2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച സഞ്ചാര സാഹിത്യ കൃതിക്കുള്ള അവാര്‍ഡ് ലഭിച്ച മരുഭൂമിയുടെ ആത്മകഥ എന്ന കൃതിയുടെ തുടര്‍ച്ചയായി വി.മുസാഫര്‍ അഹമ്മദ് രചിച്ച പുസ്തകമാണ് മരുമരങ്ങള്‍. മരുഭൂമിയുടെ കഥയാണ് മരുമരങ്ങള്‍. കടലോളം കണ്ണെത്താത്ത അറേബ്യന്‍ മണല്‍നിലങ്ങളിലെ ആരും കാണാത്തതും പറയാത്തതുമായ അത്ഭുതകഥകള്‍ മുസാഫര്‍ അഹമ്മദ് വായനക്കാര്‍ക്കായി തുറന്നുവെക്കുന്നു. ആണ്ടുകളോളം മണ്ണില്‍ പൂഴ്ന്ന് തപസ്സ് കിടക്കുന്ന വിത്ത് മരുഭൂമിയില്‍ പെയ്യുന്ന ഒറ്റമഴയില്‍ മുളപൊട്ടി മരുമരമാകുന്നതുപോലെ വരണ്ട മണല്‍ക്കാറ്റിലും വാക്കിന്റെ ആര്‍ദ്രമായ പച്ചപ്പായി നമ്മെ വിസ്മയിപ്പിക്കുന്നു ഈ ആഖ്യാനങ്ങള്‍. ജീവന്റെ തുടിപ്പുകള്‍ എവിടെയുണ്ടന്നും അത് അന്വേഷിച്ചു കണ്ടെത്തുന്നതാണ് ജീവിതയാത്രയുടെ സാഫല്യമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന അകകാഴ്ചകളാണ് മരുമരങ്ങള്‍ പങ്കുവയ്ക്കുന്നത്.
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ദഹ്ന മരുഭൂമിയിലെ ബറക് അല്‍വാദി( അല്‍ഖര്‍ജിനും വാദിദവാസിറിനും ഇടയിലുള്ള മരുപ്രദേശം) പ്രദേശത്തുകൂടി നടത്തിയ യാത്രയുടെ വിവരണമാണ് മുസാഫര്‍ അഹമ്മദ് മരുമരങ്ങളില്‍ വിവരിക്കുന്നത്. കണ്ണെത്താദൂരത്തോളം കയറ്റിറക്കങ്ങളില്‍ തിളങ്ങിക്കിടക്കുന്ന മണ്‍കൂനകളില്‍ പ്രത്യക്ഷപ്പെടുന്ന മരീചികയെന്ന മായാവലയത്തെക്കുറിച്ചും, മഞ്ഞുകാലത്തെ തണുപ്പിനെക്കുറിച്ചും, മരുഭൂമിയിലെ ഗ്രാങ്ങളെക്കുറിച്ചും, മരുഭൂമിയിലെ ഒരോ മണല്‍ത്തരിയെയും നീരീക്ഷിക്കുന്ന ബദുക്കളെക്കുറിച്ചുമെല്ലാം ഇവിടെ വിവരിക്കുന്നു. ഇവയെല്ലാം വായനക്കാര്‍ക്ക് പുതുമനല്‍കുന്ന കാഴ്ചകളാണ്. കേരളക്കരയിലുള്ളവരിലധികവും പ്രവാസലോകത്താണെങ്കിലും അവര്‍ പോലും എത്തിയിട്ടില്ലാത്ത.. കണ്ടിട്ടില്ലാത്ത..ഗ്രാമങ്ങളിലെയും മരഭൂമിയിലെയും കാഴ്ചകളുമാണ് മരുമരങ്ങളില്‍ തെളിയുന്നത്.
മണല്‍കാറ്റുവീശുന്ന മരുഭൂമിയുടെ മായാവലയത്തില്‍ അകപ്പെട്ടുപോകുന്നവരെയും കടുംചൂടിലും തലയുയര്‍ത്തി നില്‍ക്കുന്ന ഈന്തപ്പനകള്‍ക്കു കാവല്‍നില്‍ക്കുന്ന മണല്‍കാട്ടില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരെയും കിലോമീറ്ററുകളോളം ഒട്ടകങ്ങളെ മേച്ചുനടക്കുന്ന അന്യനാട്ടുകാരെയും ഗ്രാമവാസികളെയും, ഉപ്പുതടാകവും, മണ്‍കോട്ടകളും നമ്മളിവിടെ കണ്ടുമുട്ടുന്നു. മരുകാഴ്ചകളുടെ വശ്യമായ സൗന്ദര്യവും ചിത്രങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട്. പുസ്തകം വായിച്ചുതുടങ്ങുമ്പോള്‍ തന്നെ മുഭൂമിയിലെ ചൂടും ചൂടുകാറ്റും ഒട്ടകങ്ങളുടെ ശീല്‍ക്കാരങ്ങളും കാല്‍പാദങ്ങളിലേക്ക് തുളച്ചുകയറുന്ന ചൂടും അനുഭവപ്പെടുമെന്നുറപ്പാണ്. മറ്റ് യാത്രാവിവരണ ഗ്രന്ഥങ്ങളില്‍ നിന്നും ഈ കൃതിയെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.മുസാഫര്‍ അഹമ്മദ് തന്റെ ജീവിതത്തിലെ നീണ്ട 13 വര്‍ഷം സൗദി അറേബ്യയിലാണ് താമസിച്ചത്. ഈ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ യാത്രകള്‍ രേഖപ്പെടുത്തിയ മരുഭൂമിയുടെ ആത്മകഥ എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് പുറത്തുള്ളത്.