മറ്റൊരു ക്രിക്കറ്റ് കളിക്കാരനിലും ജനങ്ങള്‍ ഇത്രമാത്രം പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടില്ല: മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരുക്കുകളുടെയും തിരിച്ചടികളുടെയും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. വേദനകളില്‍ ഒരുമിച്ച് തേങ്ങി. നേട്ടങ്ങളില്‍ ഒന്നിച്ച് ആറാടി. ഒടുവില്‍ ഏറ്റവുമധികം റണ്ണുകളുടെയും സെഞ്ച്വറികളുടെയും എണ്ണത്തില്‍, എന്തിന് റെക്കോഡുകളുടെ എണ്ണത്തില്‍ പോലും റെക്കോഡിട്ട് സച്ചിന്‍ വിടവാങ്ങിയപ്പോള്‍ രാജ്യമൊന്നടങ്കം തേങ്ങി. കളിക്കളത്തിനകത്തെയും പുറത്തെയും മാന്യമായ പെരുമാറ്റം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ അദ്ദേഹത്തെ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചു.
ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം, തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും, ക്രിക്കറ്റിന്റെ കൊടുമുടി കയറി അതിന്റെ നിറുകയില്‍ നിന്നുള്ള വികാരഭരിതമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം തുറന്നുപറയുന്ന പുസ്തകമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി. ലോകമെങ്ങും വില്പനയില്‍ തരംഗങ്ങള്‍ തീര്‍ത്ത ഈ കൃതി ഡി സി ബുക്സ് ‘എന്റെ ജീവിതകഥ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു.
തന്റെ ജീവിതത്തിലെയും കരിയറിലെയും നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് സച്ചിന്‍ തുറന്നെഴുതുകയാണ് എന്റെ ജീവിതകഥയിലൂടെ. ജീവിതത്തില്‍ നാമോരുരുത്തരും പിന്തുടരേണ്ട അര്‍പ്പണബോധത്തിന്റെയും സത്യസന്ധതയുടെയും രാജ്യസ്‌നേഹത്തിന്റെയും സംഭവബഹുലമായ ആഖ്യാനമാണ് ഇതില്‍ സച്ചിന്‍ നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കും വായനാകുതുകികള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്നതാണ് എന്റെ ജീവിതകഥ.
‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാംസ്‌കാരികചരിത്രം’ എന്ന വിഷയത്തില്‍ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോണ്‍സ് കോളേജില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ബോറിയ മജൂംദാര്‍ക്കൊപ്പം ചേര്‍ന്നാണ് സച്ചിന്‍ തന്റെ ആത്മകഥയുടെ രചന നിര്‍വ്വഹിച്ചത്. മേഘാ സുധീറാണ് പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. രവീന്ദ്രനാഥ ടാഗോറിന്റെ യോഗായോഗ്, ഉദ്യാനം, ജമീല്‍ അഹ്മദിന്റെ ദി വാന്‍ഡറിങ് ഫാല്‍കണ്‍ (അലയും പരുന്ത്) തുടങ്ങിയവയുടെ തര്‍ജ്ജമ നിര്‍വ്വഹിച്ചത് മേഘയായിരുന്നു.പുസ്തകത്തിന്റെ നാലാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്