അനുവാചക ഹൃദയത്തെ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് പിസി കുട്ടികൃഷ്ണൻ എന്ന ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷ സിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയിൽ വിവേകം ചിലപ്പോൾ മാറിനിൽക്കും.ഉമ്മാച്ചുവിനും അത് തന്നെ സംഭവിച്ചു. ബീരാന്റെ ഘാതകനായ മായനെ വരിച്ചു.
വ്യക്തിയുടെ അഭിലാഷവും സാമൂഹിക നീതിയും തമ്മിലുള്ള ഒരു സംഘർഷം.ഏറനാടൻ സാമൂഹിക പശ്ചാത്തലത്തിൽ ഉറൂബ് ഉമ്മാച്ചുവിൽ വരച്ചു കാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴിയിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികർമ്മത്തിന് മികച്ച ഉദാഹരണമാണ് ഉമ്മാച്ചു. സ്നേഹിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ കഴിയാതെവന്ന സ്ത്രീയുടെ കഥയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ പറയുന്നത്.
കാമിനിമൂലമുണ്ടായ കലഹങ്ങളുടെ കഥയാണ് ഉമ്മാച്ചു. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹികജീവിത ചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യാനിക്കുന്ന ഈ കൃതിയിലൂടെ ഗ്രാമ വിശുദ്ധിയുള്ള ഉമ്മാച്ചുവും ബീരാനും മായനും ചാപ്പുണ്ണി നായരും ചിന്നമ്മുവും ഹൈദ്രോസും തുടങ്ങിയവരെല്ലാം മലയാള മനസ്സിൽ ഇന്നും മായാത്ത ഓർമ്മകൾ നിലനിർത്തുന്നു. 1954 ഡിസംബർ മാസത്തിലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രശസ്ത കഥാകാരൻ എൻ പി മുഹമ്മദിന്റെ ആമുഖ പഠനത്തോടെ യായിരുന്നു പുസ്തകം പുറത്തിറങ്ങിയത്. 1991 ഒക്ടോബർ മുതൽ ഉമ്മാച്ചു ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു.
ലളിതമായ ജീവിതാവിഷ്കരണമാണ് ഉറൂബിന്റെ കല. പ്രസാദവും മാധുര്യവും ഊറിനിൽക്കുന്ന ഭാഷാശൈലി അദ്ദേഹത്തിന്റെ മീഡിയവും. ഉമ്മാച്ചുവും ചിന്നമ്മുവും കൂടുതൽ ഗൗരവക്കാരികളായിരുന്നുവെങ്കിൽ അവർ ജീവസ്സുറ്റ കഥാപാത്രങ്ങളാകുമായിരുന്നു നർമ്മബോധവും , പ്രതിപാദനരീതിയും ഉറൂബിന്റെ കഥാശരീരത്തെ പൊന്നണിയിക്കുന്നു. ഭാഷാസാഹിത്യത്തിനു ഒരു നൂതനരീതി പരിചയപ്പെടുത്തുന്ന ഉറൂബിന്റെ കലാവിരുന്ന് അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും എല്ലാം കാണാം.
1952ല്‍ ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകനായ സംഗീത സംവിധായകന്‍ കെ. രാഘവനെക്കുറിച്ചുള്ള ലേഖനം മാതൃഭൂമിയില്‍ എഴുതിയപ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. ഉമ്മാച്ചു എന്ന നോവലിന്റെ തുടർച്ചയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ. 1958ൽ നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉമ്മാച്ചുവിന് ലഭിച്ചു. കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍ .
മലയാള ചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നീലക്കുയില്‍ എന്ന ചലച്ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ഉറൂബാണ്. രാരിച്ചന്‍ എന്ന പൗരന്‍ , നായര് പിടിച്ച പുലിവാല്, മിണ്ടാപ്പെണ്ണ്, കുരുക്ഷേത്രം, ഉമ്മാച്ചു, അണിയറ എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വ്വഹിച്ചു. 1971ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉമ്മാച്ചുവിലൂടെ അദ്ദേഹത്തിന് ലഭിച്ചിരുന്നു.1979 ജൂലൈ 10ന് കോട്ടയത്തു വച്ച് അന്തരിച്ചു
വെറുമൊരു കഥാകാരനായിരുന്നില്ല പി.സി.കുട്ടികൃഷ്ണന്‍ . ജീവിതസന്ദേശ പ്രചാരണമാണ് തന്റെ കൃതികളിലൂടെ അദ്ദേഹം നടത്തിയത്. സൂക്ഷ്മ നിരീക്ഷണവും വിദഗ്ധ വര്‍ണ്ണനയും കാവ്യഭാഷയും എല്ലാം അതിനദ്ദേഹത്തെ സഹായിക്കുകയായിരുന്നു. , ഉമ്മാച്ചു, രാച്ചിയമ്മ തുടങ്ങി അദ്ദേഹത്തിന്റെ നോവലുകളും കഥകളും എല്ലാം ഈ സത്യത്തെ ഉദ്‌ഘോഷിക്കുന്നു.