“ഒരു പിടക്കോഴിയായ നീ അപാരമായ ആ കൃപാകാരുണ്യത്തിന്റെ നിഗൂഢമാര്‍ഗ്ഗങ്ങളെക്കുറിച്ച് എന്തറിയാന്‍.?നിന്റെ ഈ ജന്‍മം തന്നതും നിന്നെ ബന്ധനവിമുക്താക്കുന്നതും അതേ കൃപാകാരുണ്യം തന്നെ. ഉയര്‍ന്നു പറക്കുന്ന കഴുകനായല്ല, ഒരു പിടക്കോഴിയായിരിക്കുവാനാണ് എനിക്കിഷ്ടം. എന്തെന്നാല്‍ ഉയര്‍ന്നുപറക്കുന്ന കഴുകന്‍ എപ്പോഴും താഴോട്ടുതന്നെയാണ് നോക്കുന്നത്. എത്ര ഉയരത്തില്‍ പറക്കുന്നു എന്നതല്ല കാര്യം, ഉയരത്തിലെത്താനുള്ള നിന്റെ മോഹം എത്രകണ്ട് തീവ്രമാണെന്നതാണ്.”
ആത്മീയ ആചാര്യനും യോഗിയുമായ സദ്ഗുരു, നീലാകാശത്തില്‍ പറന്നുയരുന്ന കഴുകനെ നോക്കി അതുപോലാഗ്രഹിച്ചു നെടുവീര്‍പ്പെടുന്ന പിടക്കോഴിയായിപ്പോയി താനെന്ന് നടുവീര്‍പ്പെടുന്ന ശിഷ്യനു നല്‍കിയ മറുപടിയാണിത്. എവിടെ നിന്നു വരുന്നെന്നോ എവിടേക്കുപോകുന്നുവെന്നോ അറിയാന്‍ കഴിയാത്ത തികച്ചും ദയനീയമായ അവസ്ഥയാണ് അന്വേഷിയുടേത്. അത് അനുഭവിച്ചവര്‍ക്കുമാത്രമേ അറിയൂ. സദ്ഗുരു തന്റെ ശിഷ്യന്‍മാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ആത്മബോധവും പകര്‍ന്നുകൊടുക്കുകയാണ്.
പത്തുവര്‍ഷത്തെ കാലയളവില്‍ പല അവസരങ്ങളിലും ചുറ്റുപാടുകളിലും സദ്ഗുരു തന്റെ ഏറ്റവും അടുത്ത ശിഷ്യര്‍ക്കുപകര്‍ന്നുനല്‍കിയ വിജ്ഞാനത്തിന്റെ സമാഹരണമാണ് അറിവിനും അപ്പുറം. ഒരു സാധാരണവായനക്കാരനില്‍ ഇത് ഞെട്ടലോ, പ്രകോപനമോ,ഉദ്വേഗമോ, സന്തോഷമോ ചിലപ്പോള്‍ വിനോദമോ ഉളവാക്കാം. എന്നാല്‍ ഒരു അന്വഷിയുടെ നിഷ്‌കളങ്കവും തുറന്ന മനസ്സോടെയുമുള്ള സമീപനം അയാളുടെ ഉള്ളില്‍ അതിശയകരമായ ഒരുപരിണാമപ്രക്രിയ ഉണര്‍ത്താന്‍ പോന്നതാണ്.
” അന്വേഷിയുടെ വിഷമസന്ധി, ജ്ഞാനിയുടെ സവിധത്തില്‍, ഒരേയൊരു ബന്ധനം, ശരീരത്തിന്റെ വിഷമസ്ഥിതി, യൊഗിയുടെ കര്‍മ്മമണ്ഡലം, പരലോകത്തിലെ ആത്മാക്കള്‍, അനന്തരൂപി” തുടങ്ങി ഏഴ് അദ്ധ്യായങ്ങളിലായാണ് സദഗുരു തന്റെ ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കിയ വിവരങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. കൂടാതെ സദ്ഗുരുവിന്റെ വാക്കുകള്‍ തനതുരൂപത്തില്‍ പുനരാവിഷ്‌കരിക്കാനായി, സംസ്‌കൃതത്തില്‍ നിന്നും ഇന്ത്യന്‍ ഭാഷകളില്‍ നിന്നും അദ്ദേഹം വ്യാപകമായി ഉപയോഗിച്ചിട്ടുള്ള വാക്കുകളും പ്രയോഗശൈലിയും അതേപടി പിന്‍കുറിപ്പായി നല്‍കിയിട്ടുമുണ്ട്.
അറിവിനും അപ്പുറം എന്ന പുസ്തകത്തിന്റെ ഒരോ അദ്ധ്യോയത്തിന്റെ തുടക്കവും സദ്ഗുരുവിന്റെ കവിതാശകലങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലൊരാളായ സ്വാമി നിസര്‍ഗയാണ് ആമുഖവും പിന്‍കുറിപ്പും തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ വിവര്‍ത്തനം തയ്യാറാക്കിയിരിക്കുന്നത് പി വേലായുധന്‍ പിള്ളയാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം വിപണിയില്‍ ലഭ്യമാണ്.
ഡി സി ബു്ക്‌സ് പ്രസിദ്ധീകരിച്ച സദ്ഗുരുവിന്റെ മറ്റ് കൃതികള്‍…