ചൂതാട്ടം…! ഒരിക്കല്‍ ആവേശിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒഴിപ്പിക്കാന്‍ പറ്റാത്തവണ്ണം ആത്മാവിനോട് ഒട്ടിച്ചേരുന്ന മനുഷ്യമനസ്സിന്റെ വിശകലനാതീതമായ അസംഖ്യം ബാധകളില്‍ ഒന്ന്…! പുണ്യപുരാതനകാലം മുതല്‍മനുഷ്യനില്‍ ബാധിച്ച ആവേശത്തിന്റെ പ്രതീകമാണ് ചൂതാട്ടം.
ചൂതുകളി എന്ന് കേള്‍ക്കുമ്പോഴെ നമ്മുടെ മനസ്സില്‍ ഒടിയെത്തുന്നത് മഹാഭാരത യുദ്ധത്തിനുതന്നെ ഹേതുവായി തീര്‍ന്ന ചൂതാട്ടത്തിന്റെ..പകടികളിയുടെ കഥയും നിരവധിരാജാക്കന്മാരുടെയും പ്രജകളുടെയും എന്തിന് ശക്തരായ അഞ്ച് ഭര്‍ത്താക്കന്‍മാരുടെയും മുന്നില്‍വച്ച് അന്യപുരഷുരുഷനാല്‍ വിവസ്ത്രയാക്കപ്പെട്ട പാഞ്ചാലിയുടെ മുഖവുമാമാണ്…! അന്ന് നളനും പാണ്ഡവരും. ഇന്ന് നമ്മുടെ മക്കളും ബന്ധുജനങ്ങളും ചൂതാട്ടത്തിന്റെ വലയിലകപ്പെട്ട് കുടുംബവും സ്വത്തുക്കളും നശിപ്പിക്കുന്നു.
പറഞ്ഞുവരുന്നത് നമ്മുടെ മലയാളസംസ്‌കൃതിയുടെ പുറംകാഴ്ചകളോടൊപ്പം നാട്ടുത്സവങ്ങളുടെ വെളിമ്പറമ്പുകളില്‍ അരങ്ങേറുന്ന ചൂതാട്ടങ്ങളെക്കുറുച്ചാണ്. ചീട്ടുകളിയും കോഴിപ്പോരും ഒക്കെയായി നിരവധി ഗാംബ്ലിങ് കലകളുണ്ട് ഇവിടെ. അത്തരം കളികളുടെ കഥകളും കാണാക്കാഴ്ചകളും അന്വേഷിക്കുകയാണ് വെയ് രാജ വെയ് എന്ന പുസ്തകം. കേരളം 60 പരമ്പരയിലൂടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് വെയ് രാജ വെയ്..
കേരളത്തിലെ വടക്കേജില്ലയായ..രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ജാഥപുറപ്പെടാന്‍ നിശ്ചയിച്ച കാസര്‍കോടുനിന്നുമാണ് ഈ പുസ്തകം ആരംഭിക്കുന്നത്. കന്നട,തുളു തമിഴ് , മലയാളം തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരുടെ സംഗമ സ്ഥാനമായ കാസര്‍കോട് ജില്ലയിലെ കാഞ്ഞിരമരച്ചോട്ടിലെ (കാഞ്ഞിരത്തോട്) ഒരു മഡ്ക കളത്തില്‍ നിന്നാണ്.. കാസര്‍കോട്ട് നഗരപ്രദേശങ്ങളിലും ഉള്‍ഗ്രമാങ്ങളിലുമുള്ള തട്ടുകടകള്‍പോലെയുള്ള ആവാസസ്ഥങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന തട്ടിപ്പുലോട്ടറികളാണ് മഡ്ക. പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള സംഖ്യകള്‍ പതിച്ച ചെറുപന്തുകള്‍ ഒരു കുടത്തിലിട്ട് കറക്കി അതില്‍ നിന്നും ഏതെങ്കിലും ഒരു സംഖ്യ തെരഞ്ഞെടുക്കും. അതാണ് ഓപ്പണ്‍ നമ്പര്‍. നമ്പറുകള്‍ പതിച്ച പന്തുകള്‍ കുടത്തിലിട്ട് കറക്കുന്നതുകൊണ്ടാണ് ഈ കളിക്ക് മഡ്ക എന്ന പേരുവന്നത്. ഓപ്പണിങ്ങിലെയോ ക്ലോസിങ്ങിലെയോ ഒറ്റനമ്പറില്‍ ഭാഗ്യം പരീക്ഷിക്കുകയാണെങ്കില്‍ ഒന്നിന് ഏഴുരൂപവെച്ച് കിട്ടും. ഇരുപൂജ്യം മുതല്‍ തൊണ്ണൂറ്റിയൊന്‍പതു വരെയുള്ള ഇരട്ടനമ്പറില്‍ ഭാഗ്യം സിദ്ധിച്ചാല്‍ ഒരു രൂപയ്ക്ക് എഴുപതുകിട്ടും. മുപ്പത് ശതമാനം കമ്മീഷന്‍ നടത്തിപ്പുകാര്‍ക്കും ഏജന്റുമാര്‍ക്കും. പ്രദേശത്തെ സകല ഇലക്ട്രിക്‌പോസ്റ്റിനടിയിലും കളിക്കാരില്‍ നിന്ന് പണവും നമ്പരും ശേഖരിക്കുന്ന ഒരു ഏജെന്റ് വീതം കാണും. അത്രമേല്‍ വ്യാപകമാണ് കാസര്‍കോട്ടെ മഡ്ക.
പാവപ്പെട്ടവനും ഇതരസംസ്ഥാനതൊഴിലാളികളുമാണ് ഈ കളികളില്‍ ഏര്‍പ്പെടുന്നത്. ദിവസം ഒന്നോ രണ്ടോ നറുക്കെടുപ്പ് നടത്തും. സുതാര്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പോലീസിന്റെ കണ്ണെവെട്ടിച്ചുമാണ് നറുക്കെടുപ്പ് നടത്തുന്നത്. ഒരു ബദല്‍ മണമിടപാട് ബാങ്കുപോലെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളില്‍ ലക്ഷങ്ങളുടെ വിനിമയമാണ് നടത്തുന്നത്. ഇത് കാസര്‍കോട്ടെ കാര്യംമാത്രമാണ്. ഇങ്ങനെ തന്നെയാണ് കേരളത്തിലെ തെക്കോട്ടുള്ള ജില്ലകളിലും. കോസര്‍കോട്ട് മഡ്കയാണെങ്കില്‍ ഇവിടങ്ങളില്‍ ചീട്ടുകളിയും പകിടകളിയും ആണെന്നുമാത്രം. പോരാത്തതിന് സാമൂഹ്യസേവനരംഗത്ത് പണംമുടക്കാനെന്ന് പറഞ്ഞ് സര്‍ക്കാര്‍ തുടക്കമിട്ട ലോട്ടറിയും ഇതിലൊന്നാണ്. പെട്ടന്ന് പണക്കാരനാകാനുള്ള ആവേശംമൂത്ത് ലോട്ടറികള്‍ വാങ്ങി നശിച്ചുപോയവ്യക്തികളുമുണ്ട്. എന്നാല്‍ ലോട്ടറിയിലൂടെ രക്ഷപിടിച്ചവരും ഉണ്ട്. നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ നല്ലതും ചീത്തയുമായ വശങ്ങളാണ് ചൂതാട്ടത്തിനുപിന്നിലുള്ളതെന്നും വെയ് രാജാ വെയ് മലയാളിയുടെ ചൂതാട്ടങ്ങള്‍ എന്ന പുസ്തകം തുറന്നുകാട്ടുന്നു… ഒപ്പം ചൂതാട്ടത്തിലെ വ്യക്തി, സമൂഹതലത്തിലേക്ക് വികസിക്കുമ്പോള്‍ ഉടലെടുക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളുടെ വിവരണങ്ങളും നമ്മുക്ക് കാട്ടിത്തരുന്നു.
കാസര്‍കോട് സ്വദേശിയും സ്പാനിഷ് കമ്പനിയായ അല്‍ക്കാഡിലെ ഇന്ത്യന്‍ പ്രതിനിധിയുമായ ജയന്‍ മങ്ങാടാണ് മലയാളിയുടെ ചൂതാട്ടങ്ങളുടെ ചരിത്രം പങ്കുവെക്കുന്ന വെയ് രാജാ വെയ്
തയ്യാറാക്കിയത്.