മധുരതരമായ പ്രണയഗാനങ്ങള്‍ കൊണ്ട് സമൃദ്ധമാണ് മലയാള സിനിമാസംഗീതം.. എത്ര കേട്ടാലും മതി വരാത്ത, കേള്‍ക്കുന്തോറും മധുരമേറുന്ന നൂറുകണക്കിനു ഗാനങ്ങള്‍! ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളപ്രണയഗാനം?
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം…
പ്രിയതമാ..പ്രിയതമാ..
പ്രണയലേഖനം എങ്ങനെയെഴുതണം
മുനികുമാരികയല്ലേ…
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു
ഞാന്‍ ഒരുമാത്ര വെറുതേ നിനച്ചുപോയി…..,
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം...ഇങ്ങനെ നീളുന്നു ഓരോരുത്തരുടെയും ഇഷ്ടഗാനങ്ങള്‍. എന്നാല്‍ മറ്റുചിലര്‍ക്ക് ഒന്നല്ല ഒരമ്പതെണ്ണമെങ്കിലും കാണും എണ്ണിപ്പറയാന്‍. പുതിയകാലത്തെ ഗാനങ്ങളെക്കാള്‍ പഴയകാലത്തിന്റെ ഗൃഹാതുത്വമുണര്‍ത്തുന്ന ഗാനങ്ങളാണ് എല്ലാവര്‍ക്കും ഇഷ്ടം. റേഡിയോയിലൂടെയും പാട്ടുപെട്ടിയിലൂടെ ഒഴുകിയെത്തിയ പ്രണയഗാനങ്ങള്‍..അവ എത്രകേട്ടാലും മതിയാകില്ല. എത്രയോ പാട്ടുകള്‍ നിറച്ചതാണ് മനുഷ്യമനസ്സ്. കാലത്തില്‍ അവ വീണ്ടും വീണ്ടും തേങ്ങിപ്പാടുന്നു. പ്രണയവിഷാദം മധുരിച്ചു പറയുന്നു.ഓര്‍മ്മകളുടെ കൈവള കിലുങ്ങുന്നു. ഒരു പഴയപാട്ട് വരഞ്ഞുവെക്കുന്നത് ഓര്‍മ്മകളുടെ ഛായാചിത്രമാണ്. മനസ്സിലോമനിക്കുന്ന ഭൂതകാല ചിത്രങ്ങള്‍ വിങ്ങിവിടരാന്‍ പാട്ടുകള്‍ തന്നെ വേണം. ഇത്തരം ഓര്‍മ്മകളുണര്‍ത്തുന്ന പാട്ടുകള്‍ തന്നെയാണ് ഒരു ശശാരശരി മനുഷ്യനെ കാല്‍പനികനാക്കുന്നത്.
പി ഭാസ്‌കരന്‍, വയലാര്‍, ഒ എന്‍ വി, ശ്രീകുമാരന്‍തമ്പി, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, ഏഴാച്ചേരി, ദേവരാജന്‍, രവീന്ദ്രന്‍ തുടങ്ങി മലയാളത്തിലെ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ യേശുദാസ്, പി ലീല, പി സുശീല, ജയചന്ദ്രന്‍, എഎം രാജ, എസ് ജാനകി എന്നിവരുടെ ആലാപനത്തില്‍ അനശ്വരമാകുമ്പോള്‍ അത് സംഗീതാസ്വാദകര്‍ക്ക് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. എന്നെന്നും നിലനില്‍ക്കുന്ന നിറവാര്‍ന്ന ഓര്‍മ്മകളാണ് അവ സമ്മാനിക്കുന്നത്. അത് എല്ലാവരെയും ഭാവഗായകരും, കാമുകന്‍മാരുമാക്കും.
സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഹൃദയത്തില്‍ പ്രണയത്തിന്റെ നിലാവുകൊണ്ടുനടക്കുന്ന മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ വി ആര്‍ സുധീഷ്, മലയാളിയെ പ്രണയിക്കാന്‍ പഠിപ്പിച്ച സുന്ദരമായ പ്രണയഗാനങ്ങളെക്കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. അല്ലിയാമ്പല്‍ക്കടവ് എന്ന പുസ്തകത്തിലൂടെ. പ്രണയത്തിന്റെ ഋതുവ്യതിയാനങ്ങളിലൂടെ കാലം തോരോടിച്ചുപോയസംശുദ്ധമായ നാട്ടുപാതകളില്‍ നേര്‍ത്ത വെയിലും തണല്‍മരങ്ങളും പുഴകളും അലകളും തോണികളും പുലരിയും നിലാവും വിരിച്ച മുഗ്ധകല്പനകള്‍,ഒലിയനക്കം പോലും കേള്‍പ്പിക്കാതെ ഹൃദയങ്ങള്‍ നടന്നുതീര്‍ത്ത പ്രണയപെരുംപാതകള്‍…സഞ്ചരിച്ച് സുധീഷ് ചെല്ലുന്നതാകട്ടെ ജീവിക്കുന്ന വരികളും ഈണങ്ങളും ചേര്‍ന്ന് മൃതസഞ്ജിവന സൗന്ദര്യം നല്‍കിയ ഓര്‍മ്മകളിലേക്കാണ്.
ഒഎന്‍വിയും വയലാറും , പി ഭാസ്‌കരനും, ദേവരാജനും , ബാബുരാജും സലില്‍ ചൗധരിയും, ശ്രീകുമാരന്‍ തമ്പിയും എല്ലാം എഴുതി ഈണമിട്ട, മലയാള ചലച്രിത്രഗാനശാഖയെ ധന്യമാക്കിയവരുടെ മലയാളികള്‍ നെഞ്ചിലേറ്റിയ പ്രണയാതുരഗാനങ്ങളും അവയുടെ അര്‍ത്ഥസൗന്ദര്യവും ഓര്‍മ്മകളും വീണ്ടെടുക്കുകയാണ് അല്ലിയാമ്പല്‍ക്കടവ് എന്ന പുസ്തകത്തിലൂടെ.. കേരളം അറുപത് എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അല്ലിയാമ്പല്‍ക്കടവ്, വി ആര്‍ സുധീഷിന്റെ പ്രണയചന്ദ്രകാന്തം എന്ന പുസ്തകത്തിന്റെ വിപുലീകരിച്ചരൂപമാണ്.