ഹൃദയത്തെ പൊള്ളിക്കുന്ന അനുഭവങ്ങള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഈ സമാഹാരം.
യുവത്വത്തിന്റെ ലഹരിയായി മാറിയ രചനകളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്. തീക്ഷ്ണ വികാരങ്ങളുടെ അമ്ലത്തിരകളാല്‍ പൊള്ളിക്കുന്ന ആ ഭാഷയുടെ തീവ്രത അനുഭവക്കുറിപ്പുകളേയും വ്യത്യസ്ഥമാക്കുന്നു. ജീവിതഗന്ധിയായ 38 കുറിപ്പുകളുടെ സമാഹാരമാണ് ചിദംബരസ്മരണ. മനസ്സില്‍ അവശേഷിക്കുന്ന ഹൃദയസ്പര്‍ശി യായ ജീവിതരംഗങ്ങള്‍ക്ക് കവി വാഗ്‌രൂപം നല്‍കിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് ഓര്‍മ്മക്കുറിപ്പുകളുടെ പച്ചയായ ആവിഷ്‌കാരമാണ്. നമ്മളും ജീവിതത്തിന്റെ സന്ധികളില്‍ കണ്ടുമുട്ടിയിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന ചില കഥാപാത്രങ്ങളെയാണ് വ്യത്യസ്ത ലേഖനങ്ങളിലൂടെ ചുള്ളിക്കാട് നമുക്ക് പരിചയപ്പെടുത്തുന്നത്. കണ്ണീരുപ്പു കലര്‍ന്ന ഓര്‍മ്മയായി അവര്‍ എന്നും വായനക്കാരന്റെ മനസ്സിനെ വേട്ടയാടുകയും ചെയ്യും.
ജീവിതത്തിലെ പ്രതിസന്ധികളില്‍ പകച്ചുനിന്ന സന്ദര്‍ഭങ്ങളും സത്യസന്ധമായി ചുള്ളിക്കാട് തുറന്നുപറയുന്നു. കോളജ് പഠനകാലത്തുകാലത്തു തന്നെ വിവാഹം കഴിച്ച കവി നേരിട്ട പ്രതിസന്ധി കളെക്കുറിച്ചും രാഷ്ട്രീയബന്ധങ്ങളുടെ പേരില്‍ വീട്ടില്‍നിന്ന് തിരസ്‌കൃതനായതിനെക്കുറിച്ചും, പിന്നീട് നയിച്ച അലസ സജീവിതത്തെക്കുറിച്ചും, പിറക്കാനിരുന്ന മകനെ ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കിയ കഥ മുതല്‍ അലഞ്ഞുതിരിഞ്ഞ് നടന്ന കാലഘട്ടവും ജോലിക്ക് കയറിക്കഴിഞ്ഞുള്ള അനുഭവങ്ങളും വരെ ചുള്ളിക്കാട് ചിദംബര സ്മരണയില്‍ വിവരിക്കുന്നുണ്ട്.
സത്യസന്ധമായ ആത്മകഥായും ‘സ്വയം പുകഴ്തലിന്റെ’ ഒരു ജാടയും ഇല്ലാത്ത കൃതിയായും ചിദംബരസ്മരണയെ വിശേഷിപ്പിക്കാം. ഒരു തരത്തില്‍ ചിന്തിച്ചാല്‍, ഒരു പുനര്‍ജ്ജനിക്കു വേണ്ടിയുള്ള ദാഹത്തിന്റെ ഫലമായി എഴുതപ്പെട്ട കുമ്പസാരക്കുറിപ്പുകള്‍ ആയി തോന്നും ഈ പുസ്തകത്തിലെ പല അനുഭവങ്ങളും. വിശപ്പിന്റെയും വിപ്ലവത്തിന്റെയും കാമത്തിന്റെയും പിന്നെയുമൊരുപാട് വികാരങ്ങളുടെയും പച്ചയായ ജീവിതത്തിന്റെ മാനം! ചിദംബര സ്മരണ!
മലയാളത്തിലെ ഒരു പ്രമുഖ ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കുറിപ്പുകള്‍ 1998ലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. എല്ലാത്തരം വായനക്കാര്‍ക്കും ഇഷ്ടമാകുന്ന രചനാ ശൈലിയാണ് ചിദംബര സ്മരണയെ ഇത്രയും ജനകീയമാക്കിയത്. 2001ല്‍ ആദ്യ ഡി സി പതിപ്പിറങ്ങിയ പുസ്തകത്തിന്റെ ഇരുപത്തിനാലാമത് പതിപ്പാണിപ്പോള്‍ വിപണിയിലുള്ളത്. പതിനെട്ടു കവി തകള്‍, അമാവാസി, ഗസല്‍, ഡ്രാക്കുള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, ബാ ലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍, പ്രതിനായകന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാ ടിന്റെ പരിഭാഷാ കവിതകള്‍ എന്നിവയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേതായി ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍.