ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ
കാരളിലെറിയുവതെന്തിനോ
അവളുടെ ഭംഗിയും ആ പാട്ടിന്റെ മധുര രാഗവും ചേർന്നുണ്ടാക്കിയ തിരയടി അയാളെ പ്രണയത്തിന്റെ നീലാകാശത്തിലേക്ക് എടുത്തെറിഞ്ഞു….. അയാൾ മന്ത്രിച്ചു ഹലി … ഹലിയോ ഹലി…. ഇവൾ തന്നെ ആയിരിക്കണേ എന്റെ തേൻ കൊതിച്ചി.
നിന്നെ ഞാൻ നീ എന്നും എടാ എന്നും കരടി എന്നും വിളിക്കും നീ എന്നെ തങ്കമേ എന്നും ചക്കരെ എന്നും കുട്ടാ എന്നും വിളിക്കും. ഇനിനിനക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ”
ഒരു മനുഷ്യസ്ത്രീയുടെ പ്രണയം കാമിച്ചു കഴിയുന്ന നിഷ്കളങ്കഹൃദയനും സുന്ദരനും അരോഗദൃഢഗാത്രനുമായ ഒരു കരടിയാണ് ഇവിടെ കഥാനായകന്‍. സസ്യലതാദി-ജന്തു ജീവി വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ കാട് ആണ് കഥാപശ്ചാത്തലം. തന്റെ കാമിനിയെ കണ്ടെത്തുന്നതിലുള്ള ആശയക്കുഴപ്പങ്ങളുമായി കരടി ദൈവത്തിനെ സമീപിക്കുകയാണ്. ഒരു തേന്‍കൊതിച്ചിപെണ്ണ് ആയിരിക്കണം തന്റെ ഇണ എന്ന് കരടി തീരുമാനിക്കുന്നു. അങ്ങനെ തേന്‍ കൊതിച്ചിയും സര്‍വാംഗസുന്ദരിയുമായ ഒരു പെണ്ണിനെ കണ്ടു പിടിക്കുന്നു നായകന്‍. അങ്ങനെ പ്രണയവിവശനായ കരടിക്ക് മനുഷ്യസ്ത്രീയോടു സംവദിക്കാന്‍ മനുഷ്യഭാഷയും മനുഷ്യഭാവവും കൈവരുന്നു.
സക്കറിയയുടെ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത ഒരു സുന്ദരകഥയാണ് തേൻ. ആഖ്യാനരീതിയിലെ വ്യത്യസ്ഥതകള്‍ കൊണ്ട് മലയാളികളെ എക്കാലത്തും വിസ്മയിപ്പിച്ച കഥാകാരന്‍ “തേന്‍” എന്ന തന്റെ പുതിയ കഥയിലും വേറിട്ട ഒരു ശൈലി സ്വീകരിച്ചിരിക്കുന്നു. കരടി, മനുഷ്യപെണ്ണിനെ കല്യാണം കഴിക്കുന്നതിനെപ്പറ്റിയുള്ള അമേരിക്കന്‍ ഗോത്രകഥ ഓര്‍മ്മിച്ചുകൊണ്ടെഴുതിയ തേന്‍, സിനമാകമ്പക്കാരനായ ഒരുവന്റെ കഥപറയുന്ന സിനിമാകമ്പം, മുടങ്ങാതെ മദ്യം സേവിച്ചുകൊണ്ടിരുന്ന ബാര്‍ പൂട്ടിയപ്പോള്‍ മദ്യപന്മാര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ വിവരിക്കുന്ന മദ്യശാല, റാണി, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, പണിമുടക്ക്, തുടങ്ങിയ ചെറുതും രസകരവുമായ ഒരു ഡസന്‍ കഥകളാണ് തേനില്‍ സമാഹാരിച്ചിരിക്കുന്നത്. അവയെല്ലാം സമകാലികപ്രസക്തിയുള്ള പ്രമേയങ്ങള്‍കൊണ്ടും ആഖ്യാനഭംഗികൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ്.
മലയാളി കളുടെ പ്രിയങ്കരനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ. ഡൽഹിയിൽ പ്രസാദകമാധ്യമ രംഗങ്ങളിൽ 20 വർഷത്തോളം പ്രവർത്തിച്ചിട്ടുള്ള സക്കറിയ രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാൽപതോളം കൃതികൾ രചിച്ചിട്ടുണ്ട്. തേനിന്റെ മൂന്നാം പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി