മലയാളസാഹിത്യത്തില്‍ കുഞ്ഞുണ്ണി എന്ന പേര് കഥാകൃത്തിന്റെ പേരിലും കഥാപാത്രത്തിന്റെ പേരിലും അനശ്വരമാണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. ആ ശ്രേണിയിലേയ്ക്ക് മിടുക്കനും സാഹസികനുമായ ഒരു കുഞ്ഞുണ്ണികൂടി കടന്നു വരുന്നു. അവധിക്കാലത്ത് വായിച്ചു രസിക്കാന്‍ ഒരു ത്രില്ലര്‍ നോവലായിരിക്കും എസ് ആര്‍ ലാലിന്റെ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം.
ആബേലച്ചന്റെ സ്‌നേഹഭവനത്തില്‍ കഴിയുന്ന ഒട്ടനവധി കുട്ടികളില്‍ ഒരാള്‍, അച്ചന് ഏറ്റവും പ്രിയപ്പെട്ടവന്‍, അതാണ് ജീവന്‍. സച്ചിന്‍ അവന്റെ അടുത്ത സുഹൃത്താണ്. കൈസറും ഷേര്‍ഷയുമൊക്കെ ആ സ്‌നേഹഭവനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. അവരുടെ സമാധാനപരമായ അന്തരീക്ഷത്തിലേയ്ക്കാണ് കുഞ്ഞുണ്ണി കടന്നു വരുന്നത്. ജീവനോട് കുഞ്ഞുണ്ണി തന്റെ ജീവിതകഥ പറയുന്നു. പക്ഷേ കഥ പൂര്‍ത്തീകിക്കും മുന്‍പ് കുഞ്ഞുണ്ണി അവിടെ നിന്നും അപ്രത്യക്ഷമാകുന്നു. ജീവന്‍ കുഞ്ഞുണ്ണിയെപ്പറ്റി കണ്ടെത്തുത്തുന്ന രഹസ്യങ്ങള്‍ സത്യമാണോ? കുഞ്ഞുണ്ണി ജീവനോട് പറയുന്ന തന്റെ കഥ വിശ്വസീനീയമാണോ?
ഒറ്റയിരുപ്പിന് വായിച്ചു തീരുന്ന പുസ്തകം. ഇതൊരു യാത്രാപുസ്തകമാണ്. കുഞ്ഞുണ്ണി എന്ന കൗമാരക്കാരന്റെ സാഹസിക യാത്ര. കുഞ്ഞുണ്ണി മലയാളത്തിലെ ഹക്ക്ള്‍ബറിഫിന്നാണെന്നു പറയാം. ഭാവനയുടെ അതിമനോഹരമായ ലോകമാണ് കഥാകാരന്‍ വരച്ചുകാണിക്കുന്നത്. മണിമലക്കൊട്ടാരം കടന്ന്്, കടലുകള്‍ താണ്ടി, മലകള്‍ കയറിയിറങ്ങി ആഫ്രിക്കന്‍ വനാന്തരത്തിലൂടെ കുഞ്ഞുണ്ണി യാത്ര ചെയ്യുന്നു. മാര്‍ത്താണ്ഡനും വൈശാഖനും മന്ത്രവാദിയായ മനമ്പാടിയും ആഫ്രിക്കന്‍ ബാലന്‍ രാമങ്കോലെയും കുറുപ്പുമെല്ലാം കുഞ്ഞുണ്ണിയുടെ യാത്രയുടെ കാരണങ്ങളും കണ്ടെത്തലുകളുമാണ്. ആ യാത്രയില്‍ ജനപ്രിയ സഞ്ചാരസാഹിത്യകാരനായ എസ് കെ പൊറ്റക്കാടിനെ കണ്ടുമുട്ടുന്നതും ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളുടെ വിവരണങ്ങളും നോവലില്‍ യാഥാര്‍ത്ഥ്യത്തിന്റെ ഛായ പകര്‍ത്തുന്നു. 2015ല്‍ മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച കുഞ്ഞുണ്ണിയുടെ യാത്രകളുടെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി.
എസ് ആര്‍ ലാല്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ‘ഗ്രന്ഥാലോകം’ മാസികയില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്യുന്നു. അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥയ്ക്കുള്ള യുവസാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭൂമിയില്‍ നടക്കുന്നു, ജീവിതസുഗന്ധി, എറണാകുളം സൗത്ത് (കഥകള്‍), ജീവചരിത്രം, കളിവട്ടം (നോവല്‍), തകഴി ( ജീവചരിത്രം), നര – മലയാളത്തിലെ വാര്‍ദ്ധക കഥകള്‍, 13 നവകഥകള്‍ (എഡിറ്റര്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.