മിമിക്രിയുടെ കാലമാണിത്. മറ്റു ശബ്ദങ്ങളുടെ അനുകരണങ്ങളില്‍ മുഴുകി സ്വന്തം ശബ്ദവും വ്യക്തിത്വവും വരെ മറന്നുപോകുന്ന മനുഷ്യര്‍ പ്രപഞ്ചത്തില്‍ പെരുകുന്ന കാലം. അസഹിഷ്ണുതയും മതമാത്സര്യവും ചതിയുടെ അസുരപതാകകള്‍ വീശുന്ന കാലം. ആ കാലത്തെ കൂസലില്ലായ്മയോടെ പ്രതിരോധിക്കുന്ന ചെറുകഥകളുടെ സമാഹാരമാണ് മിമിക്രി. യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ വി. ദിലീപിന്റെ കഥാ സമാഹാരം മിമിക്രി.
ജനാധിപത്യത്തിന്റെ അടിയാധാരമായ ലിംഗസമത്വത്തിനായുള്ള നിലവിളിയാണ് ദിലീപിന്റെ ‘മിമിക്രി‘ എന്ന കഥ. എല്ലാ ജീവിതങ്ങളെയും ശബ്ദം കൊണ്ട് പകര്‍ത്താമെന്ന് വിശ്വസിക്കുന്ന മിമിക്രി കലാകാരന്‍ പെണ്ണിന്റെ നിലവിളിക്ക് മുമ്പില്‍ മാത്രം പരാജയപ്പെടുന്നു. അതില്‍ അയാള്‍ക്കുണ്ടാകുന്ന കുറ്റബോധം സാമൂഹികമായ ഉത്തരവാദിത്വമില്ലായ്മയായി ഗണിക്കപ്പെടുന്നു. ബലാത്സംഗത്തോടുള്ള നമ്മുടെ മനോഭാവം വ്യക്തമാക്കുന്ന കഥയാണ് ‘ആഴം’.
വാമൊഴി ജീവിതം എഴുത്ത് ജീവിതമായി മാറുന്നതിനിടയിലെ പരിണാമദശയിലാണ് കുടുംബഘടനയിൽ തളച്ചിട്ട പെൺ ജീവിതം വിമോചനം പ്രാപിക്കുന്നതെന്ന് സാമാന്യ ധാരണയെ പൊലിപ്പിച്ചെടുക്കുന്ന കഥയാണ് മിമിക്രി. ലോകം ഇത്ര പുരോഗമിച്ചിട്ടും, ഫെമിനിസവും പെണ്ണെഴുത്തും വന്നിട്ടും, വീടും തൊഴുത്തുമായി കഴിയുന്ന ഒട്ടും പരിഷ്‌കാരമില്ലാത്ത പെണ്ണിന്റെ കഥയാണ് ‘അവള്‍ എഴുത്തുകാരിയാണ്’ എന്ന കഥ. ആണ്‍ ഉരുവപ്പെടുത്തുന്ന സങ്കല്പനങ്ങളെ ഒന്നാകെ തട്ടിമറിക്കുന്ന കഥയാണ് ‘കളിസ്ഥലം’. പുരുഷന്റെ കൊതിയുടെ തിക്കിലും തിരക്കിലും പെട്ട് ചവിട്ടിയരയ്ക്കപ്പെട്ട പെണ്‍സ്വരമാണ് ‘കുര്യാക്കോസ് ഇന്നു വായിച്ച കവിത’ വെളിവാക്കുന്നത്.
നിയന്ത്രണരേഖ, അഞ്ചിലൊരാള്‍, ദു:ഖിതയായ ഒരു പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് എഴുതുന്നു, ദൗത്യം, കച്ചവടം, സൈക്കിള്‍, കന്യാഗണിതം, ചോറൂണ്, രയരോത്ത് മീത്തല്‍ കേളപ്പേട്ടന്റെ കലാജീവിതം തുടങ്ങിയ കഥകളും അടങ്ങുന്ന മിമിക്രി എന്ന സമാഹാരത്തില്‍ ആകെ 14 കഥകളാണുള്ളത്. സൂക്ഷ്മവായനയിൽ പേന ജീവിത വിനിമയങ്ങളുടെ കൂടി തുടിപ്പായി നിൽക്കുകയാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും.മിമിക്രിയുടെ രണ്ടാം പതിപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
തൃശൂര്‍ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജേര്‍ണലിസം അധ്യാപകനായ വി.ദിലീപിന് കെ.എം.കൊടുങ്ങല്ലൂര്‍ അവാര്‍ഡ്, അങ്കണം ഇ.പി.സുഷമ എന്‍ഡോവ്‌മെന്റ്, എ.പി.പി. നമ്പൂതിരി അവാര്‍ഡ്, എം.ജി യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ പുരസ്‌കാരം, ഭരത് മുരളി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗം, ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും എന്നീ കഥാസമാഹാരങ്ങളും തീയില്‍ അലക്കിയ വസ്ത്രങ്ങള്‍ എന്ന നോവലും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.