ഏറിയാല്‍ ഒരു വ്യാഴവട്ടക്കാലം കാവ്യരംഗത്ത് സജീവമായി വ്യാപരിക്കുകയും അതുവഴി കേരളീയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അംശമായി മാറുകയും ചെയ്ത കവിയാണ് വയലാര്‍. ഗാനങ്ങളെ കവിതകളാക്കുകയും, കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത മഹാപ്രതിഭ. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്ത് അലഞ്ഞുനടന്ന ആ കവിഹൃദയത്തിന്റെ പൂര്‍ണ്ണാവിഷ്‌കാരമാണ് വയലാര്‍ കൃതികള്‍ എന്ന ബൃഹദ്ഗ്രന്ഥം. വയലാര്‍ രചിച്ച എല്ലാ കവിതകളും തിരഞ്ഞെടുത്ത സിനിമ, നാടക ഗാനങ്ങളും ഉള്‍പ്പെടുത്തിയ ഈ കൃതി മലയാളത്തിന് ലഭിച്ച അനുഗ്രഹമാണ്.
1976ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് അന്നുവരെ കണ്ടെടുത്ത വയലാര്‍ കവിതകളും തിരഞ്ഞെടുത്ത 1001 ഗാനങ്ങളും ചേര്‍ത്ത് ആദ്യമായി വയലാര്‍ കവിതകള്‍ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിലെ കവിതകള്‍ മാത്രം ചേര്‍ത്ത് വയലാര്‍ കവിതകള്‍ എന്നപേരില്‍ 1984ലും 1988ലും വീണ്ടും കൃതികള്‍ പുറത്തിറങ്ങി.
1976ല്‍ പുറത്തിറങ്ങിയ വയലാര്‍ കൃതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഡി സി ബുക്‌സ് 1995ല്‍ വയലാര്‍ കൃതികള്‍ പുറത്തിറക്കിയത്. വയലാറിന്റെ 13 കവിതകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. 157 പ്രസിദ്ധ ഗാനങ്ങള്‍ കൂടി പരിഷ്‌കരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തി. ഒപ്പം ഓരോ ഗാനവും ഏത് സിനിമയിലെ അല്ലെങ്കില്‍ നാടകത്തിലേതാണെന്നും, ഗായകനും സംഗീത സംവിധായകനും ആരാണെന്നും ഉള്ള വിവരങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. പ്രീപബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ ആദ്യം പുറത്തിറങ്ങിയ ഡി സി പതിപ്പിനെ വലിയ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്.
കവിത, ഗാന വിഭാഗങ്ങള്‍ക്ക് ഒ എന്‍ വി കുറുപ്പ് എഴുതിയ അവതാരികകള്‍ , എന്‍ വി കൃഷ്ണവാര്യര്‍ , ജി.ശങ്കരക്കുറുപ്പ്. ജോസഫ് മുണ്ടശേരി, എം കെ സാനു എന്നിവര്‍ എഴുതിയ പഠനങ്ങള്‍ തുടങ്ങിയവ ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു.
വയലാറിന്റെ മരണവാര്‍ത്തയറിഞ്ഞ് പ്രിയ സ്‌നേഹിതനായ ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഇങ്ങനെ എഴുതി
‘നീ ഈ നാടിന്റ ഗാനമായി,
ജ്വാലയായി, ലഹരിയായി, ഉന്‍മാദമായി.
ഒടുവില്‍ നീ യാത്രപറഞ്ഞു പോയപ്പോള്‍
കരയാനറിയാത്ത ദൈവങ്ങളും
കരയാന്‍മാത്രം പഠിച്ച ഞങ്ങളും
കണ്ണീരൊഴുക്കി
നീ മലയാളഭാഷയുടെ അഭിമാനമാണ്
നീ എന്നും അതായിരിക്കും… നിനക്ക് മരണമില്ല..’
അതെ… വയലാറിന് മരണമില്ല. അദ്ദേഹം അവശേഷിപ്പിച്ചു പോയ കാവ്യസുഗന്ധത്തിനും.