”പതാകകൾ ചായം പൂശിയ വെറും തുണിക്കഷ്ണം മാത്രമാണ്. ഭരണകൂടം അതുകൊണ്ട് ആദ്യം മനുഷ്യന്റെ തലച്ചോറ് മൂടും. പിന്നീട് മരിച്ചവരെ അടക്കുന്ന ചടങ്ങിൽ ശവക്കച്ചയായി ഉപയോഗിക്കും’ എന്ന് അരുന്ധതി ഒരിക്കൽ എഴുതി ?
നമ്മളിവിടെ കൊട്ടിഘോഷിക്കുന്ന ദേശഭക്തി എന്ന സങ്കൽപത്തോട് എനിക്കൊട്ടും ആദരവില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം നമുക്ക് താല്പര്യമില്ലാത്ത സമുദായങ്ങളെ അടക്കി നിർത്തനുള്ള ഒരു വിദ്യ മാത്രമാണത്. നിങ്ങൾ ഒന്നിനെയും സംരക്ഷിക്കുന്നില്ല. മറ്റെയാൾ നിങ്ങൾക്കെതിരാണെന്നു പറയും.അത് ഉൾപ്പെടുത്തലല്ല. സ്നേഹിക്കലുമല്ല , വെറുപ്പിനെ മുൻനിർത്തിയുള്ള നിരീക്ഷണമാണ്.അതുകൊണ്ടാണ് എനിക്ക് ഇത്തരം ദേശസ്നേഹം സ്വീകാര്യമല്ലാത്തത്. ഇന്ത്യയിൽ അസമത്വം സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു. എഴുത്തിൽ നിന്നും സാമൂഹ്യ സേവനത്തിലേക്ക് തിരിഞ്ഞ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ദേശീയതയെകുറിച്ചുള്ള അഭിപ്രായമിങ്ങനെയാണ്.
പച്ചക്കുതിര മാസികയ്ക്കു വേണ്ടി രവിഡിസിക്ക് നൽകിയ അഭിമുഖത്തിലാണ് ‘ഗോഡ് ഓഫ് സ്മാൾ തിങ്ങ്സി’ ലൂടെ മാൻ ബുക്കർ പുരസ്കാരം ആദ്യമായി ഇന്ത്യയിലെത്തിച്ച എഴുത്തുകാരി അരുന്ധതി റോയ് ഇങ്ങനെ പ്രതികരിച്ചത്. വ്യക്തവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളിലൂടെ എഴുത്തിന്റെ മൗലികമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോയ എഴുത്തുകാരിയാണ് അരുന്ധതി റോയി. പലകാലങ്ങളില്‍ മലയാളത്തിലെ വിവിധ മാധ്യമങ്ങള്‍ക്ക് അരുന്ധതി റോയി അനുവദിച്ച സംഭാഷണളുടെ സമാഹാരമാണ് ‘ഞാന്‍ ദേശഭക്തയല്ല‘ എന്ന പുസ്തകം. ആശയങ്ങളെ കൂടുതൽ സംവാദാത്മകമാക്കുകയും ചരിത്രത്തെ പുനഃ പരിശോധനനയ്ക്ക് പ്രേരിപ്പിക്കുന്നതുമാണ് അരുന്ധതിയുടെ ചിന്തകൾ. എഴുത്തുപോലെ തന്നെ സുഭദ്രമാണ് അരുന്ധതിയുടെ സംഭാഷണങ്ങളും. ജീവിതവും എഴുത്തും ദേശീയതയും മാവോയിസവും അരുന്ധതി റോയി വിശദീകരിക്കുന്നത് ജനാധിപത്യത്തെ മുൻനിർത്തിയാണ്.
വിവിധ സാഹചര്യങ്ങളിൽ തയ്യാറാക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ അഭിമുഖവും. ബുക്കർ പ്രൈസ് ലഭിച്ച നോവലും ഗാന്ധിയും അംബേദ്കറും മാവോയിസവും , അയ്മനവും വിവിധ തലങ്ങളിൽ അരുന്ധതിയെ അഭിമുഖീകരിക്കുന്നതിന്റെ കാഴ്ചകൾ ഈ അഭിമുഖത്തിൽ നമുക്ക് കാണാം. 1997 മുതലുള്ള സംഭാഷണങ്ങളുടെ പുസ്തകമാണ് ഞാന്‍ ദേശഭക്തയല്ല. കഥാകൃത്ത് ബി. മുരളി, ഐ ഷണ്‍മുഖദാസ്, രവി ഡി സി, ലീന ചന്ദ്രന്‍, എന്‍. കെ. ഭൂപേഷ്, വിശ്വനാഥന്‍, ഇ. കെ. പ്രേം കുമാര്‍, യു.ജയചന്ദ്രന്‍ തുടങ്ങിയവർ നടത്തിയ അഭിമുഖങ്ങളോടൊപ്പം പച്ചക്കുതിര മാസികയ്ക്കു വേണ്ടി രവി ഡി സി നടത്തിയ അഭിമുഖവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന അഭിമുഖങ്ങളെ ഏകോപിപ്പിച്ചത് ഗവേഷകനായ ഇ കെ പ്രേംകുമാറാണ്. പുസ്തകത്തിന്റെ ആദ്യഡി സി പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.