രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് സിനിമയുടെ തിക്കഥ പാഠപുസ്തകമാകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സിനിമാപ്രേമികളും വിദ്യാര്‍ത്ഥികളും ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാലിപ്പോള്‍ ആകാംക്ഷനിറഞ്ഞ ആക്ഷന്‍രംഗങ്ങള്‍കൊണ്ട് മലയാളിക്ക് വിസ്മയക്കാഴ്ചകളുടെ വിരുന്നൊരുക്കിയ, നൂറുകോടിയിലധികം കളക്ഷന്‍ നേടി മോളീവുഡിന്റെ ബോക്‌സ് ഓഫീസ് ചരിത്രം തന്നെ തിരുത്തിക്കുറിച്ച പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും അണിയറ വിശേഷങ്ങളും പുസ്തകരുപത്തില്‍ എത്തുകയാണ്.
പുലിമുരുകന്റെ അണിയറക്കഥകള്‍ക്കു മാത്രമല്ല വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും ഇപ്പോഴും ഒട്ടും പഞ്ഞമില്ല. ചിത്രത്തിന്റെ ചിത്രീകരണവും മറ്റും സംബന്ധിച്ച് കഥകള്‍ക്ക് വന്‍പ്രചാരമാണ് ഇപ്പോഴും ലഭിക്കുന്നത്. മോഹന്‍ ലാല്‍ മരത്തില്‍ ഓടിക്കയറുന്നതിന്റെയും പുലിയുമൊത്തുള്ള സംഘട്ടനരംഗങ്ങളുടെയും സെറ്റിലെ തമാശകളുടെയുമൊക്കെ വീഡിയോ ക്ലിപ്പിംഗുകള്‍ക്കു വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.ആക്ഷന്‍രംഗങ്ങളും സാങ്കേതികത്തികവും കൊണ്ട് മലയാളക്കരയിലെ തിയേറ്ററുകളില്‍ പുലിമുരുകന്‍ സൃഷ്ടിച്ച ആരവം ഇനിയും അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ ചിതച്രത്തിന്റെ സാങ്കേതിക വശങ്ങളെയും, ചിത്രീകരണ വിശേഷങ്ങളും ഒന്നൊഴിയാതെ പങ്കുവയ്ക്കുന്ന പുലിമുരുകനെപ്പറ്റി ഒരു സമ്പൂര്‍ണ പുസ്തകം വായനക്കാരിലെത്തുകയാണ്. പേര്- പുലിമുരുകന്‍; ബോക്‌സ് ഓഫീസിലൊരു ഗര്‍ജ്ജനം. മാധ്യമപ്രവര്‍ത്തകനായ ടി അരുണ്‍ കുമാറാണ് പുസ്തകം തയ്യാറാക്കുന്നത്.
പുലിമുരുകനെകുറിച്ചുള്ള സമ്പൂര്‍ണ്ണ പുസ്തകം പുറത്തിറക്കുന്ന വിവരം മോഹന്‍ ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
മോഹന്‍ ലാലിന്റെയും സാങ്കേതിക പ്രവര്‍ത്തകരുടെയുമൊക്കെ അഭിമുഖങ്ങള്‍ കോര്‍ത്തിണക്കി മൂന്നു ഭാഗങ്ങളായിട്ടാണ് പുസ്തകം ഒരുക്കിയിരിക്കുന്നതെന്ന് ടി അരുണ്‍ കുമാര്‍ പറഞ്ഞു. ചിത്രത്തെ സംബന്ധിച്ച് എഴുത്തുകാരന്റെ സ്വതന്ത്ര നിരീക്ഷണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ആദ്യഭാഗം. എന്തുകൊണ്ട് ചിത്രം ബോക്‌സ് ഓഫീസ് ഇളക്കിമറിച്ചു എന്നതിന്റെ സാമൂഹ്യ മന:ശാസ്ത്രവും ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളുടെ വസ്തുനിഷ്ഠപരമായ വിലയിരുത്തലും ഇവിടെ വായിക്കാം.
സംവിധായകന്‍ വൈശാഖുമായുള്ള ദീര്‍ഘസംഭാഷണമാണ് രണ്ടാം ഭാഗം. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ താന്‍ നേരിട്ട വെല്ലുവിളികളും സമ്മര്‍ദ്ദങ്ങളുമൊക്കെ സംവിധായകന്‍ വായനക്കാരോട് സംവദിക്കുന്നു. പുലിയുടെ ചലനങ്ങള്‍ ക്യാമറയിലൊതുക്കാന്‍ ഇരുപതുദിവസത്തോളം തായ്‌ലന്‍ഡിലെ കാടുകളില്‍ കഴിഞ്ഞതും പാതിവഴിയില്‍ പടം വഴിമുട്ടുമെന്ന നിലവന്നതും അഥവാ ചിത്രം പുറത്തിറങ്ങി പരാജയപ്പെട്ടാല്‍ സിനിമ ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതുമൊക്കെ വൈശാഖ് തുറന്നു പറയുകയാണിവിടെ.
മോഹന്‍ ലാലിന്റെയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണന്റെയും ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനിന്റെയും കാമറാമാന്‍ ഷാജി കുമാറിന്റെയുമൊക്കെ സംഭാഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് മൂന്നാം ഭാഗം. ബാഹുബലിക്ക് ശബ്ദമൊരുക്കിയ പി എന്‍ സതീഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുലിമുരുകന്‍ അനുഭവങ്ങള്‍ വിവരിക്കുന്നു. വിഎഫ്എക്‌സ് ടീമിന്റെ ഓര്‍മ്മകള്‍ കൂടിയാകുമ്പോള്‍ സാങ്കേതിക വിദ്യയുള്‍പ്പെടെ സിനിമയുടെ സമഗ്ര കൗതുകങ്ങളിലേക്കാവും തികിച്ചും സാധാരണക്കാരായ പ്രേക്ഷകരെ പുസ്തകം വഴി നടത്തുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങും.