ജനങ്ങൾക്ക് താൽപര്യമുള്ള , ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന , ജനങ്ങളെ അണിനിരക്കാൻ പ്രേരിപ്പിക്കുന്ന , ജനങ്ങളെയാകെ യോജിപ്പിക്കാൻ കഴിയുന്നതാകണം മുദ്രാവാക്യങ്ങൾ.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളുടെ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ ഒരു യുഗത്തിന്റെ വീര്യം പകരുന്നവയാണ്. കേരളപ്പിറവിയുടെ 60 ാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഡി സി ബുക്സിന്റെ കേരളം 60 എന്ന പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളെല്ലാം ആ വീര്യം എടുത്തുകാണിക്കുന്നവയുമാണ്. നീതി നിഷേധത്തിന്റെയും , അവകാശങ്ങളുടെയും ചോരതിളയ്ക്കുന്ന പ്രതിഷേധ സ്വരമായിരുന്ന നമ്മുടെ മുദ്രാവാക്യങ്ങൾ സർവ്വതോമുഖമായ നമ്മുടെ വളർച്ചാഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതായിരുന്നു. വിവിധകാലങ്ങളിലായി കേരളത്തിൽ ഉയർന്നുകേട്ട നിരവധി രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ആദ്യമായി സമാഹരിക്കപ്പെടുകയാണിവിടെ , തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പുസ്തക രൂപത്തിൽ.
1957 ലെ ആദ്യ മന്ത്രിസഭ മുതലുള്ള ആറു പതിറ്റാണ്ടു കാലത്തെ മൂർച്ചയും , മുഴക്കവുമുള്ള മുദ്രാവാക്യങ്ങളെ കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളിലേക്കുമുള്ള ഒരന്വേഷണമാണ് തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകം.
വർഷങ്ങൾ പഴക്കമുള്ള മുദ്രാവാക്യങ്ങൾ എഴുതിയവരും , വിളിച്ചവരും ഏറ്റുപറഞ്ഞവരും ഒന്നും ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് പുസ്തക രചനയുടെ ഘട്ടങ്ങളിൽ ഗ്രന്ഥകർത്താവ് ജോർജ് പുളിക്കന് ഒരു വെല്ലുവിളിയായിരുന്നു. പിന്നീട് അരികത്തും അയലത്തുമുള്ള കണ്ടവരും , കേട്ടവരും , അറിഞ്ഞവരുമെല്ലാം ഉത്സാഹത്തോടെ സഹകരിച്ചു. അങ്ങനെ മുദ്രാവാക്യങ്ങൾ തേടി കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ സഞ്ചരിച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വർത്തമാനങ്ങൾക്കുമിടയിൽ വാർന്നു വീണ മൊഴിമുത്തുകൾക്കിടയിലൂടെ ഓരോ കാലഘട്ടങ്ങൾ കടന്നുപോയി.
ഇന്ത്യാ നാടിതു കത്തുന്നു
കത്തുന്നു തീപുകയുന്നു
ദില്ലിക്കോട്ടയിൽ പുതിയൊരു നീറോ
വീണമീട്ടി രസിക്കുന്നു
നമ്മള് കൊയ്യും വയലെല്ലാം , നമ്മുടെതാകും പൈങ്കിളിയെ …..ഒന്നും കെട്ടും രണ്ടും കെട്ടും ഇ എം എസ്സിന്റോളേം കെട്ടും ….. തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല …..തുടങ്ങിയ മുദ്രാവാക്യങ്ങളുടെ താളവും വരികളിലെ സത്യ സന്ധതയുമെല്ലാം ജനങ്ങൾ അപ്പാടെ നെഞ്ചേറ്റുകയായിരുന്നു. തിരുവിതാംകൂറും കൊച്ചിയും , മലബാറും ഒന്നായി ഐക്യകേരളം പിറന്നപ്പോൾ മലയാളക്കര മതിമറന്നാഘോഷിച്ചു. അന്നത്തെ മുദ്രാവാക്യങ്ങളിതായിരുന്നു.
പഥം പഥം ഉറച്ചു നാം
പാടി പാടി പോകുക
പാരിലൈക്യ കേരളത്തിൻ
കാഹളം മുഴക്കുവാൻ
എല്ലാ ജനങ്ങളെയും ആകർഷിക്കാൻ കഴിയുന്നതും എല്ലാ ജനജീവിതത്തെയും സ്പർശിക്കാൻ കഴിയുന്നതുമായ ഒരാശയത്തെ ഏറ്റവും ലളിതമായി സംഗീതാത്മകമായ ഒരു വാക്യം കൊണ്ട് ജനഹൃദയങ്ങളിൽ എത്തിക്കുകയാണ് മുദ്രാവാക്യങ്ങൾ ചെയ്യുന്നത്. അങ്ങിനെ നോക്കുമ്പോൾ ഗാന്ധിജി ഉയർത്തിയ ഉപ്പു സത്യാഗ്രഹം എന്ന സന്ദേശമാണ് ഇന്ത്യ കേട്ട ഏറ്റവും മനോഹരമായ മുദ്രാവാക്യമെന്ന് എഴുത്തുകാരനായ പീരപ്പൻകോട് മുരളി പറയുന്നു.കേരളത്തിന്റെ സാമൂഹിക , രാഷ്ട്രീയ ചരിത്രത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ അവ രൂപപ്പെട്ട സന്ദർഭങ്ങൾ , എന്നിവ വിശദീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകമാണ് ജോർജ്ജ് പുളിക്കൻ എഴുതിയ ‘തോറ്റ ചരിത്രം കേട്ടിട്ടില്ല. പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.
മാതൃഭൂമി ന്യൂസിൽ ധിം തരികിട തോം എന്ന പരിപാടിയുടെ അവതാരകനായിരുന്നു ജോർജ്ജ് പുളിക്കൻ. ജയ്ഹിന്ദ് ടിവി , മനോരമ , മാതൃഭൂമി , ഇന്ത്യാവിഷൻ , ഏഷ്യാനെറ്റ് ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്ന ജോർജ്ജ് പുളിക്കൻ ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചിത്രം വിചിത്രം പരിപാടിയുടെ അവതാരകനാണ്.