‘ബോധ്യമായില്ലേ, ഞാൻ തന്നെയാ’. തകഴി അടുത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നു. പിന്നെ വടി മേശപ്പുറത്തുവച്ച് മടിയിലെ മുറുക്കാൻപൊതി പുറത്തെടുത്തു.
‘ഓരോന്ന് ഓർത്തുപോയി.’ തകഴി ബാഹുലേയന്റെ നേർക്കുതിരിഞ്ഞു.
ഞാനും ഓർക്കുവാര്ന്നു.- ബാഹുലേയൻ ബീഡിയുടെ അവസാനത്തെ പുകയൂതി.
എന്നതാ?
ചെമ്മീനും തോട്ടിയുടെ മകനും രണ്ടിടങ്ങഴിയും കയറും വെള്ളപ്പൊക്കത്തിലും… ഓ പഴയ കഥകള്.. നന്നെ ചെറുപ്പത്തിലേ വായിക്ക്വാർന്നു.. ഇപ്പോ പെണ്ണും പെടക്കോഴീം ഒന്നും ഇല്ലേ?
കല്യാണം കഴിച്ചില്ല.
അതെന്താടാ നേരം കിട്ടിയില്ല്യേ?
തോന്നീല..
നിർബന്ധിക്കാൻ തന്തേ തള്ളേം ഇല്ലേ?
തന്ത മരിച്ചുപോയി. വേലുക്കുഞ്ഞ്.
തള്ളയോ?
അതൊരു കഥയാ..
പറയെടാ. കഥ കേൾക്കുന്നതൊരു രസമല്ല്യോ..
തള്ള അച്ഛനേം എന്നേം വിട്ട് വേറൊരാള്ടെ കൂടെപ്പോയി..
എന്നിട്ട്?
ഏഴു പെറ്റു.
കൊള്ളാം. ഉശിരുകാരിയാ..
എന്നെക്കൊണ്ടൊന്നും പറേക്കല്ല്.
തകഴി ആരോ കിക്കിളി ഉരുട്ടിയതുപോലെ ചിരിക്കുകയായി.
മലയാള നോവലിൽ പുതിയൊരു പരീക്ഷണമാണ് സിവി ബാലകൃഷ്ണന്റെ ലൈബ്രേറിയൻ. സ്വർഗ്ഗം പോലെ സുന്ദരമായ വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയത്തിൽ ജീവിക്കുന്ന ബാഹുലേയൻ എന്ന ലൈബ്രേറിയന്റെ ജീവിതത്തിലേക്ക് തകഴിയും , ബഷീറും ,മാധവിക്കുട്ടിയും ഓ വി വിജയനും എല്ലാം കടന്നു വരുന്നു. അച്ഛന്റെ ഓർമ്മയിൽ ബാഹുലേയൻ ആരംഭിച്ചതാണ് വേലുക്കുഞ്ഞ് സ്മാരക ലൈബ്രറി. നാട്ടുകാർക്ക് പുസ്തകം വായിക്കാനും ഒത്തുചേരാനും ഉള്ള ഒരിടം എന്നതും ബാഹുലേയന്റെ ലൈബ്രറി എന്ന സങ്കല്പത്തിന് പിന്നിൽ ഉണ്ടായിരുന്നു.
ലൈബ്രറിയിലെ ഏക വനിതാ അംഗം തങ്കമ്മാളുവും , സിദ്ധപ്പ മലരും സോമവ്രതനും എല്ലാം ലൈബ്രേറിയന്റെ ഗതി നിർണ്ണയിക്കുന്ന കഥാപാത്രങ്ങളാണ്.സിദ്ധപ്പമല്ലറുടെ കൊപ്രക്കളത്തിലെ ജോലിക്കാരിയായ പാറുവിന്റെ മകളായ തങ്കമ്മാളുവിനെ മല്ലർക്കു മകളെ കാഴ്ചവയ്ക്കാനാണ് ‘അമ്മ പാറുവിന്റെ ആഗ്രഹം. എന്നാൽ മല്ലറുടെ അടുത്തുനിന്ന് തങ്കമാളുവിനെ രക്ഷിച്ചതിന് ബാഹുലേയന് വലിയ വില നൽകേണ്ടി വരുന്നു. വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയം മല്ലറുടെ ആളുകൾ തീവയ്ക്കുന്നു. ദൂരെ ചരിത്രത്തിന്റെ ഏതോ കോണിൽ അലക്സാണ്ട്രിയിയലെ റോയൽ ലൈബ്രറി നേരിട്ട അതേ ദുർവിധി. ആളിപ്പടരുന്ന തീ. പുസ്തകങ്ങൾക്കിടയിലായി തൂവെള്ള വിവാഹവസ്ത്രമണിഞ്ഞു നിന്ന മരിയാ കൊദാമയെ അതിവൃദ്ധനെങ്കിലും നവവരന്റെ പ്രസരിപ്പോടെ ബോർഹെസ് ആശ്ലേഷിച്ചു- എന്തൊരു ചൂട്!
എഴുത്തിന്റെ പുതിയൊരു ലോകം വായനക്കാർക്കു മുന്നിൽ തുറന്നിട്ട് വീണ്ടും വിസ്മയിപ്പിക്കുകയാണ് സി വി നമ്മെ. പ്രമേയ സ്വീകരണത്തിന്റെ വൈവിധ്യമാണ് സി വിയുടെ ലൈബ്രേറിയൻ എന്ന പുസ്തകത്തിന്റെ പ്രത്യേകത. പുസ്തകങ്ങൾക്കുള്ളിൽ ജീവിക്കുന്ന എഴുത്തുകാരാണ് ഓരോ ലൈബ്രേറിയന്റെയും ജീവിതത്തിലെ സുഖ ദുഖങ്ങളുടെ പങ്കാളികൾ.
ജീവിതപുസ്തകങ്ങളുടെ വായനശാലയിൽ കാത്ത് കിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്മാരും ഒരു ലൈബ്രേറിയന്റെ ജീവിതത്തെ നിർണ്ണയിക്കുന്നതെങ്ങിനെയെന്ന് ലൈബ്രേറിയൻ എന്ന നോവൽ നമുക്ക് കാണിച്ചു തരുന്നു. മലയാളികൾക്ക് സുപരിചിതരായുള്ള എല്ലാ എഴുത്തുകാരും അണിനിരക്കുന്ന ലൈബ്രേറിയൻ ഏറെ പുതുമയുള്ള ഒരു ആഖ്യാനമായി വിലയിരുത്തപ്പെടുന്നു. 2014 നവംബറിൽ ആദ്യപതിപ്പ് പുറത്തിറങ്ങിയ ലൈബ്രേറിയന്റെ നാലാമത്തെ പതിപ്പാണ് ഡിസി ബുക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
നോവലിസ്റ്റ് , കഥാകൃത്ത് , തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ സിവി ബാലകൃഷ്ണൻ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി അവാർഡ് , മുട്ടത്തു വർക്കി അവാർഡ് , പത്മപ്രഭാ പുരസ്കാരം ,ബഷീർ പുരസ്‌കാരം ,ഒ . ചന്തുമേനോൻ പുരസ്കാരം എന്നിവ നേടി. സിവി ബാലകൃഷ്ണന്റെ 28 ഓളം കൃതികൾ ഡിസി ബുക്സ് മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.