിച്ചത്. ഇറങ്ങിയ നാള്‍മതല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച പുസ്തകത്തിന്റെ 15 -മത് പതിപ്പ് ഇപ്പോള്‍ പുറത്തിറക്കി.
കാസര്‍ഗോട് നഹറു കോളേജില്‍ മലയാളം വിഭാഗം അധ്യാപകനായ അംബികാസുതന്‍ മാങ്ങാടിന് അങ്കണം, കാരൂര്‍, ഇതള്‍, ഇടശേരി, ചെറുകാട്, അബുതാബി ശക്ത്തി, മലയാറ്റൂര്‍ പ്രൈസ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കൊമേര്‍ഷ്യല്‍ ബ്രേക്ക് എന്ന കഥയ്ക്ക് കേരളാ സര്‍ക്കാരിന്റെ മികച്ച ചെറുകഥയ്ക്കുള്ള ടെലിവിഷനവാര്‍ഡ് . സാധാരണ വേഷങ്ങള്‍, വേട്ടച്ചേകോന്‍ എന്ന തെയ്യം എന്നിങ്ങനെ എട്ടോളം ചെറുകഥാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. സി ടി അച്ചുത മേനോനും മലയാള വിമര്‍ശനവും, ഓര്‍മ്മകളുടെ നിറബലി, ബഷീര്‍ ഭൂമിയുടെ കാവല്‍ക്കാരന്‍ എന്നിവയാണ് പ്രധാന നിരൂപണ ഗ്രന്ഥങ്ങള്‍ . ജീവിതത്തിന്റെ ഉപമ എന്ന ക്യാമ്പസ് നോവലും, പൊഞ്ഞാറ് എന്ന നാട്ടു ഭാഷ നിഘണ്ടുവും രചിച്ചു. മരക്കാപ്പിലെ തെയ്യങ്ങളാണ് മറ്റൊരു പ്രധാന നോവല്‍.