അനശ്വര മഹിമാവാർന്ന ഒരു തത്വജ്ഞാനത്തിന്റെ നേരെ തന്റെ ഹൃദയം കാലത്തികവിൽ സമർപ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാർത്ഥതയുടെയും ഉപഹാരമാണ് സുകുമാർ അഴീക്കോടിന്റെ തത്ത്വമസി. യൂറോപ്യൻ അധിനിവേശത്തിനു ശേഷം ഭാരതീയ തത്വചിന്ത കാലഹരണപ്പെട്ടതും അന്ധവിശ്വാസ ജടിലവുമാണെന്ന തോന്നൽ മറ്റെല്ലായിടത്തുമെന്ന പോലെ മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് ഭാരതീയ തത്വചിന്തയുടെ സൂക്ഷ്മാംശങ്ങളെ പുനരാനയിക്കാനും ഈ ഗ്രന്ഥത്തിലൂടെ സുകുമാർ അഴീക്കോടിന് കഴിഞ്ഞു. കേന്ദ്ര കേരള അക്കാദമി പുരസ്‌കാരം , വയലാർ അവാർഡ് , രാജാജി പുരസ്‌കാരം തുടങ്ങി 12 ബഹുമതികൾ ലഭിച്ച ഗ്രന്ഥമാണ് തത്ത്വമസി.
വാഗ്‌ഭടാനന്ദഗുരുവിനെ തന്റെ ഗുരുവായും ഗുരുവിന്റെ ആത്മവിദ്യ എന്ന വേദാന്തോപന്യാസസമാഹാരത്തെ തന്റെ വേദോപനിഷദ്പഠനങ്ങൾക്കുള്ള ആദ്യ പാഠമായും കരുതുന്ന അഴിക്കോടിന്റെ പ്രശസ്ത രചനകളിലൊന്നാണിത്. മലയാളത്തിൽ മറ്റൊരു തത്വചിന്താ പഠനത്തിനും ലഭിക്കാത്ത അഭൂതപൂർവ്വമായ സ്വീകരണമാണ് ഈ കൃതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.1984 ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് 2000 ത്തിലാണ് പ്രസിദ്ധീകരിച്ചത്. പിന്നീടിങ്ങോട്ടുള്ള പതിനേഴ് വർഷങ്ങൾ കൊണ്ട് പുസ്തകത്തിന്റെ 21 പതിപ്പുകളാണ് പുറത്തിറങ്ങിയത്. ഓരോ വർഷവും ഓരോ പതിപ്പ് എന്നനിലയിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ തത്ത്വമസി എന്ന ഗ്രന്ഥം അതിന്റെ ജനസ്വീകാര്യതയാണ് കാണിക്കുന്നത്.
ഉപനിഷത്ത്, ഉപനിഷത്തുകൾ, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തത്ത്വമസി ക്രമീകരിച്ചിരിക്കുന്നു. ഉപനിഷത്ത് എന്ന ഒന്നാം ഭാഗത്തിൽ ‘ആത്മാവിന്റെ ഹിമാലയം’, ‘എന്താണ് ഉപനിഷത്ത്?’, ‘വേദവും ബ്രാഹ്മണങ്ങളും’, ‘ആരണ്യകങ്ങൾ’, ‘ഉപനിഷത്ത്-ചില വസ്തുതകൾ’, ‘ഉപനിഷത്തിന്റെ സന്ദേശം’ എന്നിങ്ങനെ ആറു അദ്ധ്യായങ്ങളുണ്ട്. ആത്മാവിന്റെ ഹിമാലയം എന്ന ആദ്യ അദ്ധ്യായത്തിൽ ഭാരതീയരും പാശ്ചാത്യരുമായ പണ്ഡിതരുടെ അഭിപ്രായങ്ങളെ കോർത്തിണക്കി കൊണ്ട് ഗ്രന്ഥകാരൻ ഹിമാലയം ഉപനിഷത്തിന്റെ ഭൂമിശാസ്ത്രപശ്ചാത്തലവും ഉപനിഷത്ത് ഹിമാലയത്തിന്റെ ആത്മീയ പശ്ചാത്തലവുമാണെന്ന വിശദീകരണം നൽകുന്നു.
ഉപനിഷത്തുകൾ എന്ന രണ്ടാം ഭാഗത്തിൽ ‘ഈശം’, ‘കേനം’, ‘കഠം’, ‘പ്രശ്നം’, ‘മുണ്ഡകം’, ‘മാണ്ഡൂക്യം’, ‘തൈത്തരീയം’, ‘ഐതരേയം’, ‘ഛാന്ദോഗ്യം’, ‘ബൃഹദാരണ്യകം’ എന്നീ ദശോപനിഷത്തുകളുടെ ദർശനങ്ങൾ ഒരോ അദ്ധ്യായങ്ങളായി വിശദമാക്കപ്പെടുന്നു.
ഉപസംഹാരം എന്ന അവസാനഭാഗത്തിലെ ‘വിശ്വദൃഷ്ടിയിൽ’, ‘നാളെയുടെ മുമ്പിൽ’ എന്നിങ്ങനെയുള്ള രണ്ട് അദ്ധ്യായങ്ങളിൽ ആദ്യത്തേതിൽ അനേകം ചിന്തകരുടെ ഉപനിഷത്തുകളോടുള്ള സമീപനവും കാഴ്ചപ്പാടുകളും ഗ്രന്ഥകാരൻ അനുസ്മരിക്കുന്നു. അവരിൽ ദ്വൈത- അദ്വൈത ദർശനങ്ങളുടെ പ്രയോക്താക്കൾ മുതൽ സ്വാമി വിവേകാനന്ദൻ,ടാഗോർ, ഗാന്ധിജി, നെഹ്രു, ഡോ.രാധാകൃഷ്ണൻ തുടങ്ങിയ ആധുനിക ഭാരതീയരും മാക്സ്മുള്ളർ, പോൾ ഡോയ്സൻ തുടങ്ങിയ വിദേശിയരും ഉൾപ്പെടുന്നു. ‘നാളെയുടെ മുമ്പിൽ’ എന്ന അവസാന അദ്ധ്യായത്തിൽ ഉപനിഷത്തുകളുടെ കാലാതീതമായ പ്രസക്തിയും പ്രാഭവവും ചർച്ച ചെയ്യപ്പെടുന്നു.
സുകുമാർ അഴിക്കോട് 1926 മേയ് 12 ന് ജനിച്ചു. പ്രൈമറിതലം മുതൽ പരമോന്നത സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. വിവിധഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടവ ഉൾപ്പെടെ മുപ്പത്തഞ്ചിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. 2012 ജനുവരി 24 ന് അന്തരിച്ചു.
സുകുമാർ അഴീക്കോടിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ