മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ തിരൂരിലെ തുഞ്ചന്‍ പറമ്പിൽ ഇനി രണ്ടുനാൾ സാഹിത്യ സംഗമത്തിന്റെ ധന്യ നിമിഷങ്ങൾ. ‘മാധ്യമം’ 30 ാം വാര്‍ഷികത്തോടനുബന്ധിച്ച ലിറ്റററി ഫെസ്റ്റ് ശനി , ഞായർ ദിവസങ്ങളിൽ തുഞ്ചൻപറമ്പിനെ പൂവണിയിക്കും.
ശനിയാഴ്ച രാവിലെ 10ന് ജ്ഞാനപീഠം ജേതാവ് എം.ടി. വാസുദേവന്‍നായരും മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗ്രന്ഥകാരനുമായ രാജ്മോഹന്‍ ഗാന്ധിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
ഗള്‍ഫ് മാധ്യമം കമല സുരയ്യ പുരസ്കാരം സക്കറിയക്ക് സമര്‍പ്പിക്കും. തുടർന്ന് സക്കറിയയുടെ പ്രഭാഷണവുമുണ്ടാകും. സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍, ഡോ. കെ. ജയകുമാര്‍, രവി ഡി.സി, മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, ലിറ്റററിഫെസ്റ്റ് ഡയറക്ടര്‍ പി.കെ. പാറക്കടവ് എന്നിവര്‍ പങ്കെടുക്കും.
മലയാളത്തിലെ പ്രമുഖ സാഹിത്യ പ്രതിഭകൾ തങ്ങളുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന വേദികളിൽ കാലിക പ്രസക്തങ്ങളായ വിഷയങ്ങളായിരിക്കും അവതരിപ്പിക്കുന്നത്. ‘തലയോലപ്പറമ്പ്’ വേദിയില്‍ ‘പൊരുതുന്ന കാമ്പസ്’ ചര്‍ച്ചയിൽ ഹെബ അഹ്മദ്, രാഹുല്‍ സോന്‍പിംപ്ളെ പുനറാം, ബോബി കുഞ്ഞു, ആര്‍. കാവ്യശ്രീ, പി.കെ. സാദിഖ് എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരത്തെ തസ്രാക്കിൽ മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദനും കെ.ആര്‍. മീരയും എഴുത്തനുഭവം പങ്കുവെക്കും.
സാഹിത്യോത്സവത്തിലെ മറ്റൊരു സെഷനായ ‘മലയാളത്തിലെ മലപ്പുറം’ പുതുമയേറിയതാണ്. എം.ജി.എസ്. നാരായണന്‍, ബി. രാജീവന്‍, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. എം.എച്ച്. ഇല്ല്യാസ്, എ.പി. കുഞ്ഞാമു, ഡോ. ജമീല്‍ അഹ്മദ് എന്നിവരാണ് മലയാളത്തിന്റെ മലപ്പുറത്തിൽ പങ്കെടുക്കുന്നത്. ‘പൊന്നാനിക്കളരി’ വേദിയില്‍ ‘പുതുതലമുറ: എഴുത്തും രാഷ്ട്രീയവും’ ചര്‍ച്ചയില്‍ അംബികാസുതന്‍ മാങ്ങാട്, ഡോ. സി. ഗണേശ്, അര്‍ഷദ് ബത്തേരി, ഡോ. എം.ബി. മനോജ്, വി.എച്ച്. നിഷാദ്, വിനോയ് തോമസ്, ലിജിഷ എ.ടി, എസ്. കലേഷ് എന്നിവര്‍ അണിനിരക്കും.
കുരീപ്പുഴ ശ്രീകുമാര്‍, ഇ.കെ.എം. പന്നൂര്‍, പി.പി. രാമചന്ദ്രന്‍, ഒ.പി. സുരേഷ്, മണമ്പൂര്‍ രാജന്‍ബാബു, വി.പി. ഷൗക്കത്തലി, വീരാന്‍കുട്ടി, പി.എ. നാസിമുദ്ദീന്‍, ആര്യഗോപി, കെ.ടി. സൂപ്പി, ഗിരിജ പാതേക്കര, സുഷമ ബിന്ദു, പി.പി. റഫീന എന്നിവര്‍ പങ്കെടുക്കുന്ന കവിയരങ്ങും ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ ചര്‍ച്ചയില്‍ പങ്കെടുക്കാൻ വാക്കുകൾക്ക് വാളിന്റെ മൂർച്ചയുമായി സച്ചിദാനന്ദന്‍, സേതു, മനുചക്രവര്‍ത്തി, ടി.ഡി. രാമകൃഷ്ണന്‍, കല്‍പറ്റ നാരായണന്‍, സുനില്‍ പി. ഇളയിടം, ഡോ. കൂട്ടില്‍ മുഹമ്മദലി, ഡോ. യാസീന്‍ അശ്റഫ് എന്നിവരുമുണ്ടാകും.
തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ നടക്കുന്ന ‘മധുരമെന്‍ മലയാളം’ പരിപാടിയില്‍ എം.ടി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, നടന്‍ മധു, ഡോ. എം. ലീലാവതി, അക്കിത്തം, റംല ബീഗം എന്നിവരെ ആദരിക്കും. തുടര്‍ന്ന് പാട്ടെഴുത്തിന്‍െറ അനശ്വര പ്രതിഭകള്‍ക്ക് ഗാനാഞ്ജലിയുമായി എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള. ലിറ്റററി ഫെസ്റ്റിലേക്ക് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പ്രവേശനം അനുവദിക്കും.