ബ്രിട്ടീഷ് വംശജനായ ഇന്ത്യന്‍ നോവലിസ്റ്റും എഴുത്തുകാരനും ബാലസാഹിത്യകാരനുമായ റസ്‌കിന്‍ ബോണ്ട് ദ റൂം വിത്ത് ഏ റൂഫ് എന്ന നോവലെതികൊണ്ട് തന്റെ പതിനേഴാം വയസ്സിലാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. ഈ നോവല്‍ ജോണ്‍ ലീവെല്ലിന്‍ റൈസ് സ്മാരക സമ്മാനത്തിനു അര്‍ഹമായി. പിന്നീട് ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളില്‍ ശ്രദ്ധേയനായ റസ്‌കിന്‍ ബോണ്ട് ഏകദേശം അഞ്ഞൂറോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഭാരതീയ സംസ്‌കാരവും ഗ്രാമീണ ജീവിതത്തിന്റെ മൂല്യങ്ങളും അദ്ദേഹത്തിന്റെ കൃതികളില്‍ കാണാന്‍ സാധിക്കുന്നതാണ്. ബാലസാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1999 ല്‍ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
കുട്ടിക്കാലത്തേ വായനശീലമാക്കിയ റസ്‌കിന്‍ വായിച്ചതിലധികവും കുട്ടിക്കഥകളും, നോവലുകളുമാണ്. അതുകൊണ്ടുതന്നെ കുട്ടിക്കഥകള്‍ എഴുതിയാണ് അദ്ദേഹം പ്രശസ്തനായതും. കൂടുതലും തന്റെ അനുവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അദ്ദേഹം കഥകള്‍ എഴുതിയിരുന്നത്. കുട്ടികള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനായ അദ്ദേഹത്തിന്റെ ദ റൂം ഓഫ് മെനി കളേഴ്‌സ് എന്ന കഥാസമാഹാരത്തിന്റെ മലയാള വിവര്‍ത്തനമാണ് മഴവില്ലുകളുടെ ലോകം.
അമ്മൂമ്മയോടൊത്ത് ഒരു സഞ്ചാരം, മൃഗ്ഗങ്ങള്‍ തീവണ്ടിയില്‍, സിംലയിലെ കളിക്കളങ്ങള്‍, മരങ്ങളെ സ്‌നേഹിച്ച മുത്തച്ഛന്‍, ഭൂതംകയറിയ സൈക്കിള്‍ തുടങ്ങി നാല്പതോളം കഥകളുടെ സമാഹാരമാണ് മഴവില്ലുകളുടെ ലോകം. അധ്യാപികയായ രാധാമണിക്കുഞ്ഞമ്മയാണ് ഈ പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ്മ ചെയ്തിരിക്കുന്നത്.
റസ്‌കിന്‍ ബോണ്ടിന്റെ ഏറ്റവും പുതിയകഥകളുടെ സമാഹാരമായ മഴവില്ലുകളുടെ ലോകം ഏതുപ്രായത്തിലുള്ളവര്‍ക്കും വായിച്ചാസ്വദിക്കാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന കഥകളാണ് ഇതിലുള്ളത്. കഴിഞ്ഞ അഞ്ചുദശാബ്ദങ്ങളായി ഓര്‍മ്മയില്‍ സൂക്ഷിക്കാനും ചിന്തിക്കാനും പറ്റിയ കഥകളും കഥാപാത്രങ്ങളും നല്‍കിയ റസ്‌കിന്‍ബോണ്ടിന്റെ ഈ കഥകള്‍ ഏതൊരുകുട്ടിയും വായിച്ചിരിക്കേണ്ടതുതന്നെയാണ്. 2011ല്‍ പ്രസിദ്ധീകരിച്ച മഴവില്ലുകളുടെ ലോകം ഇപ്പോള്‍ മൂന്നാം പതിപ്പിലെത്തിയിരിക്കുകയാണ്.