എം ടി വാസുദേവന്‍ നായര്‍ എന്‍ പി മുഹമ്മദ് എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഇതിഹാസനോവലാണ് അറബിപ്പൊന്ന്. പ്രശസ്തരായ രണ്ട് കഥാകാരന്മാര്‍ ചേര്‍ന്നെഴുതിയ മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്ന ബഹുമതിയിയും ഈ നോവലിനുണ്ട്. ഒരുകാലത്ത് കേള്‍വികേട്ട അറബിപ്പൊന്ന് വ്യാപാരത്തെപറ്റിയുള്ള ചിന്തയാണ് രണ്ടുപേരെയും ഇത്തരമൊരു നോവലെഴുത്തിലേക്ക് കൊണ്ടെത്തിച്ചത്. അത് പിന്നീട് സാഹിത്യചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുകയായരുന്നു.
‘പൊന്ന്, കലര്‍പ്പില്ലാത്ത തനി പൊന്ന്. ഇന്ത്യക്കാര്‍ അതിന്റെ ആരാധകരാണ്. പ്രാദേശികമായ ഒരു സവിശേഷത വ്യാജവ്യാപാരത്തിന് എങ്ങനെ വിളനിലമൊരുക്കുന്നുവെന്ന് കള്ളപ്പൊന്നു വ്യാപാരം ഉദാഹരിക്കുന്നു.’ ഹെര്‍ബെര്‍ട്ട് ബ്രിയാന്റെ ഈ വാചകങ്ങള്‍ അറബിപ്പൊന്നിന്റെ അദ്ഭുതലോകത്തിലേക്കുള്ള കവാടങ്ങള്‍ തുറന്നിടുന്നു.
ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിന്റെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അദ്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥയാണ് അറബിപ്പൊന്നിലൂടെ എംടിയും എന്‍ പിയും പറഞ്ഞുവെച്ചത്. ഇന്നും പൊന്നുകടത്തിനും സ്മഗളിങിനും പേരുകേട്ട നാടാണിത്. മിക്ക ദിവസങ്ങളിലുമുണ്ടാകും സ്വര്‍ണ്ണക്കടത്തുകാരെ പിടിച്ച വാര്‍ത്തകള്‍. എളുപ്പത്തില്‍ പണം സമ്പാദിക്കാനായി കാട്ടിക്കൂട്ടുന്ന പൊന്നുകടത്തിലൂടെ രക്ഷപെടാം ഒരുപക്ഷേ പിടിക്കപ്പെടാം. അതുമല്ലെങ്കില്‍ നിരപരാധികളായ ചിലര്‍ ശിക്ഷിക്കപ്പെടുന്നതുകാണേണ്ടിയും വരാം. ഇങ്ങനെയൊക്കെയുള്ള കള്ളക്കടത്തുമാഫിയയുടെ അകക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്ന നോവലാണ് അറബിപ്പൊന്ന്.
വിശുദ്ധ ഖുറാനിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുതുടങ്ങുന്ന എട്ട് ഭാഗങ്ങാളായാണ് നോവല്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. വേരുകളില്‍ തുടങ്ങി ഉദയത്തില്‍ അവ അവസാനിക്കുന്നു. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഈ നോവല്‍ , എഴുതാനുണ്ടായ സാഹചര്യവും അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുമെല്ലാം ഒരാമുഖമെന്നമട്ടില്‍ എം ടി വിശദീകരിച്ചിട്ടുണ്ട്. ഇത് നോവലിലേക്കുള്ള നല്ല പ്രവേശനം കൂടിയാണ്. 1996 ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങിയ ഈ കൃതി അന്ന് ഏറെ ചര്‍ച്ചെയ്യപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും “അറബിപ്പൊന്നിന്” ആവശ്യക്കാര്‍ ഏറെയാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പുതിയപതിപ്പാണ് വിപണിയിലുള്ളത്.