അരനൂറ്റാണ്ടായി മലയാളിയുടെ ജീവിതത്തിൽ നിറഞ്ഞുനില്ക്കുന്ന സരസ്വതീപ്രസാദമാണ് സുഗതകുമാരി. മലയാള കാല്പനിക കവിതയുടെ ഹരിത ഭംഗി മുഴുവനായും ഒപ്പിയെടുത്ത സുഗതകുമാരിക്കവിതയുടെ സഫലമായ ഒരു സമാഹാരമാണ് തുലാവർഷപ്പച്ച. തെളിനീരുറവപോലെ ഒരിക്കലും വറ്റാത്ത മലയാള കവിതയുടെ ആനന്ദധാരയാണ് സുഗതകുമാരിയുടെ കവിതകള്‍ .മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ സ്‌നേഹിച്ച എഴുത്തുകാരി
വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയിൽ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള് ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകൾ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനുറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തിൽ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്ത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നിൽ തുറന്നിട്ടു.
ഉള്ളിൽ പഴയ കവിതതന്നീരടി-
തെല്ലു പോൽ നിൻ ചിരികാത്തു വെച്ചൂ
എത്ര ദശാബ്ദങ്ങൾ പിന്നിട്ടുപോയ് , നമ്മ-
ളെത്ര പണ്ടേ തമ്മിൽ വേർപിരിഞ്ഞു
വിളക്ക് ,സാരെ ജഹാം സെ അച്ഛാ , ‘അമ്മ , കാക്കപ്പൂവ് ,രാത്രി , നിശാശലഭം , പെൺകുഞ്ഞ് , , എല്ലാം വെറുതെ , ആന , തെരുക്കൂത്ത് , തുടങ്ങി , 34 കവിതകളാണ് തുലാവർഷപ്പച്ചയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാവ്യ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ തനതായൊരു പ്രപഞ്ചം കണ്ടെത്തുകയും അതിൽ സത്യസന്ധത പുലർത്തുകയും ചെയ്ത അനുഗ്രഹീതമായ വരദാനം ലഭിച്ച കവയിത്രിയാണ് സുഗതകുമാരി. തന്റെ പ്രേമത്തെ പറ്റിയും , തന്റെ ദുഖത്തെ പറ്റിയും , തന്റെ സ്വപ്നങ്ങളെയും , പ്രതീക്ഷയേയും പറ്റിയും , തന്റെ ആകുലതകളും , വിഹ്വലതകളും , മണ്ണും , മനുഷ്യനും , പ്രപഞ്ചവും ,അതിലെല്ലാമുപരി എപ്പോഴും തന്നോടൊപ്പമുള്ള കണ്ണനെ പറ്റിഎല്ലാം അവർ എഴുതി. അതാണ് സുഗത കുമാരിയുടെ പ്രപഞ്ചം.
ആ പ്രപഞ്ച വീക്ഷണത്തിൽ തെളിഞ്ഞു കാണുന്ന ചിത്രങ്ങളുടെ സമാഹാരമാണ് തുലാവർഷപ്പച്ച. സ്ഥലകാലങ്ങളെ അതിവർത്തിക്കുന്ന മനുഷ്യതയുടെ പ്രതിബിംബങ്ങൾ ഏറെയുണ്ട് ഈ കവിതകളിൽ. മലയാള കവിതയിലെ പാരമ്പര്യത്തിന്റെ മുഖ്യസ്രോതസ്സിനൊപ്പമുള്ള രചനാധാരയാണ് സുഗതകുമാരിയുടേത്. ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുന്നതല്ല അവരുടെ സർഗ്ഗ കൗതുകം. അതിനു അതിന്റെതായ ഭൂമികകളുണ്ട് , അതിന്റെതായ അവകാശങ്ങളുണ്ട്.അങ്ങിനെ സ്വകീയ പാരമ്പര്യത്തിന്റെ ഉണ്മ കണ്ടെത്തുന്ന ഉണ്മ കണ്ടെത്തുന്ന കവിതകളാണ് സുഗതകുമാരിയുടെ വരികൾ. മലയാള കവിതയുടെ വികാസപദങ്ങളിൽ കാലാതിവർത്തിയാം വണ്ണം തന്റെ പാദമുദ്രകൾ പതിപ്പിച്ച് സമ്പന്നമാക്കിയ പ്രതിഭയാണ് സുഗതകുമാരി. 1990 ഡിസംബറിൽ ആണ് തുലാവർഷപ്പച്ച ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇപ്പോൾ പുസ്തകത്തിന്റെ പതിനൊന്നാമത് പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.
സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980-പാതിരപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982-രാത്രിമഴ), ഓടക്കുഴല്‍ പുരസ്‌കാരം (1984-അമ്പലമണി), വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് (അമ്പലമണി), 2003ല്‍ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004ല്‍ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കുടാതെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.