സമീപകാലകത്ത് സാഹിത്യലോകത്തുനിന്നും പിന്‍തിരിയേണ്ടിവന്ന പെരുമാള്‍മുരുകന്‍ ഇപ്പോള്‍ സാഹിത്യലോകത്ത് സജീവസാന്നിദ്ധയമാകുകയാണ്. അതിനുമുന്നോടിയായി അദ്ദേഹം കഴിഞ്ഞ ദിവസം 200 കവിതകളടങ്ങുന്ന ഒരു കവിതാസമാഹാരം പുറത്തിറക്കുകയയുണ്ടായി. ഇപ്പോള്‍ അദ്ദേഹം എഴുത്തിന്റെയും വായനയുടെയും ലോകത്ത് മുഴുകുകയാണ്. തമിഴ് സാഹിത്യലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരി സി എസ് ലക്ഷ്മി എന്ന അംബയിയുടെ അന്തേരി മേംപാലത്തില്‍ ഒരു സിന്തിപ്പ് എന്ന കഥാസമാഹാരവും മലയാളത്തിലെ ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ തസ്‌ക്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ എന്ന പുസ്തകത്തിന്റെ തമിഴ് പരിഭാഷ ‘തിരുടന്‍ മണിയന്‍ പിള്ള’യുടെ വായനയിലാണ്. മണിയന്‍ പിള്ളയുടെ ജീവിതം തന്നെ ഏറെസ്വാധീനിച്ചു എന്ന് അദ്ദേഹം പറയുന്നു.
ഒരു പുസ്തകത്തിലും മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു ജീവചരിത്രമാണ് തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ. 1950ല്‍ കൊല്ലം ഇരവിപുരം വാളത്തുംഗലില്‍ ജനിച്ച മണിയന്‍പിള്ള 1970കളില്‍ കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളില്‍ ഒരാളായിത്തീര്‍ന്നു. 78 അവസാനം ഇടവകേസില്‍ മോഷ്ടിച്ച 92 പവന്‍ സ്വര്‍ണ്ണവും 22000 രൂപയുമായി ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം നാട് വിട്ട മണിയന്‍ പിള്ള പിന്നെ അവതരിച്ചത് സലിം പാഷയായായിരുന്നു. മൈസൂരില്‍ നഞ്ചന്‍ കോഡ് താലൂക്കിലെ ഹെഡിയാള ഗ്രാമത്തിലെ കിരീടം വെയ്ക്കാത്ത രാജാവായി മാറിയ സലിം പാഷ അവിടെ 117 ഏക്കര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. നൂറുകണക്കിന് ഏക്കറുകളിലെ പുകയില വാങ്ങി സംഭരിച്ചിരുന്നതും അയാളായിരുന്നു.
രണ്ട് നാലു ദിനം കൊണ്ട് തണ്ടിലേറിയവന്റെ അവസ്ഥയായിരുന്നു മണിയന്‍ പിള്ളയെ കാത്തിരുന്നത്. സമ്പല്‍ സമൃദ്ധിയുടെയും ജനസമ്മതിയുടെയും മടിത്തട്ടില്‍ കിടന്ന അയാള്‍ 1983ല്‍ കര്‍ണ്ണാടക നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി. അപ്പോഴാണ് വിധി കേരളാപോലീസിന്റെ രൂപത്തില്‍ അയാളെ തേടിയെത്തിയത്. അറസ്റ്റ് ചെയ്ത സമയത്ത് നഞ്ചന്‍കോട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധീനതയില്‍ ആസ്തികള്‍ ലേലം ചെയ്ത വകയില്‍ മാത്രം 93 ലക്ഷം രൂപയുണ്ടായിരുന്നു. 31 വര്‍ഷം മുമ്പായിരുന്നു ഈ തുക എന്നോര്‍ക്കുമ്പോഴാണ് കള്ളന്റെ നഷ്ടത്തിന്റെ ആഴം ബോധ്യപ്പെടുന്നത്.
അതിസാഹസികമായ തന്റെ ജീവിതകഥ രണ്ടും കല്പിച്ച് മണിയന്‍ പിള്ള തുറന്നെഴുതിയത് 2008ല്‍ ആയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ആ തുറന്നെഴുത്തില്‍ കള്ളനു കഞ്ഞി വെയ്ക്കാന്‍ മലയാള മനോരമയില്‍ സീനിയര്‍ സബ് എഡിറ്ററും എഴുത്തുകാരനുമായ ജി.ആര്‍.ഇന്ദുഗോപന്‍ ഒപ്പമുണ്ടായിരുന്നു. കള്ളന്റെ അനുഭവങ്ങളും ഇന്ദുഗോപന്റെ ഹൃദ്യമായ ഭാഷയും ചേര്‍ന്നപ്പോള്‍ ഒരു മികച്ച വായനാനുഭവമായി മാറി തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഏഴാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
The post പെരുമാള്‍മുരുകന്‍ തസ്‌ക്കരന്‍ വായിക്കുന്നു appeared first on DC Books.