മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് ‘ദി ആല്‍കെമിസ്റ്റ്’. 1988 ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, സാഹിത്യ ലോകത്ത് വിസ്മയം തീര്‍ത്ത ഈ കൃതി ഇതിനകം എഴുപതിലധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞു. ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിച്ച ദി ആല്‍കെമിസ്റ്റ് 2000 ലാണ് ഡിസി ബുക്‌സ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ച്. ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന കൃതിയാണ് ആല്‍കെമിസ്റ്റ്.
ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന ഏഴുത്തുകാരന്റെ പുസ്തകം എന്ന ബഹുമതി നേടിയ ആല്‍കെമിസ്റ്റ് ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറയുന്ന പുസ്തകമാണ്. ആട്ടിന്‍ പറ്റത്തെ മേയിച്ചു നടന്ന സാന്റിയാഗോ എന്ന ഇടയബാലന്‍ ഒരു സ്വപ്‌ന ദര്‍ശനത്തിന്റെ പ്രേരണയില്‍ നിധി തേടി നടത്തുന്ന യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്.
തന്നെ ഒരു കുട്ടി ഈജിപ്റ്റിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതായും പിരമിഡുകളുടെ സമീപത്തുള്ള നിധികാട്ടിക്കൊടുക്കുകയും ചെയ്യുന്നതായി സാന്റിയാഗോ സ്വപ്‌നം കാണുന്നു. ഈ സ്വപ്‌ന ദര്‍ശനത്തിന്റെ പ്രേരണയില്‍ അവന്‍ യാത്ര തിരിക്കുന്നു. സ്‌പെയിനില്‍ നിന്നും ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്റ്റ് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീഷ്ണമായതും ഭയപ്പെടുത്തുന്നതുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഡതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി മനസ്സില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് നോവലിനെ ഇത്രയേറെ ജനപ്രിയമാക്കിയത്. മാത്രമല്ല നമ്മുടെ ലക്ഷ്യത്തിലൊത്താന്‍ നമ്മള്‍ അതികഠിനമായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ലക്ഷ്യപ്രാപ്തിയിലെത്താന്‍ ഈ ലോകം തന്നെ നമ്മെ സഹായിക്കും എന്ന ശുഭ ചിന്തയാണ് സാന്റിയാഗോയിലൂടെ പൗലോ കൊയ്‌ലോ വായനക്കാരന് പറഞ്ഞുതരുന്നത്.
വായനക്കാരുടെ ജീവിതത്തിലും മനസിലും ശുഭചിന്ത നിറയ്ക്കാന്‍ പര്യാപ്തമായ ഈ രചനാശൈലിയാണ് ആല്‍കെമിസ്റ്റിനെയും അതിലൂടെ പൗലോ കൊയ്‌ലോയെയും മുന്‍നിരയിലെത്തിച്ചത്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി തിരഞ്ഞെടുത്തുനല്‍കാവുന്ന ഒരു ഉത്തമവഴികാട്ടിയായ ഈ പുസ്തകം രമാമേനോനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. പൗലോ കൊയ്‌ലോയെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന ഡോ. കെ എം വേണുഗോപാലിന്റെ പഠനവും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. ഇപ്പോഴും വിവര്‍ത്തന കൃതികളില്‍ ബെസ്റ്റ് സെല്ലറായി തുടരുന്ന ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ആല്‍കെമിസ്റ്റിന്റെ 38-ാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
പൗലോ കൊയ്‌ലോയുടെ ബ്രിഡ, സഹീര്‍, വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു, പീദ്ര നദിയോരത്തിനുന്നു ഞാന്‍ തേങ്ങി ചാരസുന്ദരി തുടങ്ങി അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളെല്ലാം ഡി സി ബുക്‌സ് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.