ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 സ്ത്രീകളിൽ ഒരാളാണ് ഫേസ്ബുക് സിഇഒ ഷെറിൽ . ഒരു സ്ത്രീയ്ക്ക് കൈവരിക്കാവുന്ന അഭിമാനാർഹമായ പദവിയിലിരുത്തിക്കുമ്പോഴും തന്നെ വേട്ടയാടിയ ദൗർഭാഗ്യങ്ങളെക്കുറിച്ച് , എല്ലാം തരണം ചെയ്ത് ജീവിതവിജയം നേടിയ വഴികളെ കുറിച്ച് മനസ് തുറക്കുകയാണ് ഫേസ്ബുക് സി ഇ ഒ ഷെറിൽ സാൻഡ്ബർഗ്. ഷെറിന്റെ ഓപ്‌ഷൻ ബി എന്ന പുസ്തകം പുറത്തിറങ്ങും മുൻപേ വാർത്തകളിൽ ഇടം നേടുന്നു.
2015 ൽ ഭർത്താവിന്റെ പെട്ടെന്നുള്ള നിര്യാണത്തോടെ താളം തെറ്റിയ ഷെറിൽ തന്റെ ജീവിതത്തെ തിരിച്ചു പിടിച്ച പ്രചോദനാത്മകമായ ചിന്തകളും , വഴികളും , ജീവിതാനുഭവങ്ങളുമാണ് ഓപ്‌ഷൻ ബി. തന്റെ കുഞ്ഞിന് അച്ഛന്റെ സാന്നിധ്യവും സ്നേഹലാളനകളും നഷ്ടപ്പെടുമല്ലോ എന്ന സങ്കടം സഹപ്രവർത്തകനോട് പങ്കുവച്ചപ്പോൾ അയാൾ പറഞ്ഞ മറുപടിയാണ് പുസ്തകത്തിന്റെ തലക്കെട്ടായി മാറിയത് എന്ന് ഷെറിൽ പറയുന്നു. ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമുക്ക് ഒരു ഓപ്‌ഷൻ ബി തിരഞ്ഞെടുക്കേണ്ടി വരും എന്നായിരുന്നു ആ മറുപടി. പ്രതിസന്ധികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച ഷെറിൽ 2012 ൽ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഷെറിൽ ഇടം നേടിയിരുന്നു.
നഷ്ടങ്ങളുടെ വേദനയോടു പൊരുത്തപ്പെട്ട് ജീവിതം വീണ്ടും തുടങ്ങാൻ തനിക്ക് പ്രചോദനം നൽകിയ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിൽ . ഒപ്പം കർമമേഖലകളിൽ താൻ കണ്ടുമുട്ടിയ, ജീവിതപ്രതിസന്ധികളെ തരണം ചെയ്ത, വ്യക്തികളുടെ കുറിപ്പുകളും, മനഃശാസ്ത്ര ലേഖനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തെ പരിചയപ്പെടുത്തി ഷെറിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ പോസ്റ്റ് വൈറലായിരുന്നു. ഏപ്രിൽ 24 ന് പുസ്തകം ആഗോള വിപണിയിലെത്തും.