ആകാംക്ഷനിറഞ്ഞ ആക്ഷന്‍രംഗങ്ങള്‍കൊണ്ട് മലയാളിക്ക് വിസ്മയക്കാഴ്ചകളുടെ വിരുന്നൊരുക്കിയ,100 കോടി കളക്ഷന്‍ നേടിയ ചിത്രവും, 150 കോടി പിന്നിട്ട സിനിമയുമായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ 100 ദിവസം പിന്നിട്ടതിന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ ആഘോഷിക്കുമ്പോള്‍ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയ സിനിമയെക്കുറിച്ച് പുസ്തകവും പുറത്തിറങ്ങുകയാണ്. പുലിമുരുകന്‍; ബോക്‌സ് ഓഫീസിലൊരു ഗര്‍ജ്ജനം എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകനായ ടി അരുണ്‍കുമാറാണ് പുസ്തകം തയ്യാറാക്കുന്നത്.
മോഹന്‍ ലാലിന്റെയും സാങ്കേതിക പ്രവര്‍ത്തകരുടെയുമൊക്കെ അഭിമുഖങ്ങള്‍ കോര്‍ത്തിണക്കി മൂന്നു ഭാഗങ്ങളായിട്ടാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് എഴുത്തുകാരന്റെ സ്വതന്ത്ര നിരീക്ഷണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ആദ്യഭാഗം. എന്തുകൊണ്ട് ചിത്രം ബോക്‌സ് ഓഫീസ് ഇളക്കിമറിച്ചു എന്നതിന്റെ സാമൂഹ്യ മന:ശാസ്ത്രവും ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളുടെ വസ്തുനിഷ്ഠപരമായ വിലയിരുത്തലും ഇവിടെ വായിക്കാം. സംവിധായകന്‍ വൈശാഖുമായുള്ള ദീര്‍ഘസംഭാഷണമാണ് രണ്ടാം ഭാഗം. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ താന്‍ നേരിട്ട വെല്ലുവിളികളും സമ്മര്‍ദ്ദങ്ങളുമൊക്കെ സംവിധായകന്‍ വായനക്കാരോട് സംവദിക്കുന്നു. പുലിയുടെ ചലനങ്ങള്‍ ക്യാമറയിലൊതുക്കാന്‍ ഇരുപതുദിവസത്തോളം തായ്‌ലന്‍ഡിലെ കാടുകളില്‍ കഴിഞ്ഞതും പാതിവഴിയില്‍ പടം വഴിമുട്ടുമെന്ന നിലവന്നതും അഥവാ ചിത്രം പുറത്തിറങ്ങി പരാജയപ്പെട്ടാല്‍ സിനിമ ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതുമൊക്കെ വൈശാഖ് തുറന്നു പറയുകയാണിവിടെ.
മോഹന്‍ ലാലിന്റെയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണന്റെയും ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനിന്റെയും കാമറാമാന്‍ ഷാജി കുമാറിന്റെയുമൊക്കെ സംഭാഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് മൂന്നാം ഭാഗം. ബാഹുബലിക്ക് ശബ്ദമൊരുക്കിയ പി എന്‍ സതീഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുലിമുരുകന്‍ അനുഭവങ്ങള്‍ വിവരിക്കുന്നു. വിഎഫ്എക്‌സ് ടീമിന്റെ ഓര്‍മ്മകള്‍ കൂടിയാകുമ്പോള്‍ സാങ്കേതിക വിദ്യയുള്‍പ്പെടെ സിനിമയുടെ സമഗ്ര കൗതുകങ്ങളിലേക്കാവും തികിച്ചും സാധാരണക്കാരായ പ്രേക്ഷകരെ പുസ്തകം വഴി നടത്തുക. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഏപ്രില്‍ ആദ്യവാരം തന്നെ വിപണിയിലെത്തും.