ബുദ്ധിവൈഭവത്തിന്റെ കാര്യത്തില്‍ ആരെയും വെല്ലുന്നവളായിരുന്നു സുമുറുദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. ബാഗ്ദാദിലെ സമ്പന്ന യുവാവായിരുന്ന മന്‍സൂറിന്റെ ജോലിക്കാരിയായിരുന്നു അവള്‍. പിതാവിന്റെ മരണശേഷം സ്വന്തം സ്വത്തുക്കളെല്ലാം കളഞ്ഞുകുളിച്ച മന്‍സൂറിനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവള്‍ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു.
മന്‍സൂറിന് കച്ചവടം തുടങ്ങുവാനായി സ്വയം അടിമയാകാന്‍ ദയ തയ്യാറാകുന്നു. പതിനായിരം ദിനാറിന് തന്നെ വില്‍ക്കാനുള്ള ദയയുടെ നിര്‍ദ്ദേശമനുസരിച്ച് ചന്തയിലെത്തുന്ന ദയയേയും മന്‍സൂറിനേയും പരിചാരകര്‍ രാജാവിന്റെ സമക്ഷത്തെത്തിക്കുന്നു. അവിടെ അവളുടെ അറിവും ബുദ്ധിവൈഭവവും പരീക്ഷിക്കപ്പെടുന്നു. പണ്ഡിതന്‍മാരുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ പതറാതെ നിന്ന ദയയുടെ ബുദ്ധിക്ക് മുന്നില്‍ അവര്‍ തലകുനിച്ചു. ബുദ്ധിപരീക്ഷണങ്ങള്‍ വിജയിച്ച് സമ്മാനങ്ങളുമായി മടങ്ങിയ ദയയുടേയും മന്‍സൂറിന്റെ ജീവിതം പിന്നീട് പ്രതീക്ഷിച്ച പോലെയല്ല നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു. ആണ്‍വേഷം കെട്ടി ഒരു രാജ്യത്തിന്റെ മന്ത്രിപദത്തില്‍ വരെ എത്തിച്ചേരുന്നു ദയ എന്ന പെണ്‍കുട്ടി.
ദയ എന്ന ബുദ്ധിമതിയായ പെണ്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കായി എഴുതിയ നോവലാണ് ദയ എന്ന പെണ്‍കുട്ടി. 1992ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന് 1999ല്‍ ആദ്യ കറന്റ് ബുക്‌സ് പതിപ്പിറങ്ങി. പുസ്തകത്തിന്റെ ആദ്യ ഡി സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 2011ലാണ്. മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി.
ദയ എന്ന പെണ്‍കുട്ടിയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് വേണു സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ദയ. എം.ടി തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ദയയെ അവതരിപ്പിച്ചത്. മികച്ച നവാഗത സംവിധായകനുള്ള ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിലൂടെ വേണുവിന് ലഭിച്ചു. ഇവയുള്‍പ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഈ ചിത്രം നേടി.
സാഹിത്യത്തിന്റെയും സിനിമയുടേയും എല്ലാമേഖലയിലും കടന്നുചെന്ന് അവിടെയെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ച ആ മഹാപ്രതിഭയായ എം ടിയുടെ അസുരവിത്ത്, ഡാര്‍ എസ് സലാം, എംടിയുടെ കഥകള്‍, കാലം, എംടിയുടെ തിരക്കഥകള്‍, നാലുകെട്ട്, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, കാഥികന്റെ പണിപ്പുര, തന്ത്രക്കാരി, കിളിവാതിലിലൂടെ, നിന്റെ ഓര്‍മ്മയ്ക്ക്, മാണിക്യക്കലും കുട്ടിക്കഥകളും ചിത്രങ്ങളും, നാലുകെട്ട് തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.